ജ്യോതിർമയി സിനിമയിലേക്ക് തിരിച്ചുവരവ് നടത്തിയ ചിത്രമാണ് ബോഗയ്ൻവില്ല. ഭീഷ്മ പർവ്വം എന്ന ഹിറ്റ് ചിത്രത്തിന് ശേഷം അമൽ നീരദ് സംവിധാനം ചെയ്ത സിനിമയാണിത്. സുഷിൻ ശ്യാമിന്റെ സംഗീതമികവിനാൽ സിനിമ തിയേറ്ററുകളിലെത്തുന്നതിന് മുൻപെ തന്നെ വൈറൽ ആയിരുന്നു. ജ്യോതിര്‍മയി അഭിനയിച്ച സ്തുതി, മറവികളെ എന്ന ഗാനങ്ങള്‍ പ്രേക്ഷകർ ഏറ്റെടുത്തിരുന്നു. ചിത്രം പ്രതീക്ഷ തെറ്റിക്കാതെ തിയേറ്ററുകളിൽ കളക്ഷൻ റെക്കോഡുകൾ ഒരുക്കി. അത്യുഗ്രൻ വിജയമായ ബോഗയ്ൻവില്ല , മികച്ച പ്രതികരണത്തോടെയാണ് തിയേറ്റർ വിട്ടത്. സിനിമ ഇപ്പോഴിതാ ഒ.ടി.ടി സ്ട്രീമിങ് ആരംഭിച്ചു.
ഒ.ടി.ടിയിലും മികച്ച പ്രതികരണങ്ങൾ ബോഗയ്ൻവില്ലയ്ക്ക് ലഭിക്കുന്നുണ്ടെങ്കിലും ഒരു വിഭാഗം വിമർശനവുമായി രംഗത്തെത്തുകയാണ്. സിനിമയെ സ്ത്രീപക്ഷമാക്കാൻ വേണ്ടി അവസാന രംഗത്ത് എന്തൊക്കെയോ കുത്തിനിറച്ചു എന്നാണ് ചില പ്രേക്ഷകരുടെ പക്ഷം. വളരെ ദുർബലമായ ലോജിക്ക് ഇല്ലാത്ത പടമെന്നും ജ്യോതിർമയിയും കുഞ്ചാക്കോ ബോബനും തകർത്ത് അഭിനയിച്ചപ്പോൾ ഫഹദ് വെറും ഡമ്മിയായി വീണ നന്ദകുമാറിന്റെ സിനിമയിലെ കഥാപാത്രം മിസ് കാസ്റ്റിങ് ആയി എന്നിങ്ങനെ നീളുന്നു വിമർശനങ്ങൾ.
സിനിമ ഒ.ടി.ടിയിൽ ഇറങ്ങിയതിന് പിന്നാലെ ഏറ്റവും കൂടുതൽ വിമർശനങ്ങൾ ഏറ്റുവാങ്ങിയത് സൃന്ദ അവതരിപ്പിച്ച രമ എന്ന കഥാപാത്രത്തിനാണ്. തന്റെ ഭർത്താവായ ബിജു എന്ന ഷറഫുദ്ദീൻ അവതരിപ്പിച്ച കഥാപാത്രത്തെ അതിക്രൂരമായി കൊന്നു കളഞ്ഞ കുഞ്ചാക്കോ ബോബന്റെ റോയ്‌സ് തോമസിനെ പിറകിൽ നിന്ന് കസേര കൊണ്ട് അടിച്ചിട്ട് ‘ഇവനൊക്കെ ഇത്രേ ഉള്ളു ചേച്ചി’ എന്ന് പറയുന്നുണ്ട്. എന്നാൽ ഈ ഡയലോഗ് വളരെ ക്രിഞ്ച് ആയി തോന്നി എന്നാണ് പ്രേക്ഷകരുടെ പക്ഷം. വീണു കിടക്കുന്നവനെ പിറകിൽ നിന്ന് അടിക്കുന്നതാണോ മാസ് എന്നും ഭർത്താവിനെ കൊന്നപ്പോൾ നോക്കി നിന്ന് കരയാൻ അല്ലെ കഴിഞ്ഞുള്ളൂ, അപ്പോൾ കാണിക്കാമായിരുന്നില്ലേ ഈ മാസ് എന്നിങ്ങനെയാണ് പരിഹാസങ്ങളും വിമർശനങ്ങളും. വിമർശനങ്ങൾ ഒരു വശത്ത് നടക്കുമ്പോഴും ചർച്ച മുഴുവൻ ബൊഗെയ്ൻ വില്ലയെ ചുറ്റിപ്പറ്റി തന്നെയാണ്. തിയേറ്റർ വിട്ട് ഒ.ടി.ടിയിൽ എത്തിയപ്പോഴും സിനിമ സോഷ്യൽമീഡിയയിൽ നിറഞ്ഞു നിൽക്കുന്നു.
ഒക്ടോബര്‍ 17നാണ് ബോഗയ്ന്‍വില്ല തിയേറ്ററിലെത്തിയത്. ക്രൈം ത്രില്ലര്‍ നോവലുകളിലൂടെ ശ്രദ്ധേയനായ ലാജോ ജോസും അമല്‍ നീരദും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. ആനന്ദ് സി ചന്ദ്രനാണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍. വിവേക് ഹര്‍ഷന്‍ എഡിറ്റിംഗ് നിര്‍വഹിച്ചിരിക്കുന്നത്. ജ്യോതിര്‍മയിയും കുഞ്ചാക്കോ ബോബനും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചത്. കുഞ്ചാക്കോ ബോബനും അമല്‍ നീരദും ആദ്യമായി ഒന്നിച്ച ചിത്രം കൂടിയാണ് ഇത്.