ബേസിൽ ജോസഫ്, നസ്രിയ നസീം എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച സൂക്ഷ്മദർശിനി തിയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്. ചിത്രം ഇതിനകം തന്നെ 50 കോടി ക്ലബ്ബിലെത്തിയിരിക്കുകയാണ്. ബേസിൽ, നസ്രിയ എന്നിവരുടെ കരിയറിലെ ഏറ്റവും വലിയ വിജയമായി മാറിയിരിക്കുകയാണ് ഈ സിനിമ. എം സി ജിതിൻ സംവിധാനം ചെയ്തിരിക്കുന്ന ‘സൂക്ഷ്മദര്‍ശിനി’ നവംബർ 22നാണ് തിയേറ്ററുകളിലെത്തിയത്. റിലീസ് ചെയ്ത എല്ലാ കേന്ദ്രങ്ങളിലും പ്രേക്ഷകരുടേയും നിരൂപകരുടേയും പൂർണ്ണ പിന്തുണയോടെ ഹൗസ്‍ഫുൾ ഷോകളുമായാണ് ചിത്രം മുന്നേറുന്നത്.
തിയേറ്ററുകളിൽ വൻ സ്വീകാര്യത നേടിയ ചിത്രം എപ്പോൾ ഒ.ടി.ടിയിൽ എത്തും എന്ന ചർച്ചകൾ ആണ് ഇപ്പോൾ പുരോഗമിക്കുന്നത്. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറാണ് ചിത്രത്തിന്റെ ഡിജിറ്റൽ റൈറ്റ് സ്വന്തമാക്കിയിരിക്കുന്നത്. എന്നാല്‍ എപ്പോഴായിരിക്കും ചിത്രം ഒടിടിയില്‍ എത്തുക എന്നതില്‍ വ്യക്തത ഉണ്ടായിട്ടില്ല. ആദ്യമായി ബേസിലും നസ്രിയയും ഒന്നിച്ച ചിത്രം ആണ് സൂക്ഷ്‍മദര്‍ശിനി. ഇവരുടെ കെമിസ്‍ട്രി വര്‍ക്കായപ്പോള്‍ സിനിമ കളക്ഷൻ റെക്കോർഡുകൾ മറികടക്കുകയായിരുന്നു.
അയൽവാസികളായ പ്രിയദര്‍ശിനി, മാനുവൽ എന്നീ കഥാപാത്രങ്ങളായാണ് ചിത്രത്തിൽ നസ്രിയയും ബേസിലും എത്തിയിരിക്കുന്നത്. ഇരു താരങ്ങളുടെയും ഇതുവരെ കാണാത്ത മാനറിസങ്ങളും പ്രകടനങ്ങളുമാണ് സിനിമയുടെ ഹൈലൈറ്റ്. ഇവർക്ക് പുറമേ ദീപക് പറമ്പോല്‍, സിദ്ധാർത്ഥ് ഭരതൻ, കോട്ടയം രമേശ്, അഖില ഭാർഗവൻ, പൂജ മോഹൻരാജ്, മെറിൻ ഫിലിപ്പ്, മനോഹരി ജോയ്, ഹെസ്സ മെഹക്ക്, ഗോപൻ മങ്ങാട്, ജയ കുറുപ്പ്, റിനി ഉദയകുമാർ, ജെയിംസ്, നൗഷാദ് അലി, അപർണ റാം, സരസ്വതി മേനോൻ, അഭിറാം രാധാകൃഷ്ണൻ തുടങ്ങിയവരും ശ്രദ്ധേയ വേഷങ്ങളിലുണ്ട്.