വ്യത്യസ്തമായ ശബ്ദത്തിലൂടെ സംഗീതാസ്വാദകർക്ക് പ്രിയങ്കരിയായി മാറിയ ഗായികയാണ് അഭയ ഹിരണ്മയി. വളരെ ചുരുങ്ങിയ കാലം കൊണ്ട് സംഗീതമേഖലയിൽ തന്റേതായൊരു സ്ഥാനം നേടിയെടുത്ത അഭയ പലപ്പോഴും സാമൂഹ്യമാധ്യമങ്ങളിൽ ചൂടുപിടിച്ച ചർച്ചകൾക്ക് കാരണമാകാറുണ്ട്. സംഗീത സംവിധായകൻ ഗോപി സുന്ദറുമായി ഉണ്ടായിരുന്ന ലിവിംഗ് റിലേഷനും വേർപിരിയലുമൊക്കെ തന്നെയാണ് അതിനു പിന്നിലെ കാരണം. എന്നാൽ വേർപിരിയലുമായി ബന്ധപ്പെട്ട് ഉയരുന്ന സൈബർ ആക്രമണങ്ങൾക്കും വിമർശനൾക്കും ഇടയിൽ തന്‍റെ വ്യക്തിപരമായ നേട്ടങ്ങളും സന്തോഷങ്ങളും സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കാൻ അഭയ മറക്കാറില്ല. അഭയയുടെ കമൻറ് ബോക്സിൽ ഇന്നും ഗോപി സുന്ദറിനെ കുറിച്ചുള്ള ചോദ്യങ്ങൾ കാണാം.
ഗോപി സുന്ദറുമായി അകന്നെങ്കിലും ഒരു ഘട്ടത്തിൽ പോലും അദ്ദേഹത്തെ വിമർശിച്ച് കൊണ്ട് അഭയ പ്രതികരിച്ചില്ലെന്നത് ഏറെ അഭിനന്ദിക്കപ്പെട്ടിരുന്നു. പരസ്പരം പിരിയാനുണ്ടായ സാഹചര്യങ്ങളെ കുറിച്ചും ഇരുവരും പൊതുഇടത്തിൽ സംസാരിച്ചിട്ടില്ല. ഗോപി സുന്ദറുമായി പിരിഞ്ഞതിനെ കുറിച്ച് മാധ്യമങ്ങൾ ചോദ്യം ഉയർത്തുമ്പോൾ താൻ ആ ജീവിതത്തിൽ നിന്നും ഏറെ മാറി നടന്നെന്നും ഇനിയും അത്തരം ചോദ്യങ്ങൾ ആവർത്തിക്കേണ്ടതില്ലെന്നും അഭയ വ്യക്തമാക്കാറുണ്ട്.
ഇപ്പോഴിതാ തന്റെ ജീവിതത്തിലേയും കരിയറിലേയുമെല്ലാം മാറ്റങ്ങളെ കുറിച്ച് സംസാരിക്കുകയാണ് അഭയ. ജിഞ്ചർ മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം. വായിക്കാം
‘എനിക്ക് വലിയ സൗഹൃദവലയം ഇല്ല. മൂന്ന് വർഷം മുൻപ് എന്റെ വീട്ടിലേക്ക് ഒരുപാട് മനുഷ്യർ വന്നിട്ടുണ്ട്. അവരെന്റെ സുഹൃത്തുക്കളായി. പൊതുവെ ആളുകളെ ജീവിതത്തിലേക്ക് എടുക്കാത്ത ആളാണ് ഞാൻ. എന്നാൽ സാഹചര്യവശാൽ എനിക്ക് അവരെയൊക്കെ സ്വീകരിക്കേണ്ടി വന്നു. എന്നാൽ അവരെയൊന്നും എനിക്ക് ഇപ്പോഴും കൊണ്ടുനടക്കേണ്ട സാഹചര്യമില്ല. ഒന്നോ രണ്ടോ മൂന്നോ നല്ല വ്യക്തികൾ ഉണ്ടെങ്കിൽ അത് തന്നെ ധാരാളം. എന്റെ കൂടെ പണ്ട് ഉണ്ടായിരുന്ന നല്ല സുഹൃത്തുക്കൾ ഇപ്പോഴും ഉണ്ട്. അതൊരു നല്ല കാര്യമാണ്’, അഭയ ഹിരൺമയി പറഞ്ഞു.
‘കരിയറും ജീവിതവുമൊക്കെയായി വളരെ അധികം കൺഫ്യൂഷനിൽ നിൽക്കുന്നൊരു സമയത്താണ് ഞാൻ മറ്റൊരു ജീവിതത്തിലേക്ക് പോകുന്നത്. ജീവിത സാഹചര്യം തന്നെ സംഗീതമായിരുന്നു. കാണുന്നതും കേൾക്കുന്നതുമെല്ലാം ഫിൽമിയായിട്ടുള്ള സാഹചര്യമായിരുന്നു. എനിക്കതൊന്നും പക്ഷെ പുതുമയല്ല, കാരണം എന്റെ വീടും സിനിമ മേഖലയുമായി ഏറെ ബന്ധപ്പെട്ട് കിടക്കുന്നതായിരുന്നു. അച്ഛന് സ്വന്തമായി നാടകക്കമ്പനി ഉണ്ടായിരുന്നു. അദ്ദേഹം ദൂരദർശനിലായിരുന്നു. അമ്മാവൻ നടനാണ്. അതുകൊണ്ട് പല കാര്യങ്ങളും എനിക്ക് റിലേറ്റ് ചെയ്യാൻ പറ്റും. പക്ഷെ ഈ ലൈഫിലേക്ക് വന്നപ്പോൾ മുഴുവൻ സംഗീതമാണ്. കേൾക്കുന്നതും പറയുന്നതുമെല്ലാം സംഗീതമാണ്. ആ ജീവിതം മുഴുവൻ എനിക്കൊരു പഠനമായിരുന്നു.
അന്നും ഞാൻ പാട്ട് പാടിയായിരുന്നു. പക്ഷെ ആരേയും ആശ്രയിക്കാതെ ജീവിക്കുന്നൊരു ആളായിരുന്നില്ല ആ സമയത്ത്. ശരിയാണോ തെറ്റാണോ എന്നല്ല, ഫാമിലി സെറ്റപ്പിൽ ആയിരുന്നപ്പോൾ അത് അങ്ങനെ വർക്കൗട്ട് ചെയ്യാനായിരുന്നു എനിക്ക് താത്പര്യം. പുറത്ത് വന്നപ്പോൾ ഇങ്ങനെ ആശ്രയിക്കാതെ ജീവിക്കുന്നു.
അന്ന് എനിക്ക് എപ്പോഴും ഒരു ഡിപ്പന്റൻസി ഉണ്ടായിരുന്നു. എന്റെ കൂടെ നിൽക്കുന്നയാൾക്ക് അനുസരിച്ച് എന്നെ പ്രസന്റ് ചെയ്യണം, വർക്കൗട്ട് ചെയ്യണം എന്നൊക്കെയായിരുന്നു ചിന്ത. ഇപ്പോൾ ആലോചിക്കുമ്പോൾ അതൊക്കെ എന്റെ ഭയത്തിന്റെ ഭാഗമായിരുന്നു. കുറച്ചുകൂടി നന്നായി എന്നെ പ്രസന്റ് ചെയ്യാമായിരുന്നു. ശരിക്കും ലൈഫൊരു ലേണിങ് പ്രോസസ് തന്നെയായിരുന്നു’, അഭയ ഹിരൺമയി വ്യക്തമാക്കി.
content highlight: abhaya-hiranmayi-opens-up