Celebrities

പ്രായക്കൂടുതൽ, മുടിയുടെ നീളം.. നടൻമാരുടെ ഇരട്ടത്താപ്പല്ലേ ഇതെല്ലാം?- Sonakshi Sinha

ബോളിവുഡിൽ നിരവധി ആരാധകരുള്ള നടിമാരിലൊരാളാണ് സോനാക്ഷി സിന്‍ഹ. 2010 ൽ പുറത്തിറങ്ങിയ ദബാംഗ് എന്ന ചിത്രത്തിലൂടെയാണ് ചലച്ചിത്ര രംഗത്തേക്ക് കടന്നുവരുന്നത്. ഈസ ചിത്രത്തിലെ അഭിനയത്തിന് മികച്ച പുതുമുഖ നടിക്കുള്ള ഫിലിംഫെയര്‍ അവാര്‍ഡ് ലഭിച്ചിരുന്നു. പിന്നീടങ്ങോട്ട് നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു. സഞ്ജയ് ലീലാ ബന്‍സാലിയുടെ ഹീരമണ്ഡിയെന്ന വെബ്‌സീരീസാണ് സൊനാക്ഷിയുടെ ഒടുവിലായി പുറത്തിറങ്ങിയ പ്രോജക്റ്റ്. നികിത റോയിയുടെ ബുക്ക് ഓഫ് ഡാര്‍ക്ക്‌നസാണ് അടുത്ത ചിത്രം.

ഇപ്പോഴിതാ, മുതിർന്നൊരു നടൻ തനിക്കൊപ്പം അഭിനയിക്കാൻ വിസമ്മതിച്ച അനുഭവം പങ്കുവയ്ക്കുകയാണ് സൊനാക്ഷി സിൻഹ. നടനേക്കാൾ പ്രായം തനിക്ക് തോന്നുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് അഭിനയിക്കാൻ വിസമ്മതിച്ചതെന്നും സൊനാക്ഷി പറഞ്ഞു. സിനിമാ മേഖലയിലെ ഇരട്ടത്താപ്പിനെ ചൂണ്ടിക്കാട്ടിയ സൊനാക്ഷി, അഭിനേത്രികൾക്ക് ഇത്തരം പ്രതിബന്ധങ്ങളെ മറികടക്കേണ്ടതിനേനെക്കുറിച്ചും പറഞ്ഞു.

സൂമിന് നൽകിയ അഭിമുഖത്തിലാണ് സൊനാക്ഷി ഇതേക്കുറിച്ച് പറഞ്ഞത്. ഇത്തരം പ്രതീക്ഷകളൊന്നും പുരുഷന്മാർക്ക് ബാധകമാകാറില്ലെന്നും സൊനാക്ഷി പറഞ്ഞു. മുതിർന്ന നടൻമാർ മുപ്പതുവയസ്സു താഴെയുള്ള സ്ത്രീകളെയൊക്കെ പ്രേമിക്കുന്ന രം​​ഗങ്ങളുണ്ടെങ്കിലും പ്രായത്തിന്റെ പേരിൽ കളിയാക്കപ്പെടില്ല. വയറുണ്ടെങ്കിലോ, മുടികുറഞ്ഞാലോ ഒന്നും അവർ പരിഹാസത്തിന് വിധേയരാവില്ല.

തുടർന്നാണ് തനിക്ക് പ്രായം തോന്നുന്നുവെന്ന് പല മുതിർന്ന നടന്മാരും പറഞ്ഞിട്ടുണ്ടെന്ന് സൊനാക്ഷി പങ്കുവെച്ചത്. തന്നേക്കാൾ പ്രായമുള്ള നടന്മാർ അവരേക്കാൾ പ്രായം തനിക്ക് തോന്നുന്നുവെന്ന് പറഞ്ഞിട്ടുണ്ട്. അവരോടൊക്കെ നന്ദി പറയുകയാണ്. അത്തരക്കാർക്കൊപ്പം താനും അഭിനയിക്കാൻ ആ​ഗ്രഹിക്കുന്നില്ല. ഇത്തരം പ്രതിബന്ധങ്ങളെയെല്ലാം മറികടന്ന് പുരുഷന്മാരുടേതുപോലെ സു​ഗമമായിരിക്കാൻ എപ്പോഴും പാടുപെടുന്നത് സ്ത്രീകളാണ്- സൊനാക്ഷി പറഞ്ഞു.

ബോഡിഷെയിമിങ്ങിനും സൈബർ ബുള്ളീയിങ്ങിനും നിരന്തരം ഇരയാകുന്നതിനേക്കുറിച്ച് അടുത്തിടെ സൊനാക്ഷി തുറന്നുപറഞ്ഞിരുന്നു. സാമൂഹികമാധ്യമത്തിലൂടെയുള്ള ട്രോളുകളും ക്രൂര വിമർശനങ്ങളും മടുത്ത് ഒരുഘട്ടത്തിൽ സൊനാക്ഷി ട്വിറ്റർ അക്കൗണ്ട് നിർജീവമാക്കുകയും ചെയ്തിരുന്നു. പിന്നാലെ ഇത്തരം കാര്യങ്ങളെ പ്രതിരോധിക്കാൻ അബ് ബസ്(ഇനി നിർത്താം) എന്ന പേരിൽ അതാതുരം​ഗത്തെ വിദ​ഗ്ധരുമായി അഭിമുഖം നടത്തുന്നതിന്റെ വീഡിയോയും സൊനാക്ഷി പങ്കുവെച്ചിരുന്നു.