ബോളിവുഡ് താരങ്ങളായ ദീപിക പദുകോണിനും രൺവീർ സിംഗിനും പിറന്ന കുഞ്ഞ് ഓമനയെ കാണാനുള്ള കാത്തിരിപ്പിലായിരുന്നു ആരാധകർ. ഗണേശ ചതുര്‍ത്ഥി ദിനത്തിലാണ് ഇരുവര്‍ക്കും മകള്‍ പിറന്നത്. വൈറല്‍ ഭയാനി എന്ന ഇന്‍സ്റ്റഗ്രാം ഹാന്റിലിലാണ് ഇരുവരും അച്ഛനമ്മമാരായ വിവരം പുറത്തുവന്നത്. മുംബൈയിലെ എച്ച്എൻ റിലയൻസ് ഫൗണ്ടേഷൻ ആശുപത്രിയിരുന്നു ദീപികയുടെ പ്രസവം. ഇരുവരുടെയും കുഞ്ഞ് മാലാഖയെ കാണാൻ അന്ന് മുതൽ തന്നെ ആരാധകർ കാത്തിരുന്നിരുന്നു.
ദീപിക പദുകോണിനും രൺവീർ സിംഗിനും കുഞ്ഞ് ജനിച്ച അന്ന് മുതൽ തന്നെ കുഞ്ഞിന്റേതെന്ന പേരില്‍ വ്യാജചിത്രങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കാന്‍ തുടങ്ങിയതാണ്. എന്നാല്‍ കഴിഞ്ഞ ദിവസങ്ങളിലായി ഇന്റര്‍നെറ്റില്‍ വൈറലായിക്കൊണ്ടിരിക്കുന്ന ചിത്രങ്ങള്‍ക്ക് പ്രത്യേകതയുണ്ട്, ദീപികയുടെയും മകളുടെയും രണ്‍വീറിന്റെയും യഥാര്‍ഥ ചിത്രമെന്ന് തോന്നിപ്പിക്കുന്ന തരത്തില്‍ തയ്യാറാക്കിയ ഈ വ്യാജനെ വിശ്വസിച്ചവര്‍ ഏറെയാണ്. ദീപികയുടെ മുഖം മറ്റൊരു സ്ത്രീയുടെ ശരീരത്തില്‍ ചേര്‍ത്ത് ഡിജിറ്റലായി തയ്യാറാക്കിയ വ്യാജചിത്രമാണിത്. ഒറിജിനൽ എന്ന് തോന്നിപ്പിച്ച ഈ ചിത്രം ഇന്‍സ്റ്റഗ്രാമില്‍ ട്രന്‍ഡിങ് ആയി നിന്നതും അതിന്റെ വിശ്വാസ്യത കൂട്ടി. പലരും ദീപികയുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ തിരഞ്ഞ് ചിത്രത്തിന്റെ സത്യാവസ്ഥ പരിശോധിക്കുകയും ചെയ്തു. അപ്പോഴാണ് ദമ്പതികൾ ഇതുവരെ കുഞ്ഞിന്റെ ചിത്രം പുറത്തുവിട്ടിട്ടില്ലെന്ന സത്യാവസ്ഥ മനസിലായത്. ചിത്രങ്ങൾ സൂക്ഷ്മമായി നിരൂക്ഷിച്ചാൽ പോലും വ്യാജനാണെന്ന് മനസിലാക്കാൻ കഴിയാത്തത്ര പെർഫക്ഷനോടെയാണ് കുഞ്ഞിന്റേതെന്ന പേരിലുള്ള ചിത്രങ്ങൾ പ്രചരിക്കുന്നത്.
വർഷങ്ങളോളം നീണ്ട പ്രണയത്തിനൊടുവിൽ 2018ലാണ് ദീപികയും രൺവീറും വിവാഹിതരായത്. 2024 ഫെബ്രുവരിയിലായിരുന്നു താൻ ഗർഭിണിയാണെന്ന വിവരം താരം തൻ്റെ ഇൻസ്‌റ്റഗ്രാം പേജിലൂടെ അറിയിച്ചത്. വിവാഹം കഴിഞ്ഞ് ആറാം വർഷത്തിലാണ് ആദ്യ കൺമണിയെ ഇരുവരും സ്വാഗതം ചെയ്തത്.