Entertainment

പാര്‍ശ്വവത്കരിക്കപ്പെട്ടവരുടെ ജീവിത കഥ പുറംലോകത്തോടു പറയാന്‍ സിനിമയ്ക്കു കഴിയുന്നു – മീറ്റ് ദ ഡയറക്ടര്‍ ചര്‍ച്ച

പാര്‍ശ്വവത്കരിക്കപ്പെട്ട മനുഷ്യരുടെ ജീവിതകഥകള്‍ പുറംലോകത്തോട് പറയാന്‍ സിനിമ എന്ന മാധ്യമത്തിന് കഴിയുന്നു എന്ന് മീറ്റ് ദ ഡയറക്ടര്‍ പരിപാടിയില്‍ പങ്കെടുത്ത ചലച്ചിത്ര പ്രവര്‍ത്തകര്‍. യവ സംവിധായകര്‍ നേരിടുന്ന പ്രശ്നങ്ങളടക്കം ചര്‍ച്ച ചെയ്ത പരിപാടി ഏറെ ശ്രദ്ധ നേടി. ന്റെ സിനിമ ആസാമിലെ ബാഗ്ജാനിലുള്ളവരുടെ ശബ്ദമാണെന്ന്, ബാഗ്ജാന്‍ വാതകച്ചോര്‍ച്ച പ്രമേയമാക്കിയ ‘ബാഗ്ജാന്‍’ എന്ന സിനിമയുടെ സംവിധായകന്‍ ജയചിങ് ജായി ദേഹോത്യ പരിപാടിയില്‍ പറഞ്ഞു. 2020ല്‍ അസമിലുണ്ടായ ദുരന്തത്തിന്റെ ഇരകളാണ് ചിത്രത്തിലഭിനയിച്ചവരില്‍ ഒരാള്‍ ഒഴികെയുള്ളവരെല്ലാം. ദുരന്തബാധിതര്‍ക്ക് വേണ്ട ശ്രദ്ധ ലഭിച്ചിട്ടില്ലെന്നും അവരുടെ പ്രശ്നങ്ങള്‍ പുറംലോകത്തെത്തിക്കാനാണ് സിനിമയിലൂടെ ശ്രമിച്ചതെന്നും ദേഹോത്യ വ്യക്തമാക്കി.

ഈ ചലച്ചിത്ര മേളയിലൂടെ തന്റെ സ്വപ്നമാണ് യാഥാര്‍ഥ്യമായതെന്ന് ‘ഗേള്‍ഫ്രണ്ട്’ സിനിമയുടെ സംവിധായിക ശോഭന പടിഞ്ഞാറ്റില്‍ പറഞ്ഞു. ഏറെ പ്രതിസന്ധികള്‍ക്ക് ശേഷം ചെയ്ത ആദ്യ സിനിമയുടെ ആദ്യ പ്രദര്‍ശനം ഐഎഫ്എഫ്കെയില്‍ നടന്നത് വലിയ നേട്ടമാണെന്നും ശോഭന പറയുന്നു. കുടിയേറ്റക്കാര്‍ ഇപ്പോഴും അനുഭവിക്കേണ്ടി വരുന്ന വംശീയ വിദ്വേഷമാണ് ‘എല്‍ബോ’ സിനിമയുടെ പ്രമേയമെന്നും താനും പലപ്പോഴും ഇത്തരം വിദ്വേഷത്തിനിരയായിട്ടുണ്ടെന്നും ചിത്രത്തിലെ നടി ജമീലിയ ബാഗ്ദാഹ് പറഞ്ഞു.

ഒന്നര മണിക്കൂറോളം നീണ്ടുനിന്ന പരിപാടി അവസാനിക്കുമ്പോഴും ചോദ്യങ്ങള്‍ അവസാനിച്ചിരുന്നില്ല. മീരാ സാഹിബ് മോഡറേറ്ററായ പരിപാടിയില്‍ സംവിധായകരായ ഭരത് സിംഗ് പരിഹര്‍ ( ഷീപ് ബാണ്‍), അഭിനേതാക്കളായ പൗളിന ബെര്‍ണിനി (മെമ്മറീസ് ഓഫ് എ ബേണിങ് ബോഡി), മോനൂജ് ബോര്‍കകോതൈ (ബാഗ്ജാന്‍) സഹര്‍ സ്തുദേഹ് (വെയിറ്റ് അണ്‍ടില്‍ സ്പ്രിങ്) ,കഥാകൃത്തായ രമേന്ദ്ര സിംഗ് (ഷീപ് ബാണ്‍), നിര്‍മ്മാതാവായ ഡാനിയേല്‍ സേര്‍ജ് (അനിമല്‍ ഹ്യൂമനോ) എന്നിവര്‍ പങ്കെടുത്തു. ബാലു കിരിയത്ത് പരിപാടിയില്‍ പങ്കെടുത്തവര്‍ക്ക് നന്ദി പറഞ്ഞു.