ഇരുപതോളം കൂട്ടുകാര്‍ ചേര്‍ന്ന് ഐഫോണിലെടുത്ത സിനിമ ‘കാമദേവന്‍ നക്ഷത്രം കണ്ടു’ ഐഎഫ്എഫ്കെയില്‍ ശ്രദ്ധേയമാകുന്നു. കലാഭവന്‍ തിയേറ്ററില്‍ നടന്ന ആദ്യ പ്രദര്‍ശനം കാണാന്‍ ചലച്ചിത്ര പ്രേമികളുടെ വലിയ തിരക്കായിരുന്നു. പോണ്ടിച്ചേരി സര്‍വകലാശാലയിലെ നാടക വിദ്യാര്‍ഥികൂടിയായ ആദിത്യ ബേബി സംവിധാനം ചെയ്യുന്ന ആദ്യ ചിത്രംകൂടിയാണിത്.
യുവ സംവിധായകര്‍ക്കും കലാകാരന്മാര്‍ക്കും സിനിമകളെ പ്രേക്ഷകരിലേക്ക് എത്തിക്കാന്‍ ഐഎഫ്എഫ്കെ വലിയ പങ്കു വഹിക്കുന്നതായി പ്രദര്‍ശന ശേഷം ആദിത്യ ബേബി പറഞ്ഞു. ‘മലയാള സിനിമ ഇന്ന്’എന്ന വിഭാഗത്തിലായിരുന്നു ‘കാമദേവന്‍ നക്ഷത്രം കണ്ടു’ന്റെ പ്രദര്‍ശനം. സാമ്പത്തിക ലാഭത്തിനും വരുമാനത്തിനുമപ്പുറം കലയോടുള്ള ഇഷ്ടവും സിനിമ ചെയ്യാനുള്ള ആഗ്രഹവുമായിരുന്നു മനസിലെന്ന് ആദിത്യ പറയുന്നു. ദേവന്‍, മുകുടി എന്നീ രണ്ട് സുഹൃത്തുക്കളെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഹൈപ്പര്‍സെക്ഷ്വലായ മനുഷ്യരുടെ ചെയ്തികളെ ചോദ്യം ചെയ്യുന്നതാണു ചിത്രത്തിന്റെ പ്രമേയം.
സ്ത്രീ ശരീരത്തെ ഉപഭോഗവസ്തുവായി കാണുന്ന, അവരുടെ വികാരങ്ങള്‍ക്കോ വിചാരങ്ങള്‍ക്കോ വില കല്‍പ്പിക്കാത്ത രീതികളെ സിനിമ കൃത്യമായി അടയാളപ്പെടുത്തുന്നു. അന്ധവിശ്വാസം, മാനസിക ആരോഗ്യം, പുരുഷാധിപത്യം തുടങ്ങീ സമൂഹം ചര്‍ച്ച ചെയ്യേണ്ട വിഷയങ്ങളും സിനിമയില്‍ പ്രമേയങ്ങളാകുന്നു. സിനിമ 18ന് രാവിലെ ഒമ്പതിനു കൈരളി തിയേറ്ററിലും 19ന് വൈകിട്ട് ആറിന് ന്യൂ തിയേറ്റര്‍ സ്‌ക്രീന്‍ 2ലും ചിത്രം പ്രദര്‍ശിപ്പിക്കും.