Movie News

ഡാർക്ക്‌ ഹ്യൂമർ വൈബുമായി ‘പ്രാവിന്കൂട് ഷാപ്’ ട്രെയിലർ പുറത്ത് – pravinkoodu shappu official trailer

ഡാർക്ക് ഹ്യൂമർ ജോണറിൽ ഒരുങ്ങുന്ന ചിത്രം ജനുവരി 16 ന് തിയറ്ററുകളിൽ എത്തും

സൗബിൻ ഷാഹിറും ബേസിൽ ജോസഫും ചെമ്പൻ വിനോദ് ജോസും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ‘പ്രാവിൻകൂട് ഷാപ്പ്’ എന്ന സിനിമയുടെ ട്രെയിലര്‍ പുറത്ത്. അടിമുടി ത്രില്ലിം​ഗാണ് രണ്ടു മിനിട്ട് ദൈർഘ്യമുള്ള ട്രെയിലർ ഒരുക്കിയിരിക്കുന്നത്. ഷാപ്പിൽ നടന്ന മരണ ചുറ്റപ്പറ്റിയാണ് കഥ സഞ്ചരിക്കുന്നതെന്നാണ് ട്രെയിലർ നൽകുന്ന സൂചന. കോമഡിയുടെ മേമ്പൊടിയോടെ അണിയിച്ചൊരുക്കിയിരിക്കുന്ന സസ്പെൻസ് ത്രില്ലറാണ് ചിത്രം. ഡാർക്ക് ഹ്യൂമർ ജോണറിൽ ഒരുങ്ങുന്ന ചിത്രം ജനുവരി 16 ന് തിയറ്ററുകളിൽ എത്തും.

ട്രെയിലറിലെ വിഷ്ണു വിജയിന്റെ വിസ്മയിപ്പിക്കുന്ന സംഗീതവും ശ്രദ്ധേയമാണ്. അൻവർ റഷീദ് എന്‍റർടെയ്ൻമെന്‍റ്സിന്‍റെ ബാനറിൽ അൻവർ റഷീദ് നിർമ്മിച്ച് നവാഗതനായ ശ്രീരാജ് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന ചിത്രം എറണാകുളത്തും തൃശൂരുമായാണ് ചിത്രീകരിച്ചിരിക്കുന്നത്. നിഗൂഢത നിറഞ്ഞ ഷോട്ടുകളും ഡയലോഗുകളും സമന്വയിപ്പിച്ചുകൊണ്ട് ഒരുക്കിയിരിക്കുന്ന ട്രെയിലര്‍ ചിത്രം കാണാന്‍ പ്രേക്ഷകരെ പ്രേരിപ്പിക്കും വിധത്തിലുള്ളതാണ്.

നേരത്തെ പുറത്തിറങ്ങിയ ചിത്രത്തിന്റെ പോസ്റ്ററുകള്‍ പ്രേക്ഷകര്‍ ഏറ്റെടുത്തിരുന്നു. ചാന്ദ്നി ശ്രീധരൻ, ശിവജിത് പത്മനാഭൻ, ശബരീഷ് വർമ്മ, നിയാസ് ബക്കർ, രേവതി, വിജോ അമരാവതി, രാംകുമാർ, സന്ദീപ്, പ്രതാപൻ കെ.എസ് തുടങ്ങിയവർ ചിത്രത്തിൽ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഷൈജു ഖാലിദാണ് ഛായാ​ഗ്രഹണം.

STORY HIGHLIGHT: pravinkoodu shappu official trailer