പരസ്പര വ്യത്യാസം മറയ്ക്കാന്‍ എല്ലാവരും കടലാസ് സഞ്ചികള്‍ കൊണ്ടു മുഖം മറച്ച ഒരു സമൂഹം, അവരെക്കുറിച്ചുള്ള സിനിമയാണ് ‘ഷിര്‍ക്കോവ – ഇന്‍ ലൈസ് വീ ട്രസ്റ്റ്’. ചിത്രത്തിന്റെ സംവിധായകനും തിരക്കഥാകൃത്തുമായ ഇഷാന്‍ ശുക്ലയ്ക്ക് ജോലിയുടെ ഭാഗമായുള്ള സ്ഥിരം ട്രെയിന്‍ യാത്രകളില്‍ സഹയാത്രികരുടെ ചിത്രം വരയ്ക്കുന്ന ശീലമുണ്ടായിരുന്നു. ഒരു വര്‍ഷം കഴിഞ്ഞ് ചിത്രങ്ങള്‍ വീണ്ടും പരിശോധിച്ചപ്പോള്‍ ആ മനുഷ്യര്‍ക്കെല്ലാം വിരസതയും വിഷാദവും ഇടകലര്‍ന്ന മുഖഭാവമാണെന്ന് അദ്ദേഹത്തിന് തോന്നി. അദ്ദേഹവും അവരില്‍ ഒരാളായി മാറുന്നു എന്ന ചിന്തയില്‍ നിന്നാണ് പേപ്പര്‍ ബാഗുകള്‍ മുഖത്തണിഞ്ഞ മനുഷ്യരുടെ രൂപങ്ങള്‍ മനസില്‍ വരുന്നത്.
ഒരേസമയം ലളിതവും ശക്തവുമായ അടയാളമാണ് പേപ്പര്‍ ബാഗുകള്‍ എന്ന് ഇഷാന്‍ പറയുന്നു. ഒരു സമൂഹത്തിലെ എല്ലാവരുടെയും തല പേപ്പര്‍ ബാഗുകള്‍ കൊണ്ട് മൂടിയിരിക്കുമ്പോള്‍ വ്യക്തിത്വ വ്യത്യാസങ്ങള്‍ അപ്രത്യക്ഷവുകയാണ്. ചിത്രരചനയും ആനിമേഷനും നാടകവും സാഹിത്യവും സമന്വയിപ്പിച്ച് സിനിമകള്‍ ചെയ്യാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ഷിര്‍ക്കോവയെന്നും സംവിധായകന്‍ പറയുന്നു. നാടകസംബന്ധിയായ പുസ്തകങ്ങളിലൂടെയാണ് സിനിമ മനസില്‍ ഇടം പിടിച്ചത്. സ്വത്രന്ത സിനിമകളെയും, സിനിമാ പ്രവര്‍ത്തകരെയും മുന്‍നിരയില്‍ എത്തിക്കുന്നതില്‍ ഐ.എഫ്.എഫ്.കെ സുപ്രധാന പങ്ക് വഹിക്കുന്നുണ്ടെന്നും ഇഷാന്‍ ശുക്ല പറഞ്ഞു.
‘ഷിര്‍ക്കോവ – ഇന്‍ ലൈസ് വീ ട്രസ്റ്റി’ന്റെ അവസാന പ്രദര്‍ശനം നാളെ രാത്രി 8.30 ന് ന്യൂ തീയേറ്ററില്‍ നടക്കും. ഴാങ് ഫ്രാന്‍സ്വായുടെ ‘എ ബോട്ട് ഇന്‍ ദ ഗാര്‍ഡന്‍’, കിയാറ മാള്‍ട്ട, സെബാസ്റ്റിന്‍ ലോഡന്‍ബക്ക് എന്നിവര്‍ സംവിധാനം ചെയ്ത ‘ചിക്കന്‍ ഫോര്‍ ലിന്‍ഡ’ എന്നിവയാണ് ഐഎഫ്എഫ്കെയിലെ മറ്റ് രണ്ട് ആനിമേഷന്‍ ചിത്രങ്ങള്‍. ‘ചിക്കന്‍ ഫോര്‍ ലിന്‍ഡ’ നാളെ വൈകിട്ട് മൂന്നിന് ന്യൂ തിയേറ്ററില്‍ പ്രദര്‍ശിപ്പിക്കും ‘എ ബോട്ട് ഇന്‍ ദ ഗാര്‍ഡന്‍’ നാളെ രാവിലെ 9.30ന് ഏരീസ്പ്ലക്സിലും പ്രദര്‍ശിപ്പിക്കും.