മേളയിലെ പ്രധാന ആകര്‍ഷണമായ അന്താരാഷ്ട്ര മത്സര വിഭാഗത്തില്‍ ഇത്തവണ രണ്ടു മലയാള ചിത്രങ്ങളാണ് പ്രദര്‍ശിപ്പിക്കുന്നത്. ഇന്ദു ലക്ഷ്മിയുടെ ‘അപ്പുറവും’ ഫാസില്‍ മുഹമ്മദ് സംവിധാനം ചെയ്ത ‘ഫെമിനിച്ചി ഫാത്തിമയും’ ഇതിനോടകം മികച്ച പ്രേക്ഷക പ്രതികരണങ്ങളാണ് രണ്ടു ചിത്രങ്ങളും നേടിയത്. സ്ത്രീകളുടെ കഥ പറയുന്ന സ്ത്രീകള്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഈ രണ്ടു ചിത്രങ്ങളും ഈ വര്‍ഷത്തെ രാജ്യാന്തര ചലച്ചിത്ര മേളയുടെ സ്ത്രീപക്ഷ നിലപാടിന്റെ പ്രതിഫലനം കൂടിയാണ്.
ചെറുപ്പം മുതല്‍ എഴുത്തില്‍ അഭിരുചിയുണ്ടായിരുന്ന തനിക്കു സിനിമ എന്ന മാധ്യമത്തിലൂടെ സര്‍ഗാത്മകതയെ മറ്റൊരു തലത്തിലേക്ക് എത്തിക്കാന്‍ സാധിച്ചതായി സംവിധായിക ഇന്ദു ലക്ഷ്മി പറയുന്നു. അതിനുള്ള ഊര്‍ജം തന്നതു സിനിമ മേഖലയാണ്. ഹ്രസ്വ ചിത്രങ്ങളിലൂടെ സിനിമാമേഖലയിലേക്ക് കടന്നു വന്ന തനിക്ക് സിനിമയിലൂടെ കഥപറയാന്‍ എന്നും ആവേശമുണ്ടായിരുന്നു. സിനിമ കാണുന്നതു പോലെ തന്നെ സിനിമയുടെ ചിത്രീകരണവും ഏറെ ആസ്വദിച്ചാണ് ചെയ്യുന്നത്. അണിയറ പ്രവര്‍ത്തകരും എന്നെ ഏറെ സഹായിച്ചിട്ടുണ്ട്. പരിമിതമായ സാഹചര്യങ്ങള്‍ക്കുള്ളില്‍ നിന്നും വളരെ കുറച്ച് ദിവസങ്ങള്‍ക്കുള്ളിലാണ് അപ്പുറം എന്ന സിനിമ ചിത്രീകരിച്ചത്’ എഴുത്തുകാരിയും സംവിധായികയുമായ ഇന്ദു ലക്ഷ്മി പറഞ്ഞു.
അമ്മയോടുള്ള സ്‌നേഹത്തിനും അവരെ നഷ്ടപ്പെടുമെന്ന ഭയത്തിനുമിടയില്‍ അകപ്പെട്ട ഒരു കൗമാരക്കാരിയുടെ കഥയാണ് ചിത്രം. സമകാലിക സാമൂഹിക സാഹചര്യത്തില്‍ ഒരു പെണ്‍കുട്ടി നേരിടാന്‍ സാധ്യതയുള്ള എല്ലാ വിഷയങ്ങളെയും പറ്റി ചിത്രം കൃത്യമായി ചര്‍ച്ച ചെയ്യുന്നു. അനഘ രവി, ജഗദീഷ്, മിനി ഐ ജി തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നത്
നവാഗത സംവിധായകന്‍ ഫാസില്‍ മുഹമ്മദിന്റെ ‘ഫെമിനിച്ചി ഫാത്തിമ’ യാണ് രാജ്യാന്തര മത്സര വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുന്ന രണ്ടാമത്തെ മലയാള ചിത്രം. എന്റെ സിനിമയും അതിലെ ഫാത്തിമയും ഞാന്‍ കണ്ടു വളര്‍ന്ന, കേട്ടുശീലിച്ച എനിക്ക് ചുറ്റുമുള്ള സ്ത്രീകളുടെ പ്രതിഫലനമാണ്. എന്റെ ഉമ്മയും സഹോദരിമാരും കൂട്ടുകാരികളും നേരിട്ട അനുഭവങ്ങളുടെയും ഞാന്‍ കണ്ട് മനസിലാക്കിയ കഥകളുടെയും ഒരു സമാഹാരമാണ് ഈ കൊച്ചു സിനിമ. ഫെമിനിസിത്തെപ്പറ്റിയോ ഫെമിനിസ്റ്റ് മൂവ്‌മെന്റുകളെപ്പറ്റിയോ ആധികാരികമായ അറിവുനേടാന്‍ എനിക്ക് സാധിച്ചിട്ടില്ല. ആണും പെണ്ണും തുല്യാരാണെന്ന ഫെമിനിസത്തിലാണ് ഞാനും വിശ്വസിക്കുന്നത് ഫാസില്‍ പറയുന്നു.
മേളയിലെ സ്ത്രീ പ്രാധാന്യവും മലയാളികളുടെ പുരോഗമന ചിന്തകളും പ്രതിഫലിക്കുന്ന ഇത്തരം ചിത്രങ്ങള്‍ സിനിമാ പ്രേമികള്‍ക്കും നവാഗത സിനിമ പ്രവര്‍ത്തകര്‍ക്കും ഏറെ പ്രതീക്ഷ ഉളവാക്കുന്നതാണ്.
















