Celebrities

ഞങ്ങള്‍ കുഞ്ഞിനെ ആഗ്രഹിച്ചിരുന്നില്ല, ഗര്‍ഭിണിയായത് ഞെട്ടലുണ്ടാക്കി, തന്റെ രൂപത്തോടും വെറുപ്പ് തോന്നി| Radhika Apte

നടി രാധിക ആപ്തെയ്ക്കും ബെനെഡിക്ട് ടെയ്‌ലറിനും അടുത്തിടെയാണ് ആദ്യ കുഞ്ഞ് പിറന്നത്. നിറവയറുമായി ബി.എഫ്.ഐ. ലണ്ടന്‍ ഫിലിം ഫെസ്റ്റിവലില്‍ റെഡ്കാര്‍പറ്റില്‍ താരമെത്തിയത് ആരാധകര്‍ക്ക് വലിയ സര്‍പ്രൈസ് ആയിരുന്നു. ഗര്‍ഭിണിയാണെന്ന വിവരം രാധിക അതുവരെ തുറന്നുപറഞ്ഞിരുന്നില്ല. മാത്രമല്ല, സ്വകാര്യജീവിതം പൊതുമധ്യത്തില്‍ അധികം വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത വ്യക്തി കൂടിയാണവര്‍. കുറച്ച് ദിവസങ്ങൾക്ക് മുമ്പ്, നടി തന്റെ ഒരാഴ്ച പ്രായമുള്ള കുഞ്ഞിന് മുലയൂട്ടുന്ന ഒരു ചിത്രം പോസ്റ്റ് ചെയ്തിരുന്നു. ഇപ്പോൾ, തന്റെ ഗർഭധാരണത്തെക്കുറിച്ച് അവർ ഒടുവിൽ തുറന്നുപറഞ്ഞിരിക്കുകയാണ്. ഗർഭധാരണം തന്നെ സംബന്ധിച്ചിടത്തോളം അത്ര നല്ലതായിരുന്നില്ലെന്ന് പറയുകയാണ് രാധിക.

ഗര്‍ഭകാലം താന്‍ ആസ്വദിച്ചിരുന്നില്ലെന്നും. ”അവിചാരിതമായിട്ടാണ് ഗര്‍ഭം ധരിച്ചത്. ഗര്‍ഭിണിയായെന്ന് ആ നിമിഷം തൊട്ട് മനസ്സിലാക്കിയിരുന്നു, പക്ഷേ, അത് എന്നെ സംബന്ധിച്ചിടത്തോളം ഒരു ഷോക്കായിരുന്നു. അടുത്ത ദിവസം തന്നെ ആളുകളോട് പറയാന്‍ തുടങ്ങി. ഇത് ശരിക്കും ഒരു മണ്ടന്‍ കഥയാണെന്ന്. എനിക്കിത് പരസ്യമാക്കാന്‍ താല്‍പ്പര്യമില്ല. ഇതെങ്ങനെ സംഭവിച്ചുവെന്നത് തമാശയാണെന്നു പറയാം, അറിയാതെ സംഭവിച്ചതല്ല, പക്ഷേ കുഞ്ഞിനുവേണ്ടി ഞങ്ങള്‍ ശ്രമിച്ചിട്ടുമുണ്ടായിരുന്നില്ല. ഗര്‍ഭിണിയായത് ഞെട്ടലുണ്ടാക്കി’-അവര്‍ പറഞ്ഞു.

ആളുകള്‍ ഒരു കുട്ടി വേണോ വേണ്ടയോ എന്ന് സ്വയം മനസ്സിലാക്കുമ്പോള്‍ കാര്യങ്ങള്‍ എളുപ്പമാണെന്നാണ് രാധികയുടെ അഭിപ്രായം. തങ്ങളുടെ കാര്യത്തില്‍, രണ്ടുപേര്‍ക്കും കുട്ടികള്‍ വേണമെന്നുണ്ടായിരുന്നില്ല, പക്ഷേ അത് എങ്ങനെയായിരിക്കുമെന്നറിയാന്‍ ഒരു ശതമാനം ആകാംക്ഷയുണ്ടായിരുന്നു. പിന്നെ, അങ്ങനെ സംഭവിച്ചപ്പോള്‍, മുന്നോട്ട് പോകണോ എന്ന് ചിന്തിച്ചുവെന്നും താരം പറയുന്നു. വോഗിനു നല്‍കിയ അഭിമുഖത്തില്‍ തന്റെ പ്രെഗ്‌നന്‍സി ഫോട്ടോഷൂട്ടിനെ കുറിച്ചും തന്റെ രൂപത്തോട് വെറുപ്പ് തോന്നിയതിനെക്കുറിച്ചും രാധിക സംസാരിച്ചു. ‘എനിക്ക് എന്റെ രൂപം ഇഷ്ടപ്പെട്ടില്ല. പ്രസവിക്കുന്നതിന് ഒരാഴ്ച മുമ്പാണ് ഈ ഫോട്ടോ ഷൂട്ട് ചെയ്തത്, ആ സമയത്ത് ഞാന്‍ കാണാനെങ്ങനെയെന്നത് ഉള്‍ക്കൊള്ളാന്‍ പാടുപെട്ടു. ഇത്രയും ഭാരത്തില്‍ ഞാനെന്നെ ഒരിക്കലും കണ്ടിട്ടില്ല.

ഗര്‍ഭകാലത്തെ ശരീരഭാരം മാത്രമല്ല, ശാരീരിക അസ്വസ്ഥതകളും കൂടിയായിരുന്നു അത്. ശരീരം തടിച്ചിരുന്നു. ഇടുപ്പില്‍ വേദനയുണ്ടായിരുന്നു. ഉറക്കക്കുറവ് എല്ലാത്തിലുമുള്ള എന്റെ കാഴ്ചപ്പാട് തെറ്റിച്ചിരുന്നു. എന്നാല്‍ പിന്നീടത് മാറി. പുതിയ വെല്ലുവിളികളും പുതിയ കണ്ടുപിടിത്തങ്ങളും വ്യത്യസ്തമായ വീക്ഷണവുമുണ്ടായി. ഈ ഫോട്ടോകള്‍ വളരെ ദയയോടെയാണ് നോക്കുന്നത്. എന്നെത്തന്നെ വളരെയധികം ബുദ്ധിമുട്ടിച്ചതില്‍ വിഷമം തോന്നുന്നു. ഇപ്പോള്‍, ഈ മാറ്റങ്ങളില്‍ എനിക്ക് സൗന്ദര്യം മാത്രമേ കാണാനാകൂ, എനിക്കറിയാം. ഈ ഫോട്ടോകള്‍ ഞാന്‍ എക്കാലവും വിലമതിക്കും’-അവര്‍ പറഞ്ഞു.

ഇന്റര്‍നാഷണല്‍ എമ്മി അവാര്‍ഡ് നോമിനേഷന്‍ ലഭിക്കുന്ന ആദ്യ ഇന്ത്യന്‍ നടിയാണ് രാധിക ആപ്‌തെ. ബ്രിട്ടിഷ് വയലിനിസ്റ്റും കമ്പോസറുമായ ബെനെഡിക്ട് ടെയ്‌ലറിനെയാണ് രാധിക വിവാഹം ചെയ്തത്. 2012-ലായിരുന്നു വിവാഹം.