Celebrities

‘ആ സിനിമ പ്രതീക്ഷയ്ക്കൊത്ത് ഉയർന്നില്ല, ഭാരം എനിക്കാണ്’; തുറന്ന് പറഞ്ഞ് മോഹൻലാൽ | mohanlal

ഏറെ പ്രതീക്ഷയോടെയാണ് മലൈക്കോട്ടെ വാലിബൻ എന്ന സിനിമ ചെയ്‌തെന്ന് പറയുകയാണ് മോഹൻലാൽ

ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത മലൈക്കോട്ടെ വാലിബനെ പ്രേക്ഷകർ സ്വീകരിച്ചിരുന്നില്ല. ലിജോ-മോഹൻലാൽ കൂട്ടുകെട്ടിൽ വലിയ പ്രതീക്ഷ പ്രേക്ഷകർക്കുണ്ടായിരുന്നു. മലൈക്കോട്ടെ വാലിബന്റെ പരാജയത്തെക്കുറിച്ച് ലിജോ ജോസ് പല്ലിശ്ശേരി നേരത്തെ സംസാരിച്ചിട്ടുണ്ട്. പ്രേക്ഷക പ്രതികരണം ഇങ്ങനെയായിരിക്കില്ലെന്ന് പ്രതീക്ഷിച്ചില്ലെന്നാണ് സംവിധായകൻ പറഞ്ഞത്.

ഏറെ പ്രതീക്ഷയോടെയാണ് മലൈക്കോട്ടെ വാലിബൻ എന്ന സിനിമ ചെയ്‌തെന്ന് പറയുകയാണ് മോഹൻലാൽ. “അത് നല്ല സിനിമയാണ്. പക്ഷെ പ്രതീക്ഷയ്ക്കൊത്ത് ഉയർന്നില്ല. എന്നേക്കാൾ എന്റെ പ്രേക്ഷകരും ആരാധകരും വിഷമിക്കും. അതിനാൽ തെരഞ്ഞെടുക്കുമ്പോൾ വളരെ ശ്രദ്ധ കാണിക്കണം. അല്ലെങ്കിൽ ഭാരം എനിക്കാണ്. ഒരു സിനിമ പരാജയപ്പെട്ടാൽ അതിന്റെ മുഴുവൻ കുറ്റപ്പെടുത്തലുകളും അഭിനേതാക്കൾക്ക് നേരെയാണ് വരിക”യെന്നും മോഹൻലാൽ പറഞ്ഞു.

പുതിയ സംവിധായകർക്കൊപ്പം സിനിമകൾ ചെയ്യുന്നതിനെ കുറിച്ചും മോഹൻലാൽ സംസാരിച്ചു.  ​ഗലാട്ട പ്ലസുമായുള്ള അഭിമുഖത്തിലാണ് താരത്തിന്റെ പരാമർശം. പുതിയ സംവിധായകർ മറ്റൊരു രീതിയിലാണ് ചെയ്യുന്നത്. പുതിയ സംവിധായകർക്കൊപ്പം താൻ സിനിമ ചെയ്യുന്നുണ്ടെന്ന് മോഹൻലാൽ പറയുന്നു. പുതിയ ചിത്രം തുട‌രും പുതിയ സംവിധായകന്റെ സിനിമയാണ്. ആവേശത്തിന്റെ സംവിധായകനൊപ്പം സിനിമ ചെയ്യാൻ പോകുന്നു. ഒരുപാട് കഥകൾ കേൾക്കുന്നുണ്ട്.

ബ്ലെസിയുടെ ആദ്യ സിനിമ നമുക്ക് പാർക്കാൻ മുന്തിരിതോപ്പുകൾ എനിക്കൊപ്പമായിരുന്നു. ഒരുപാട് നല്ല സംവിധായകർ വരുന്നുണ്ട്. പക്ഷെ അവർ കഥ പറയുമ്പോൾ അതിൽ ഞാൻ മോഹൻലാലിനെ കാണുന്നു. അതവർ തുടച്ച് നീക്കണം. ഇനി ഒരു പുതിയ സംവിധായകനൊപ്പം സിനിമ ചെയ്യുകയെന്നത് എനിക്ക് ചലഞ്ചിം​ഗ് ആണ്. പ്രോപ്പറായ സിനിമ തെരഞ്ഞെടുക്കണം.

ബറോസ് എന്ന സിനിമയിലൂടെ സംവിധായകനായി തുടക്കം കുറിക്കുകയാണ് നടൻ മോഹൻലാൽ. താരത്തിന്റെ ആരാധകർക്ക് ബറോസിൽ പ്രതീക്ഷകളേറെയാണ്.

നിധി കാക്കുന്ന ഭൂതത്തിന്റെ കഥ പറയുന്ന ബറോസ് മൈ ഡിയർ കുട്ടിച്ചാത്തന് ശേഷം ശേഷം പൂർണമായും ത്രീഡിയിൽ ചിത്രീകരിച്ച മലയാള സിനിമയാണ്. 2025 ൽ മോഹൻലാലിന്റെ നിരവധി സിനിമകൾ റിലീസിനെത്തുന്നുണ്ട്. മോഹൻലാലിനെ നായകനാക്കി 2025 ൽ റിലീസ് ചെയ്യുന്ന സിനിമകളുടെ ലിസ്റ്റും തിയതിയും ആശിർവാദ് സിനിമാസ് പുറത്ത് വിട്ടിട്ടുണ്ട്. ബറോസിന് പുറമെ തുടരം, ഹൃദയപൂർവം, വൃഷഭ, എമ്പുരാൻ തുടങ്ങിയ സിനിമളാണ് 2025 ൽ എത്തുക.

content highlight: mohanlal-opens-up