Celebrities

‘എന്റെ ആ സിനിമയ്ക്ക് വല്ലാത്തൊരു മാന്ത്രികതയുണ്ട്, 500ൽ കൂടുതൽ തവണ കണ്ടവരുമുണ്ട്’: മോഹൽ ലാൽ

മോഹൻലാലിന്റെ സിനിമാ ജീവിതത്തിൽ കാലങ്ങൾ കഴിയുമ്പോഴും വീഞ്ഞുപോലെ വീര്യം കൂടിക്കൊണ്ടിരിക്കുന്ന ചിത്രം ഏതാണെന്ന് ചോദിച്ചാൽ അതിന് തൂവാനത്തുമ്പികൾ എന്നായിരിക്കും ഉത്തരം. മലയാളി സിനിമാപ്രേമികളുടെ ഹൃദയത്തില്‍ അത്രമേൽ ആഴത്തില്‍ പതിഞ്ഞ രണ്ട് പേരുകളാണ് ജയകൃഷ്‌ണനും ക്ലാരയും. ‘ഓർമിക്കുവാൻ നമ്മുക്കിടയിൽ ഒന്നുമില്ല. പക്ഷേ മറക്കാതിരിക്കാൻ എന്തോ ഉണ്ട്’ -ഗാഢമായ പ്രണയത്തിനപ്പുറത്തേക്ക് മറ്റെന്തെല്ലാമോ കൂടി പറഞ്ഞുവച്ചാണ് ജയകൃഷ്‌ണനും ക്ലാരയും മടങ്ങുന്നത്. ഇതിനിടയിൽ മറ്റൊരു വിങ്ങലായി ജയകൃഷ്‌ണനോടുള്ള പ്രണയവുമായി നിസ്സഹായയായി സിനിമയിൽ ഉടനീളം നിൽക്കുന്ന രാധയുമുണ്ട്. പത്മരാജന്റെ തൂവാനത്തുമ്പികളെ ഒരു കൾട്ട് ക്ലാസിക് എന്നുതന്നെ വിശേഷിപ്പിക്കാം.

അതുവരെയുള്ള നായക സങ്കല്‍പങ്ങൾക്കെല്ലാം അപ്പുറമായിരുന്ന മോഹൻലാൽ അനശ്വരമാക്കിയ ജയകൃഷ്‌ണൻ എന്ന കഥാപാത്രം. ഇപ്പോൾ ഒരു അഭിമുഖത്തിൽ തൂവാനത്തുമ്പികളെക്കുറിച്ച് സംസാരിക്കുകയാണ് മോഹൻലാൽ. വല്ലാത്ത ഒരു തരം മാന്ത്രികത ആ സിനിമയ്ക്കുണ്ടെന്ന് കരുതുന്നുവെന്നാണ് താരം പറയുന്നത്. 500ലധികം തവണ ആ സിനിമ കണ്ടവരും ഇപ്പോഴും ആവർത്തിച്ച് കാണുന്നവരും ഉണ്ട്. ഉളളടക്കമായിരുന്നു ആ സിനിമയുടെ കരുത്തെന്നാണ് താരത്തിന്റെ അഭിപ്രായം. ശക്തമായ തിരക്കഥ, മേക്കിങിൻ്റെ പ്രത്യേകതകൾ തുടങ്ങിയവയെല്ലാം സിനിമയെ മികച്ചതാക്കി. കാലം ഇത്ര മാറി, സിനിമയുടെ ആഖ്യാന രീതിയും ഇതിവൃത്തങ്ങളും മാറി പക്ഷെ തൂവാനത്തുമ്പി പോലെ ഒരു ചിത്രം ഇനി ഉണ്ടാകില്ല എന്നാണ് മോഹൻലാൽ പറയുന്നത്. മറ്റൊരു തലത്തിൽ ഒരുപക്ഷേ അത്തരം സിനിമകൾ ഇനിയുമുണ്ടായേക്കാം. ഒരു നടന് ജീവിതത്തിൽ ഒരിക്കൽ മാത്രം ലഭിക്കുന്ന കഥാപാത്രമാണ് തൂവാനത്തുമ്പികൾ പോലുളള കൾട്ട് സിനിമകളിലേത്. അതി തനിക്ക് തന്നെ ലഭിച്ചെന്ന സന്തോഷവും മോ​ഹൻലാൽ കൂട്ടിച്ചേർക്കുന്നു.

ചിത്രം ഇറങ്ങിയ സമയത്ത് ലഭിക്കാതിരുന്ന സ്വീകാര്യതയാണ് പിന്നീട് ചിത്രത്തിന് ലഭിച്ചത്. ഒരു നല്ല കലാസൃഷ്‌ടി തിരിച്ചറിയപ്പെടാൻ അത് സൃഷ്‌ടിക്കപ്പെടുന്ന കാലത്ത് സാധിച്ചില്ലെന്ന് വരാം. അത് തിരിച്ചറിയാൻ മറ്റൊരു കാലം വേണ്ടിവരും. മറ്റൊരു തലമുറതന്നെ പിറക്കേണ്ടിയിരിക്കുന്നു എന്നൊക്കെ വരാം. അത്തരത്തിലാണ് തൂവാനത്തുമ്പികളുടെ കാര്യം. ഇന്ന് വാനോളം പ്രശംസിക്കുന്ന ചിത്രത്തിന്‍റെ അന്നത്തെ സ്വീകാര്യത വളരെ പിന്നിലായിരുന്നു. പത്മരാജന്‍റെ കയ്യൊപ്പ് പതിഞ്ഞ, മലയാളത്തിലെ എക്കാലത്തെയും മികച്ച ക്ലാസിക്‌ റൊമാന്‍റിക് സിനിമയായി തൂവാനത്തുമ്പികൾ എന്നും നിലനിൽക്കും.