സമൂഹത്തിന്റെ എല്ലാ വിഭാഗങ്ങളേയും ചേര്‍ത്തു നിര്‍ത്തിയാണ് 29-ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേള മുന്നോട്ടുപോകുന്നത്. ഭിന്നശേഷി സൗഹൃദമായ മേളയില്‍ ഭിന്നശേഷിയുള്ളവര്‍ക്ക് കരുതലും പരിഗണനയും ഉറപ്പുവരുത്തുകയാണ് ചലച്ചിത്ര അക്കാദമി. കേള്‍വി പരിമിതിയുള്ളവര്‍ക്കായി മേളയുടെ ഭാഗമായി നടക്കുന്ന വിവിധ ചടങ്ങുകളുടെ ആംഗ്യഭാഷയിലുള്ള അവതരണം തത്സമയം നടക്കുന്നു. നിശാഗന്ധിയില്‍ അരങ്ങേറുന്ന പരിപാടികളിലാണ് ആംഗ്യഭാഷയിലും പ്രസംഗവുമുള്‍പ്പെടെ അവതരിപ്പിക്കുന്നത്. വിദേശ പ്രതിനിധികള്‍ ഉള്‍പ്പെടെ ഒട്ടേറെപ്പേര്‍ പങ്കെടുക്കുന്ന കേരള രാജ്യാന്തര ചലച്ചിത്രമേളയില്‍ ഇതാദ്യമായാണ് ആംഗ്യഭാഷയിലുള്ള അവതരണം.
നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആന്‍ഡ് ഹിയറിങ്ങിലെ അധ്യാപികയും സൈന്‍ ലാംഗ്വേജ് ഇന്റര്‍പ്രെറ്ററുമായ സില്‍വി മാക്സി മേനയാണ് പ്രതിഫലം കൈപ്പറ്റാതെ ഐഎഫ്എഫ്കെയിലെ ആംഗ്യഭാഷാ അവതാരകയായെത്തിയിരിക്കുന്നത്. ഇത്തവണത്തേത് ഭിന്നശേഷി സൗഹൃദമേളയാണെന്ന പത്രവാര്‍ത്ത കണ്ടപ്പോഴാണ് റാംപുള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ഐഎഫ്എഫ്കെയുടെ ഭാഗമായി ഒരുക്കുന്നുണ്ടെങ്കിലും അതില്‍ ആംഗ്യഭാഷാ അവതരണമില്ലെന്ന് സില്‍വിക്ക് മനസ്സിലായത്. തുടര്‍ന്ന് ആംഗ്യഭാഷ അവതാരകയാകാനുള്ള താത്പര്യം സാംസ്‌കാരിക പ്രവര്‍ത്തക ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ മധുപാലിനെ അറിയിക്കുകയായിരുന്നു. സന്നദ്ധ സേവനത്തിനുള്ള സില്‍വിയുടെ താത്പര്യം അറിഞ്ഞതോടെ ചലച്ചിത്ര അക്കാദമി അവതാരകയാകാന്‍ അനുമതി നല്‍കി.
ഉദ്ഘാടനദിനം മുതല്‍ നിശാഗന്ധിയില്‍ നടക്കുന്ന പരിപാടികളിലെല്ലാം സ്ഥിരസാന്നിധ്യമാണ് സില്‍വി മാക്സി മേന. വേദിയിലെ അവതരണത്തിന് ശേഷം നന്ദി അറിയിച്ചുകൊണ്ട് തന്റെ മുന്നിലെത്തുന്ന കേള്‍വി പരിമിതരായവരുടെ പുഞ്ചിരിക്കുന്ന മുഖങ്ങളാണ് ഏറ്റവും വലിയ സമ്പാദ്യമെന്ന് സില്‍വി പറയുന്നു. ചലച്ചിത്ര മേളയില്‍ ആംഗ്യഭാഷയ്ക്ക് പ്രാധാന്യം നല്‍കുമ്പോള്‍ കേള്‍വി പരിമിതര്‍ ഈ വേദിയില്‍ അംഗീകരിക്കപ്പെടുകയാണെന്ന് സില്‍വി പറഞ്ഞു. മുദ്രകളിലൂടെ സില്‍വി സംസാരിക്കുമ്പോള്‍ അവര്‍ക്ക് മുന്നില്‍ ഐഎഫ്എഫ്കെ എന്ന രാജ്യാന്തര വേദിയുടെ വാതിലുകള്‍ കൂടിയാണ് തുറക്കപ്പെടുന്നത്. ഭിന്നശേഷിയുള്ളവര്‍ക്കായി ഇന്ത്യന്‍ ആംഗ്യഭാഷയിലെ മുദ്രകളെ അടിസ്ഥാനപ്പെടുത്തി മുദ്രനടനമെന്ന പേരില്‍ നൃത്തവും ചിട്ടപ്പെടുത്തിയിട്ടുണ്ട് സില്‍വി. ഭിന്നശേഷിസൗഹൃദമായ ഇത്തവണത്തെ മേളയില്‍ ഭിന്നശേഷിയുള്ളവര്‍ക്ക് വരി നില്‍ക്കാതെ തന്നെ തിയേറ്ററുകളിലേക്ക് പ്രവേശനമുണ്ട്. നിശാഗന്ധിയടക്കം വേദികളില്‍ റാംപ് ഉള്‍പ്പടെയുള്ള സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.
















