ഐഫോണുകൾക്ക് പുറമേ എയർപോഡുകളുടെ നിർമ്മാണവും ഇന്ത്യയിലേക്ക് വ്യാപിപ്പിക്കാനൊരുങ്ങി അമേരിക്കൻ ടെക്നോളജി കമ്പനിയായ ആപ്പിൾ. ഇന്ത്യയില്‍ സാന്നിധ്യം വര്‍ധിപ്പിക്കാനുള്ള ആപ്പിളിന്റെ ശ്രമങ്ങളുടെ ഭാഗമായാണ് ഇത്. ഇന്ത്യയില്‍ നിര്‍മിക്കുന്ന എയര്‍പോഡുകളുടെ വില കുറയുമോ എന്ന ആകാംക്ഷയുമുണ്ട്.
ആപ്പിള്‍ ഉത്പന്നങ്ങളുടെ നിര്‍മാണം ചൈനയ്ക്ക് പുറത്തേക്ക് വ്യാപിക്കുകയാണ് കമ്പനി. ആപ്പിളിന്റെ പ്രധാന സപ്ലൈർമാരിൽ ഒന്നായ ഫോക്സോൺ ഹൈദരാബാദിലെ പുതിയ ഫാക്ടറിയിലാണ് എയർപോഡുകൾ നിർമ്മിക്കുകയെന്നാണ് വിവരം. ഇന്ത്യൻ നിർമ്മിത എയർപോഡുകളുടെ ട്രയൽ നിർമ്മാണം ആരംഭിച്ചുവെന്നും വാർത്തകളുണ്ട്. 2025 ന്റെ ആദ്യപാദത്തിൽ എയർപോഡുകളുടെ നിർമ്മാണം പൂർണതോതിൽ ഹൈദരാബാദിലെ ഫാക്ടറിയിൽ ആപ്പിളും ഫോക്സ്കോണും ആരംഭിക്കും.
എയർപോഡിൻറെ പ്രാദേശിക നിർമാണം ഇന്ത്യയിൽ വളരെ വേഗം ഉത്പന്നം ലഭ്യമാക്കാൻ സഹായിക്കുമെന്നാണ് വിവരം. ഇന്ത്യയിൽ ആപ്പിൾ ഉത്പന്നങ്ങളുടെ നിർമാണം ഭാവിയിൽ വളരെയേറെ വർധിപ്പിച്ചാൽ ഇന്ത്യയിൽ കമ്പനിയുടെ ഗാഡ്ജറ്റുകളുടെ വില കുറഞ്ഞേക്കാം എന്ന സാധ്യതയും നമുക്ക് മുന്നിലുണ്ട്. എന്നാല്‍ ഇത് പരിഗണിച്ച് ഇന്ത്യന്‍ നിര്‍മിത എയര്‍പോഡുകളുടെ വില ഇന്ത്യയില്‍ കുറയും എന്ന് നമുക്ക് ഉറപ്പിക്കാനാവില്ല. എപ്പോഴും പ്രീമിയം വിലയില്‍ ഉത്പന്നങ്ങള്‍ വില്‍ക്കുന്ന കമ്പനിയാണ് ആപ്പിള്‍ എന്നതും ഓര്‍ക്കണം. അതിനാല്‍ തന്നെ ഇന്ത്യന്‍ നിര്‍മിത എയര്‍പോഡിന്റെ വിലയില്‍ ഉടന്‍ ഗണ്യമായ കുറവിന് സാധ്യതയില്ല.