Beauty Tips

തണുപ്പ് കാലത്തെ വരണ്ട ചർമ്മം എങ്ങനെ കൈകാര്യം ചെയ്യാം ?

ചര്‍മ്മസംരക്ഷണം ഏറെ ശ്രദ്ധയോടെ ചെയ്യേണ്ട ഒന്നാണ്. മാറുന്ന കാലാവസ്ഥക്ക് അനുസരിച്ച് ചര്‍മ്മത്തിലും മാറ്റങ്ങള്‍ വന്നേക്കാം. അതിനാല്‍ തന്നെ എല്ലാ കാലത്തും ചര്‍മ്മം ഒരേ രീതിയില്‍ അല്ല സംരക്ഷിക്കേണ്ടത്. ചര്‍മ്മ സംരക്ഷണത്തില്‍ ഏറ്റവും വെല്ലുവിളി നിറയുന്ന സമയം ശൈത്യകാലത്താണ്. തണുപ്പ് കാലത്ത് ചര്‍മ്മം വരണ്ടതാകാന്‍ തുടങ്ങും. തണുപ്പുകാലം തുടങ്ങിയാല്‍ കൈയും കാലും മുഖവും ആകെ മാറും. ഒരല്‍പം പൗഡറിട്ടാല്‍ പോലും മുഖമാകെ വൃത്തികേടായിരിക്കും, കൈകളുടെയും കാലുകളുടെയും അവസ്ഥയും അങ്ങനെത്തന്നെ.

സൗന്ദര്യസംരക്ഷണത്തിന് സമയം മാറ്റിവെക്കാത്തവരാണ് നിങ്ങളെങ്കില്‍‍, തണുപ്പുകാലം തുടങ്ങിയാല്‍ ഒരല്‍പ്പം സമയം അതിനായി കണ്ടേക്കുക. കാരണം, ചര്‍മ്മത്തിന് അത്രയേറെ കരുതല്‍ ആവശ്യമുള്ള കാലമാണ് മഞ്ഞുകാലം. ഡിസംബര്‍ മാസത്തില്‍ പ്രത്യേകിച്ചും, ചര്‍മ്മ സൗന്ദര്യം കാത്തു സൂക്ഷിക്കുവാനും ചര്‍മ്മ രോഗങ്ങള്‍ വരുന്നത് തടയുവാനും പ്രത്യേക ശ്രദ്ധ ആവശ്യമുള്ള മാസമാണിത്. പൊതുവെ ചര്‍മ്മ രോഗങ്ങളുള്ളവരെ സംബന്ധിച്ചാകട്ടെ ഈ കാലത്ത് അസുഖം കൂടാനും സാധ്യതയേറെയാണ്. മഞ്ഞുകാലം തുടങ്ങിയാല്‍ അന്തരീക്ഷത്തിലെ ഈര്‍പ്പം കുറയുന്നതാണ് ഈ പ്രശ്നങ്ങളുടെയെല്ലാം പിന്നിലുള്ള പ്രധാന കാരണം.

ചര്‍മ്മം വരളാനും, ചുണ്ടുകള്‍ പൊട്ടി തൊലിപൊളിയാനും, കാല്‍പാദങ്ങള്‍ വിണ്ടുകീറാനും തണുപ്പ് കാരണമാകും. അതിനുള്ള മുന്‍കരുതല്‍ എടുക്കുക. ചര്‍മ്മത്തിലെ എണ്ണമയം നിലനിര്‍ത്താന്‍ ശ്രദ്ധിക്കുക. തണുപ്പുകാലത്ത് രൂക്ഷമാകുന്ന ചില ചര്‍മ്മ രോഗങ്ങളാണ് താരന്‍, അലര്‍ജികള്‍, പാദം വിണ്ടുകീറല്‍ എന്നിവ. കുട്ടികളിലാണെങ്കില്‍ ഈ കാലത്ത് ഏറ്റവുമധികം ശ്രദ്ധ ലഭിക്കേണ്ട രോഗമാണ് കരപ്പന്‍.

കരപ്പനുള്ള കുട്ടികളില്‍ സോപ്പിന്റെ ഉപയോഗം പൂര്‍ണ്ണമായും ഒഴിവാക്കുക. കുളിക്കുന്നതിന് മുന്‍പ്‌ എണ്ണ ശരീരത്തില്‍ പുരട്ടുന്നത് ചര്‍മ്മം കൂടുതല്‍ വരളാന്‍ കാരണമാകും. കുളിക്കുന്ന വെള്ളത്തില്‍ ബാത്ത് ഓയില്‍ ചേര്‍ത്ത് കുളിപ്പിക്കുക. കുളിപ്പിച്ച് ഉടനെ തന്നെ മോയിസ്ചറൈസിങ്ങ് ക്രീം പുരട്ടി കൊടുക്കുക. കൊച്ചുകുട്ടികളാണെങ്കില്‍ ദിവസം രണ്ടോ മൂന്നോ തവണയോ ഇങ്ങനെ ചെയ്യുക.

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ?

മഞ്ഞുകാലം തുടങ്ങിയാല്‍ സോപ്പിന്റെ ഉപയോഗം കഴിയുന്നതും കുറയ്ക്കുക.

ചര്‍മ്മരോഗമുള്ളവര്‍ സോപ്പ് പൂര്‍ണ്ണമായും ഒഴിവാക്കുക.

സിന്തെറ്റ്‌സോ (syndet) ക്ലെന്‍സേഴ്സോ (cleanser) സോപ്പിന് പകരം ഉപയോഗിക്കുക. (ഇത് ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരമായിരിക്കുക)

തണുപ്പ് തുടങ്ങിക്കഴിഞ്ഞാല്‍ ശരീരത്തില്‍ എണ്ണ തേച്ചുള്ള കുളി ഒഴിവാക്കണം. ഇത് ചര്‍മ്മം കൂടുതല്‍ വരളാന്‍ കാരണമാകും.

ചെറുചൂട് വെള്ളത്തില്‍ കുളിക്കുക.

കുളികഴിഞ്ഞ് ശരീരത്തില്‍ നിന്ന് വെള്ളം വലിഞ്ഞു പോകുന്നതിനു മുമ്പുതന്നെ മോയിസ്ചറൈസിങ്ങ് ക്രീം ഉപയോഗിക്കുക.

വരണ്ട ചര്‍മ്മമുള്ളവര്‍ ദിവസം രണ്ടോ മൂന്നോ തവണ മോയിസ്ചറൈസിങ്ങ് ക്രീം പുരട്ടുക.

എണ്ണമയമുള്ള ചര്‍മ്മക്കാര്‍ തണുപ്പുകാലത്ത് ഓയില്‍ ഫ്രീ മോയിസ്ചറൈസിങ്ങ് ക്രീം ഉപയോഗിക്കുക.