കേരളത്തില്‍ തിയറ്ററുകളിലും മറുഭാഷാ പ്രേക്ഷകര്‍ക്കിടയിലും ശ്രദ്ധേയമായ ചിത്രമായിരുന്നു 2022 ല്‍ പുറത്തെത്തിയ ജന ഗണ മന. ഏറെ ചർച്ചകൾക്ക് വഴിവച്ച ആനുകാലിക രാഷ്ട്രീയ സാമൂഹിക സാഹചര്യങ്ങളെ മറ്റൊരു വീക്ഷണ രീതിയിൽ അവതരിപ്പിച്ച ചിത്രമായിരുന്നു ഇത്. ചിത്രത്തിന്റെ രണ്ടാം ഭാഗം പ്രേക്ഷകർ പ്രതീക്ഷിച്ചിരുന്നു. ഇപ്പോഴിതാ ചിത്രത്തിന് അത്തരം ഒരു രണ്ടാം ഭാഗം ഇല്ലെന്ന് പറയുകയാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച സുരാജ് വെഞ്ഞാറമൂട്. പുതിയ ചിത്രം ഇഡിയുടെ പ്രൊമോഷന്‍റെ ഭാഗമായി സില്ലിമോങ്ക്സിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഈ കാര്യം വ്യക്തമാക്കിയത്.
‘ജന ഗണ മന (രണ്ടാം ഭാഗം) വെറുതെ ലിസ്റ്റിന്‍ കയറി തള്ളിയതാണ്. അങ്ങനെ രണ്ടാം ഭാഗമൊന്നും അവര്‍ ആലോചിച്ചിട്ടേയില്ല. ജന ഗണ മന സിനിമയുടെ പല ഭാഗങ്ങളും ട്രെയ്‍ലറായിട്ടോ ടീസര്‍ ആയിട്ടോ ഒന്നും പുറത്തുവിടാന്‍ പറ്റുമായിരുന്നില്ല. പുള്ളിയുടെ (പൃഥ്വിരാജ്) ലുക്ക് പുറത്തുവിടാന്‍ പറ്റില്ല. എന്‍റെ ഒരു പാട്ട് മാത്രം വിട്ടു. ഒരു ഉള്ളടക്കവും അതില്‍ നിന്ന് പുറത്തുവിടാന്‍ പറ്റാത്തതുകൊണ്ട് ഒരു ബോംബ് സ്ഫോടനം ഷൂട്ട് ചെയ്യാമെന്ന് തീരുമാനിക്കുകയായിരുന്നു. അങ്ങനെ ചെയ്തതാണ്. ഇത് കണ്ട് സെക്കന്‍ഡ് പാര്‍ട്ട് എന്ന് ആരൊക്കെയോ തള്ളിയപ്പോള്‍ അവരും കൂടെ അങ്ങ് തള്ളി എന്ന് മാത്രം. ഒരു പക്ഷേ രണ്ടാം ഭാഗം എഴുതാന്‍ അവര്‍ തയ്യാറാണെങ്കില്‍ നിര്‍മ്മിക്കാന്‍ അദ്ദേഹവും (ലിസ്റ്റിന്‍ സ്റ്റീഫന്‍) തയ്യാറാണ്. അഭിനയിക്കാന്‍ ഞാനും റെഡിയാണ്.’ സുരാജ് പറഞ്ഞു.
ജനഗണമന ആദ്യം ഭാഗം പോലുള്ള സിനിമയയേ ആയിരിക്കില്ല പാര്‍ട് 2, കുറെ കൂടെ ഇമോഷണലായിരിക്കും എന്ന് തിരക്കഥാകൃത്ത് ഷാരിസ് മുഹമ്മദ് നേരത്തെ വ്യതമാക്കിയിരുന്നു. കൂടാതെ ജന ഗണ മന 2 നെക്കുറിച്ച് ചിത്രത്തിന്റെ സംവിധായകന്‍ ഡിജോ ജോസ് ആന്‍റണിയും മുന്നേ പറഞ്ഞിരുന്നു. ജന ഗണ മനയുടെ വിജയം തങ്ങള്‍ക്ക് വലിയ ഉത്തരവാദിത്തമാണ് നല്‍കുന്നതെന്നും അതിനാല്‍ത്തന്നെ രണ്ടാം ഭാഗം സൂക്ഷിച്ച് പ്ലാന്‍ ചെയ്യേണ്ടതുണ്ടെന്നും അദ്ദേഹം മലയാളി ഫ്രം ഇന്ത്യ ചിത്രത്തിന്റെ പ്രൊമോഷൻ സമയത്ത് പറഞ്ഞിട്ടുണ്ട്.
STORY HIGHLIGHT: they have not planned jana gana mana2 says suraj venjaramoodu