Entertainment

ഐ.എഫ്.എഫ്.കെ.അവധി ദിനം മറന്ന് പ്രേക്ഷകര്‍, തിങ്ങി നിറഞ്ഞു തിയേറ്ററുകള്‍

കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ മൂന്നാം ദിനം എല്ലാ തിയേറ്ററുകളിലും തിങ്ങി നിറഞ്ഞ കാണികള്‍ക്കു മുന്നിലായിരുന്നു പ്രദര്‍ശനം. പ്രദര്‍ശിപ്പിച്ച എല്ലാ ചിത്രങ്ങള്‍ക്കും മികച്ച ജനസ്വീകാര്യത ലഭിച്ചു. കൈരളി, അജന്ത, ടാഗോര്‍, കലാഭവന്‍ തീയേറ്ററുകളില്‍ ചലച്ചിത്രാസ്വാദകരുടെ വലിയ തിരക്കായിരുന്നു. വ്യത്യസ്തമായ കഥകളും അവതരണ ശൈലിയുമാണു മേളയിലെ സിനിമകളെ ജനപ്രിയമാക്കുന്നത്. ഞായറാഴ്ചയായതിനാല്‍ പ്രേക്ഷക പങ്കാളിത്തം ഇരട്ടിച്ചു.

ലോക സിനിമ വിഭാഗത്തിലെ ലൂക്കാ ഗ്വാഡഗ്‌നിനോയുടെ ക്വീറിന് വലിയ ജനപങ്കാളിത്തമാണ് അജന്താ തീയേറ്ററിലുണ്ടായത്. മെക്‌സിക്കന്‍ പശ്ചാത്തലത്തില്‍ ഒരുക്കിയ ചിത്രം, സ്വവര്‍ഗ ബന്ധങ്ങളുടെ സങ്കീര്‍ണതകളും അവരനുഭവിക്കുന്ന ആത്മസംഘര്‍ഷങ്ങളുമാണു ചര്‍ച്ചചെയ്യുന്നത്. മത്സര വിഭാഗത്തിലെ സ്പാനിഷ് ചിത്രം ‘മെമ്മറിസ് ഓഫ് എ ബെണിങ് ബോഡി’ നിറഞ്ഞ കൈയടികളോടെയാണ് ചിത്രത്തെ പ്രേക്ഷകര്‍ സ്വീകരിച്ചത്. ഓയില്‍ ഇന്ത്യ ലിമിറ്റഡിന്റെ ‘ഭാഗ്ജാന്‍’ ഫീല്‍ഡില്‍ 2020ല്‍ നടന്ന ദുരന്തത്തിന്റെ പശ്ചാത്തലത്തിലാണ് ജയിച്ചേങ് ‘ഭാഗ്ജാന്‍’ ഒരുക്കിയത്. ഡോക്യുമെന്ററി ശൈലിയില്‍ എടുത്ത സിനിമയില്‍ കൂടുതലും അഭിനയിച്ചത് ദുരന്ത ബാധിതരാണ്. ജയന്‍ ചെറിയാന്റെ ‘റിതം ഓഫ് ദമ്മം, കലേഡോസ്‌കോപ്പ് വിഭാഗത്തില്‍ അഫ്രാത് വി.കെ. സംവിധായം ചെയ്ത റിപ്‌റ്റൈഡ്, ഫാസില്‍ മുഹമ്മദിന്റെ ഇന്റര്‍നാഷണല്‍ കോമ്പറ്റിഷന്‍ വിഭാഗത്തിലുള്ള ‘ഫെമിനിച്ചി ഫാത്തിമ’ എന്നിവ മൂന്നാം ദിനത്തില്‍ പ്രേക്ഷകരുടെ മനം കീഴടക്കി.