ആഗോള രാഷ്ട്രീയ വ്യവസ്ഥിതിയെയും സാഹചര്യങ്ങളെയും സിനിമ എന്ന മാധ്യമം എങ്ങനെ സ്വാധീനിക്കുന്നു, പാര്‍ശ്വവല്‍ക്കരിക്കപ്പെടുന്ന മനുഷ്യരുടെ കഥകളെ എങ്ങനെ സിനിമയിലൂടെ അവതരിപ്പിക്കാം തുടങ്ങി കാണികളെ ചിന്തിപ്പിക്കുകയും ചര്‍ച്ച ചെയ്യാന്‍ പ്രേരിപ്പിക്കുകയും ചെയ്യുന്ന സംവാദമായി 29-ാം കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ നാലാം ദിവസത്തെ മീറ്റ് ദ ഡയറക്ടര്‍ .
സാമ്രാജ്യത്വത്തിന്റെ ദുരനുഭവങ്ങള്‍ നേരിട്ട ഒരുപാട് വിഭാഗങ്ങള്‍ ഇന്നും നമുക്കിടയില്‍ ജീവിക്കുന്നുണ്ടെന്ന് ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ പറഞ്ഞു. വര്‍ഗവിവേചനവും സ്വത്വപ്രതിസന്ധിയും നേരിടുന്ന മനുഷ്യരുടെ കഥകള്‍ പ്രേക്ഷകരിലേക്ക് എത്തിക്കാന്‍ ഐ എഫ് എഫ് കെ പോലുള്ള മേളകള്‍ വലിയ പങ്കാണ് വഹിക്കുന്നതെന്ന് ചര്‍ച്ചയില്‍ അഭിപ്രായമുയര്‍ന്നു.
മീരാ സാഹിബ് മോഡറേറ്ററായ പരിപാടിയില്‍ സംവിധായകരായ ജയന്‍ ചെറിയാന്‍(റിഥം ഓഫ് ദമാം), ശിവരഞ്ജിനി ജെ.(വിക്ടോറിയ), അഭിലാഷ് ശര്‍മ്മ (സ്വാഹാ), മൈക്കിള്‍ ടെയ്‌ലര്‍ ജാക്‌സണ്‍ (അണ്ടര്‍ഗ്രൗണ്ട് ഓറഞ്ച് ), ആരണ്യ സഹായ്( ഹ്യൂമന്‍സ് ഇന്‍ ദി ലൂപ്പ് ), റാം റെഡ്ഡി ( ദി ഫേബിള്‍), ഡോ. അഭിലാഷ് ബാബു (മാറുന്നു, മാറിവരയുന്നു, നിശ്വാസങ്ങളില്‍), പ്രൊഡക്ഷന്‍ ഡിസൈനറായ നതാലിയ ഗെയ്സ്( ദി ഹൈപ്പെര്‍ബോറിയന്‍സ് ) എന്നിവര്‍ പങ്കെടുത്തു. ചടങ്ങില്‍ സംവിധായകന്‍ ബാലു കിരിയത്ത് നന്ദി പറഞ്ഞു.