Entertainment

ഹോങ് സാങ്-സൂവിന്റെ ‘ഹഹഹ’: രണ്ടാം പ്രദർശനം നാളെ എരീസ് പ്ലെക്‌സ് സ്‌ക്രീൻ-1ൽ

29ാമത് കേരള രാജ്യാന്തരചലച്ചിത്ര മേളയിൽ ഹോങ് സാങ്-സൂ സംവിധാനം ചെയ്ത ‘ഹഹഹ’യുടെ രണ്ടാം പ്രദർശനം നാളെ
ഉച്ച തിരിഞ്ഞ് 3.30 ന് എരീസ് പ്ലെക്‌സ് സ്‌ക്രീൻ-1ൽ നടക്കും. 2010 ൽ പുറത്തിറങ്ങിയ ചിത്രം കൺടംപെററി ഫിലിംമേക്കർ ഇൻ ഫോക്കസ് വിഭാഗത്തിലാണ് പ്രദർശിപ്പിക്കുന്നത്. ചിത്രത്തിന്, 2010 കാൻ ഫിലിം ഫെസ്റ്റിവലിൽ അൺ സെർട്ടൻ റിഗാർഡ് പുരസ്‌കാരം ലഭിച്ചിരുന്നു .

ജോ മങ്ക്യുങ് എന്ന കൊറിയൻ ചലച്ചിത്രകാരൻ സിയോൾ വിട്ടു കാനഡയിലേക്ക് പോകുന്നതിന് മുൻപായി സുഹൃത്തായ ബാംഗ് ജംഗ്ഷിക്കിനെ കണ്ടുമുട്ടുന്നു. അവരുടെ ഒത്തുചേരലിന്റെയും ഓർമ്മപുതുക്കലിന്റെയും പശ്ചാത്തലത്തിലാണ് ചിത്രം പുരോഗമിക്കുന്നത്. സംവിധായകൻ ഹോങ് സാങ്-സൂവിന്റെ പത്താമത്തെ ചലച്ചിത്രമാണ് ‘ഹഹഹ’. ഒന്നിച്ചു നേരിട്ട അനുഭവങ്ങളെ വ്യക്തികൾ എങ്ങനെ വ്യത്യസ്തമായി കാണുകയും വ്യാഖ്യാനിക്കുകയും ചെയ്യുന്നു എന്ന് ഹോങ് സാങ്-സൂവിന്റെ ‘ഹഹഹ’ കാണിച്ചു തരുന്നു.

ലോകസിനിമയിൽ തന്റേതായൊരു ഇടം കണ്ടത്തിയ ദക്ഷിണ കൊറിയൻ സംവിധായകനാണു ഹോങ് സാങ്-സൂ. ആഴത്തിലുള്ള ആത്മപരിശോധനയ്ക്കും ആഖ്യാനങ്ങൾക്കും പേരുകേട്ട ഹോങ് സാങ്-സൂ, നർമ്മം, വിഷാദം, ദാർശനിക അന്വേഷണങ്ങൾ എന്നിവയുടെ സമന്വയത്തോടെ മനുഷ്യബന്ധങ്ങളുടെ സൂക്ഷ്മതകൾ പകർത്തുന്നു. സമകാലിക ലോക സിനിമയിൽ മനുഷ്യ ജീവിതത്തിലെ ക്ഷണികമായ നിമിഷങ്ങളെയും സന്ദർഭങ്ങളെയും സൂക്ഷ്മമായി ചിത്രീകരിക്കുന്ന ശൈലിയാണ് ഹോങ് സാങ്-സൂവിനെ വ്യത്യസ്തനാക്കുന്നത്. മൂന്ന് പതിറ്റാണ്ടിലേറെ നീണ്ട സിനിമാ ജീവിതത്തിനിടയിൽ, കാൻ, ബെർലിൻ, ലൊകാർനോ തുടങ്ങിയ ചലച്ചിത്രമേളകളിൽ അഭിമാനകരമായ നേട്ടങ്ങൾ ഹോങ് സാങ് സൂ സ്വന്തമാക്കിട്ടുണ്ട്.

ആദ്യ പ്രദർശനത്തിന് ശേഷം മികച്ച പ്രതികരണങ്ങൾ ലഭിച്ച ഈ ചിത്രം കാണാൻ പ്രേക്ഷകർക്ക് ഒരു അവസരം കൂടി ലഭിക്കുകയാണ് ഇന്ന്.