Celebrities

പരിഹാസ ചോദ്യവുമായി കപില്‍ ശര്‍മ്മ; കിടിലൻ മറുപടി നൽകി സംവിധായകൻ – atlee rost kapil sharma

ദി ഗ്രേറ്റ് ഇന്ത്യൻ കപിൽ ഷോയിൽ വരുന്ന ആളുകള്‍ക്കെതിരെ നടത്തുന്ന പരാമര്‍ശങ്ങളുടെ പേരില്‍ എന്നും വിവാദത്തില്‍ ആകാറുണ്ട് കപില്‍ ശര്‍മ്മ. ഇപ്പോഴിതാ പ്രശസ്ത സംവിധായകന്‍ അറ്റ്‌ലീയെ കൊമേഡിയനും അവതാരകനുമായ കപില്‍ ശര്‍മ അപമാനിച്ചതായി ആണ് പുത്തൻ ആരോപണം. ഷോയിൽ അതിഥിയായെത്തിയ അറ്റ്‌ലീയോട് കപില്‍ ശര്‍മ ചോദിച്ച ഒരു ചോദ്യമാണ് സാമൂഹികമാധ്യമങ്ങളില്‍ വിവാദത്തിന് തിരികൊളുത്തിയിരിക്കുന്നത്.

കപിൽ ഷോയിലെ ഏറ്റവും പുതിയ എപ്പിസോഡില്‍ ബേബി ജോണ്‍ എന്ന ചിത്രത്തിന്‍റെ പ്രമോഷനില്‍ വരുൺ ധവാൻ, കീർത്തി സുരേഷ്, വാമിക ഗബ്ബി, ആറ്റ്‌ലി എന്നിവരുൾപ്പെടെ പങ്കെടുത്തിരുന്നു. ഇതിനിടെയാണ് സംഭവം. സീസൺ ഗ്രാൻഡ് ഫിനാലെ എപ്പിസോഡിനിടെ കപിൽ ആറ്റ്‌ലിയുടെ രൂപത്തെക്കുറിച്ച് ഒരു തമാശ പറഞ്ഞു. ‘നിങ്ങള്‍ ഒരു താരത്തെ കാണാന്‍ പോയപ്പോള്‍ അവര്‍ക്ക് നിങ്ങളെ തിരിച്ചറിയാന്‍ കഴിയാതിരുന്ന സംഭവമുണ്ടായിട്ടുണ്ടോ അറ്റ്‌ലീ എവിടെയെന്ന് അവര്‍ ചോദിച്ചിട്ടുണ്ടോ’ എന്നായിരുന്നു കപില്‍ ശര്‍മയുടെ ചോദ്യം.

‘സര്‍, താങ്കളുടെ ചോദ്യം ഒരുതരത്തില്‍ എനിക്ക് മനസിലായി. ഞാന്‍ ഉത്തരം പറയാന്‍ ശ്രമിക്കാം. എ.ആര്‍. മുരുഗദോസ് സാറിനോട് ഏറെ നന്ദിയുള്ളവനാണ് ഞാന്‍, കാരണം എന്റെ ആദ്യ ചിത്രം നിര്‍മിച്ചത് അദ്ദേഹമാണ്. അദ്ദേഹം എന്റെ സ്‌ക്രിപ്റ്റ് ചോദിച്ചപ്പോള്‍ എന്നെ കാണാന്‍ എങ്ങനെയുണ്ടെന്ന് അദ്ദേഹം നോക്കിയിട്ടില്ല. ഞാന്‍ കഴിവുള്ളവനാണോ അല്ലയോ എന്നതാണ് അദ്ദേഹം നോക്കിയത്. പക്ഷേ, അദ്ദേഹത്തിന് എന്റെ സ്‌ക്രിപ്റ്റ് ഇഷ്ടമായി. ലോകം അത് കാണണം. രൂപം കൊണ്ടല്ല, ഹൃദയം കൊണ്ടാണ് ഒരാളെ വിലയിരുത്തേണ്ടത്”, അറ്റ്‌ലീ പറഞ്ഞു. അറ്റ്‌ലീ നല്‍കിയ മറുപടിക്ക് സാമൂഹികമാധ്യമങ്ങളില്‍ നിറഞ്ഞ കൈയടിയാണ് ലഭിക്കുന്നത്.

സംവിധായകന്‍ നല്‍കിയ മറുപടിക്ക് പിന്നാലെ സദസ്സില്‍നിന്ന് കരഘോഷം മുഴങ്ങുന്നതാണ് സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വീഡിയോയിലുള്ളത്. എപ്പിസോഡിൽ നിന്നുള്ള ക്ലിപ്പ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.

STORY HIGHLIGHT: atlee rost kapil sharma