‘പുഷ്പ 2’ സിനിമയുടെ റിലീസ് ഷോക്കിടെ തിക്കിലും തിരക്കിലും പെട്ട് സ്ത്രീ മരിച്ച സംഭവത്തില്‍ നടന്‍ അല്ലു അര്‍ജുനെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടിരുന്നു. വെള്ളിയാഴ്ചയാണ് നടനെ പോലീസ് സംഘം വീട്ടിലെത്തി അറസ്റ്റ് ചെയ്തത്. നമ്പള്ളി മജിസ്‌ട്രേറ്റ് കോടതി അല്ലുവിനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്ത് ഉത്തരവിട്ടെങ്കിലും മണിക്കൂറുകള്‍ക്കുള്ളില്‍ തെലങ്കാന ഹൈക്കോടതി താരത്തിന് ഇടക്കാലജാമ്യം അനുവദിക്കകയായിരുന്നു. എന്നാല്‍, ജാമ്യ ഉത്തരവ് കിട്ടാന്‍ വൈകിയതിനാല്‍ വെള്ളിയാഴ്ച രാത്രി അല്ലു അര്‍ജുൻ ജയിലില്‍തന്നെ കഴിയേണ്ടിവന്നിരുന്നു. ശനിയാഴ്ച രാവിലെയാണ് ജയില്‍മോചിതനായത്. ഹൈദരാബാദിലെ ചഞ്ചൽഗുഡ ജയിലിലാണ് അല്ലു അർജുനെ അറസ്റ്റ് ചെയ്ത് കൊണ്ടു പോയത്.
ഒരു രാത്രി മുഴുവന്‍ ജയിലില്‍ കഴിയേണ്ടിവന്ന താരം അവിടെ എങ്ങനെയാണ് ചിലവഴിച്ചതെന്ന് പറയുകയാണ് ജയിൽ വകുപ്പ് ഉദ്യോഗസ്ഥൻ. നടനെ ‘സ്‌പെഷ്യല്‍ ക്ലാസ് ജയില്‍പ്പുള്ളി’ ആയാണ് പരിഗണിച്ചതെന്നാണ് തെലങ്കാന ജയില്‍വകുപ്പിലെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. ഒരു സ്‌പെഷ്യല്‍ ക്ലാസ് തടവുകാരന് ജയിലില്‍ പ്രത്യേകമായി കട്ടിലും കസേരയും മേശയും ഉള്‍പ്പെടെയുള്ള സൗകര്യങ്ങളാണ് ലഭിക്കുന്നത്. അല്ലു അര്‍ജുനെ അതേ കേസിലെ മറ്റുപ്രതികള്‍ക്കൊപ്പം ജയിലിലെ പ്രത്യേകഭാഗത്താണ് താമസിപ്പിച്ചതെന്നും ജയില്‍ ഉദ്യോഗസ്ഥന്‍ പറഞ്ഞു. ജയിലിൽ അല്ലു അർജുനനെ വിഷമിച്ചൊന്നും കണ്ടിരുന്നില്ലെന്നും ഉദ്യോഗസ്ഥൻ വ്യക്തമാക്കി. ജയിലിലെ സാധാരണ അത്താഴസമയം വൈകിട്ട് 5.30 ആണ്. എന്നാൽ, വൈകി എത്തുന്നവർക്കും ആഹാരം കൊടുക്കാറുണ്ട്. വൈകിട്ട് ആറരയോടെയാണ് താരത്തെ ജയിലിലേക്ക് കൊണ്ടുവന്നത്. അത്താഴത്തിന് നടന് ചോറും വെജിറ്റബിൾകറിയുമാണ് നൽകിയത്. ‘സ്‌പെഷ്യല്‍ ക്ലാസ് ജയില്‍പ്പുള്ളി’ യായി പരിഗണിച്ചെങ്കിലും താരം ഇങ്ങോട്ട് ഒന്നും ആവശ്യപ്പെട്ടില്ലെന്നും ജയിൽ ഉദ്യോഗസ്ഥൻ വ്യക്തമാക്കുന്നു. ഇതിനിടെ നടൻ ജയിലിൽ തറയിലാണ് കിടന്നുറങ്ങിതെന്ന രീതിയിൽ സൂചനകളും പുറത്ത് വന്നിരുന്നു.
ജയിലിൽ നിന്ന് മടങ്ങിയെത്തിയ അല്ലു അർജുനെ വളരെ വൈകാരികമായാണ് കുടുംബാംഗങ്ങൾ വരവേറ്റത്. പിന്നാലെയാണ് തെലുങ്ക് സിനിമ- വ്യവസായ രംഗത്തെ പ്രമുഖർ അല്ലു അർജുനെ വീട്ടിലെത്തി സന്ദർശിച്ചത്. റാണ ദഗ്ഗുബതി, വിജയ് ദേവരകൊണ്ട, സുരേഖ, സംവിധായകൻ സുകുമാർ തുടങ്ങി നിരവധി പേരാണ് നടനെ കാണാനായി വസതിയിൽ എത്തിയത്.