Celebrities

‘അമ്മയോട് നേരിട്ട് പറയണമെന്ന് ആ​ഗ്രഹിച്ച ചില കാര്യങ്ങളുണ്ട്; അമേയയെ പറ്റി അത് മാത്രം ചിന്തിച്ചാൽ മതി’: ജിഷിൻ മോഹൻ | jishin mohan

സൗഹൃദത്തിനും മുകളിൽ ഒരു അടുപ്പവും ഇഷ്ടവും ഞങ്ങൾക്കിടയിലുണ്ട്

കഴിഞ്ഞ ദിവസമാണ് ജിഷിന്‍ മോഹന്റെയും അമേയ നായരുടേയും ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയത്. ഇതോടെ ജിഷിനും അമേയയും പ്രണയത്തിലാണോ എന്ന ചോദ്യം സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നിരുന്നു. പിന്നാലെ തങ്ങളുടെ ബന്ധത്തെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് മറുപടിയുമായി അമേയ എത്തുകയും ചെയ്തു. സംഭവം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു. ഇതിന് പിന്നാലെ മുൻഭാര്യ വരദയുമായി പിരിഞ്ഞതിനെ പറ്റിയും ജിഷിൻ മനസ് തുറന്നു. മനസ് തകർ‍ന്ന ഘട്ടത്തിൽ സുഹൃത്ത് അമേയ തന്നെ ആശ്വസിപ്പിച്ചിട്ടുണ്ടെന്നും ജിഷിൻ വ്യക്തമാക്കി. ആണുങ്ങൾ കരയരുത് എന്ന് ചിന്തിച്ച ആളാണ് ഞാൻ. എന്നാൽ കരുതുന്നത് ഹീലിം​ഗ് ആണെന്ന് അമേയ തന്നെ പഠിപ്പിച്ചെന്നും ജിഷിൻ പറഞ്ഞിരുന്നു.

സൗഹൃദത്തിനും മുകളിൽ ഒരു അടുപ്പവും ഇഷ്ടവും ജിഷിനോട് ഉണ്ടെന്നും ഇല്ലെന്ന് പറഞ്ഞാൽ കള്ളമാകുമെന്നുമാണ് അമേയ പറഞ്ഞത്. വിവാദങ്ങളെ പൂർണ്ണമായും തള്ളി കളയുന്നില്ല. എന്നാൽ കേട്ട വിവാദങ്ങൾ എല്ലാം ശരിയുമല്ല. ജിഷിനെ എനിക്ക് അറിയില്ല, എന്റെ ഫ്രണ്ടാണ് എന്ന് പറഞ്ഞാൽ അത് കള്ളമാകും. കള്ളം പറയുന്നതിനോട് എനിക്ക് യോജിപ്പില്ല. ഞാൻ വളരെ സ്ട്രെയ്റ്റ് ഫോർവേഡാണ്. കന്യാദാനം സീരിയലിലാണ് ഞാൻ ജിഷിൻ ചേട്ടനൊപ്പം ആദ്യമായി വർക്ക് ചെയ്യുന്നത്. ഒരു വർഷമായി ഞങ്ങൾ പരിചയപ്പെട്ടിട്ട്. ഇതിന് മുമ്പ് പൂക്കാലം വരവായി സീരിയലിന്റെ സെറ്റിൽ വെച്ച് കണ്ടിട്ടുണ്ട്. പക്ഷെ സംസാരിച്ചിരുന്നില്ല.

ഞങ്ങളുടേത് പ്രണയമാണെന്ന് ഞാൻ ഒരിക്കലും പറയില്ല. വിവാഹം കഴിക്കാനും തീരുമാനിച്ചിട്ടില്ല. ഇതൊക്കെ സോഷ്യൽമീഡിയ ഉണ്ടാക്കിയതാണ്. സൗഹൃദത്തിനും മുകളിൽ ഒരു അടുപ്പവും ഇഷ്ടവും ഞങ്ങൾക്കിടയിലുണ്ട്. പക്ഷെ വിവാഹം, ദാമ്പത്യം എന്നതിലേക്ക് എത്തിയിട്ടില്ല. ഞങ്ങൾ ടീനേജിലല്ല. എനിക്കും അദ്ദേഹത്തിനും ജീവിതത്തിൽ ഡ്രോ ബാക്സ് ഉണ്ടായിട്ടുണ്ട്.

അതുകൊണ്ട് ചാടിക്കേറി വിവാഹം കഴിക്കാവുന്ന അവസ്ഥയി‌ലല്ല. ഞങ്ങൾ പരസ്പരം നന്നായി മനസിലാക്കുന്നുണ്ടെന്ന് മനസിലായപ്പോൾ കൂടുതൽ ഫ്രണ്ട്ഷിപ്പായി. ഞങ്ങൾ ഒരുമിച്ച് സിനിമയ്ക്ക് പോകാറുണ്ട്. ഒന്നും ആരുടെ മുന്നിലും ഞങ്ങൾ ഒളിപ്പിക്കുന്നില്ല. പിന്നെ ഫ്യൂച്ചർ ആർക്കും പ്രഡിക്ട് ചെയ്യാൻ പറ്റില്ലല്ലോ. ഇത് എവിടെ പോകും എവിടെ അവസാനിക്കും എന്നത് എന്റെ കയ്യിലല്ല എന്നും അമേയ പ്രതികരിച്ചിരുന്നു.

