പ്രസവശേഷം മുടി വല്ലാതെ കൊഴിയുന്നു എന്ന പരാതി എല്ലാ പുതിയ അമ്മമാർക്കും ഉള്ളതാണ്. പ്രസവം കഴിഞ്ഞ് ഏകദേശം മൂന്ന് മാസത്തിന് ശേഷം സംഭവിക്കുന്ന ഒരു സാധാരണ അവസ്ഥയാണ് ഇത്. ആറ് മാസം വരെ ഈ പ്രശ്നം നീണ്ടുനിൽക്കും. കുഞ്ഞിനെ നോക്കുന്ന തിരക്കിലും നഷ്ടമായ ഉറക്കം തിരിച്ചുപിടിക്കാനുള്ള തിരക്കിലും പലപ്പോഴും ഇക്കാര്യം ഓർത്ത് ആശങ്കപ്പെടാനല്ലാതെ മുടി സംരക്ഷിക്കാൻ പല അമ്മമാർക്കും കഴിഞ്ഞെന്നുവരാറില്ല. എന്നാൽ കുറച്ച് സമയം മാറ്റിവെച്ചാൽ ഈ മുടി കൊഴിച്ചിലിനെ പിടിച്ചുകെട്ടാം.
പ്രശ്ന പരിഹാരത്തിനുള്ള ഹെയർ മാസ്കുകൾ നമുക്ക് വീട്ടിൽ തയ്യാറാക്കാം. പ്രകൃതിദത്ത പ്രതിവിധികള്‍ ചെലവ് കുറഞ്ഞതും മാത്രമല്ല വീട്ടില്‍ തയ്യാറാക്കാന്‍ എളുപ്പവുമാണ്.
ഉലുവ ഹെയർ മാസ്ക്
ഉലുവ വിത്തുകള്‍ രാത്രി മുഴുവന്‍ കുതിര്‍ത്ത് രാവിലെ പേസ്റ്റാക്കി അരച്ചെടുക്കുക. ഇത് കറ്റാര്‍ വാഴ ജെല്ലുമായി കലര്‍ത്തി തലയോട്ടിയില്‍ പുരട്ടുക. 30 മിനിറ്റ് നേരം വച്ച ശേഷം കഴുകിക്കളയുക. ഉലുവയില്‍ പ്രോട്ടീനുകളും നിക്കോട്ടിനിക് ആസിഡും അടങ്ങിയിട്ടുണ്ട്, ഇത് മുടി വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുന്നു.
നെല്ലിക്ക തൈര് ഹെയർ മാസ്ക്
തൈരില്‍ നെല്ലിക്ക ഉണക്കിപ്പൊടിച്ചത് കലര്‍ത്തി പേസ്റ്റ് രൂപത്തിൽ ആക്കുക. ഈ പേസ്റ്റ് തലയോട്ടിയില്‍ പുരട്ടി 20 മിനിറ്റ് വെച്ച ശേഷം കഴുകിക്കളയുക. നെല്ലിക്ക വിറ്റാമിന്‍ സിയും ആന്റിഓക്സിഡന്റുകളും കൊണ്ട് സമ്പുഷ്ടമാണ്.
വെളിച്ചെണ്ണ കറിവേപ്പില ഓയിൽ
വെളിച്ചെണ്ണ ചൂടാക്കി പുതിയ കറിവേപ്പില ചേര്‍ക്കുക. വീട്ടിൽ ഉണ്ടായ കറിവേപ്പിലയാണെങ്കിൽ കൂടുതൽ നല്ലത്. നിങ്ങളുടെ തലയോട്ടിയില്‍ പുരട്ടുന്നതിന് മുമ്പ് മിശ്രിതം തണുപ്പിക്കണം. 30 മിനിറ്റ് നേരം തലയിൽ വെച്ച ശേഷം കഴുകുക. വെളിച്ചെണ്ണ പോഷക ഗുണങ്ങള്‍ക്ക് പേരുകേട്ടതാണ്. കറിവേപ്പിലയുമായി യോജിപ്പിച്ചാല്‍ മുടിയുടെ വേരുകള്‍ ശക്തിപ്പെടുത്താന്‍ സഹായിക്കും.
ഉള്ളി നീരും തേനും
ഉള്ളി നീര് എടുത്ത് അതിൽ സമ അളവിൽ തേൻ ചേർത്ത് തലയിൽ പുരട്ടുക. 15 മിനിറ്റിന് ശേഷം കഴുകിക്കളയുക. ഉള്ളി നീര് തലയോട്ടിയിലെ രക്തചംക്രമണം വര്‍ദ്ധിപ്പിക്കും. തേന്‍ ഈര്‍പ്പം തലയിൽ പിടിച്ചു നിർത്താനും സഹായിക്കും.