അമേയയുമായുള്ള ജിഷിന്റെ ബന്ധത്തെക്കുറിച്ച് അഭ്യൂഹങ്ങളും വന്നിരുന്നു. ഇപ്പോഴിതാ ഇതേക്കുറിച്ച് തന്റെ അമ്മയോട് പറയാനാ​ഗ്രഹിക്കുന്ന കാര്യങ്ങൾ ഒരു അഭിമുഖത്തിൽ തുറന്ന് പറഞ്ഞിരിക്കുകയാണ് ജിഷിൻ. മൂവി വേൾഡ് മീഡിയയുമായുള്ള അഭിമുഖത്തിലാണ് നടൻ മനസ് തുറന്നത്.

അമ്മയോട് നേരിട്ട് പറയണമെന്ന് ആ​ഗ്രഹിച്ച ചില കാര്യങ്ങളുണ്ട്. അമ്മയുടെ മോൻ നശിച്ച് പോകേണ്ട മോനായിരുന്നു. ആ മോനെ നല്ല വഴിക്ക് കൊണ്ട് വരാൻ ഒരാളെ കാെണ്ട് പറ്റി. എന്റെ ജീവിതത്തിലുണ്ടായതെല്ലാം അമ്മ കണ്ടതാണ്. അങ്ങനെ പോയിക്കൊണ്ടിരുന്ന ഒരുത്തനെ നല്ല രീതിയിലേക്ക് കൊണ്ട് വന്നു എന്ന് മാത്രം ചിന്തിച്ചാൽ മതി.

അല്ലാതെ കുടുംബക്കാർ ചോദിക്കുന്നു, ഞാനിതെന്താണ് പറയേണ്ടത്, നിനക്ക് ഒരു അനുഭവത്തിൽ നിന്ന് മനസിലായില്ലേ എന്ന് പറഞ്ഞ് എന്നെ ചീത്ത പറയുന്നതിലും നല്ലത് അങ്ങനെ പോയിക്കൊണ്ടിരുന്ന മകനെ നല്ല വഴിക്ക് ഒരാൾ കൊണ്ട് വന്നല്ലോ എന്ന് ചിന്തിക്കുന്നതാണ്. ചില കുടുബക്കാർ പറയുന്നത് കേൾക്കേണ്ട. അമ്മയുടെ മകൻ എന്താണെന്ന് അമ്മ മനസിലാക്കിയാൽ മതിയെന്നും ജിഷിൻ അമ്മയോടായി പറഞ്ഞു.

തന്റെ വിവാഹ മോചനത്തിന് കാരണം അമേയ അല്ലെന്നും ജിഷിൻ അഭിമുഖത്തിൽ പറയുന്നുണ്ട്. അമേയയെ പരിചയപ്പെട്ടിട്ട് ഒരു വർഷമേ ആയുള്ളൂ. മൂന്ന് വർഷം മുമ്പാണ് താൻ വിവാഹ മോചനം നേടിയത്. അഭ്യൂഹങ്ങൾ തെറ്റാണെന്ന് ജിഷിൻ വ്യക്തമാക്കി. നല്ല ക്വാളിറ്റിയുള്ള ആളാണ് അമേയ. ക്ഷമാശീലമുണ്ട്. തന്നെ സഹിക്കുക പാടാണ്. രണ്ട് പേരും നന്നായി മനസിലാക്കുന്നവരാണെന്നും ജിഷിൻ മോഹൻ പറഞ്ഞു.

വരദയുമായി പിരിഞ്ഞതിനെക്കുറിച്ചും നടൻ‌ തുറന്ന് സംസാരിച്ചു. വിവാഹമോചനത്തിന് ഫയൽ ചെയ്തത് വരദയാണ്. താനത് നൽകി. പ്രശ്നങ്ങളൊന്നുമില്ലാതെ പിരിഞ്ഞു. തമാശയായി പറയുന്നെങ്കിലും ആ സാഹചര്യം കടന്ന് കിട്ടുക ബുദ്ധിമുട്ടായിരുന്നെന്നും ജിഷിൻ വ്യക്തമാക്കി. മകനെ ഡിവോഴ്സിന് ശേഷം ഒരു തവണയാണ് കണ്ടത്. തന്റെ ഓർമകൾ മകനെ വിഷമിപ്പിക്കേണ്ടെന്ന് തോന്നിയത് കൊണ്ട് കാണാത്തതാണെന്നും ജിഷിൻ വ്യക്തമാക്കി. സീരിയൽ രം​ഗത്ത് ജിഷിനും വരദയും സാന്നിധ്യം അറിയിക്കുന്നുണ്ട്. വിവാഹമോചനത്തെക്കുറിച്ച് വരദ എവിടെയും തുറന്ന് സംസാരിച്ചിട്ടില്ല. മകന്റെ കാര്യങ്ങളും കരിയറിലെ തിരക്കുകളുമായി മുന്നോട്ട് പോകുകയാണ് വരദ.

content highlight: jishin-mohan-shares-what-he-like-to-tell-his-mother