Entertainment

29-ാമത് രാജ്യാന്തര ചലച്ചിത്രമേള; മികച്ച ചിത്രങ്ങളുടെ ഒരു മേളയായി ഇത്തവണത്തെ ഫെസ്റ്റിവല്‍ മാറിയെന്ന സംവിധായകര്‍

മലയാളം സിനിമ ടുഡേ വിഭാഗത്തിലെ 14 സിനിമകളില്‍ സ്വതന്ത്ര സിനിമകളുടെ പങ്ക് വലുതാണെന്ന് മലയാളം സിനിമ ടുഡേ വിഭാഗം സെലക്ഷന്‍ കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ജിയോ ബേബി. നൂതനമായതും പരീക്ഷണാടിസ്ഥാനത്തിലും നിര്‍മിച്ച ചിത്രങ്ങള്‍ കൂടുതലായുള്ളത് സ്വതന്ത്ര സിനിമകളിലാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

മികവാര്‍ന്ന ദേശീയ, രാജ്യാന്തര സിനിമകള്‍ ഇത്തവണത്തെ മേളയില്‍ പ്രേക്ഷകര്‍ക്കുമുന്നിലെത്തി. ഭാരിച്ച പണച്ചെലവേറിയ ഒന്നല്ല സിനിമ എന്നു ചൂണ്ടികാട്ടുന്നതാണ് ഈ വിഭാഗത്തില്‍ വന്ന കാമദേവന്‍ നക്ഷത്രം കണ്ടു, വട്ടൂസി സോംബി എന്നീ ചിത്രങ്ങള്‍. ഐ.എഫ്.എഫ്.കെയ്ക്കു വേണ്ടി മാത്രം സിനിമകള്‍ നിര്‍മിക്കുന്ന കൂട്ടായ്മകളുണ്ടെന്നത് മേളയുടെ പ്രാധാന്യത്തെ ചൂണ്ടിക്കാട്ടുന്നു. നിലവാരമുള്ള കേരളത്തിലെ പ്രേക്ഷകര്‍ വിജയിപ്പിക്കുന്നതും അങ്ങനെയുള്ള ചിത്രങ്ങളാണ്. പലതരം സിനിമകള്‍ ചെയ്യാന്‍ പറ്റുന്ന നാട്ടില്‍ ജീവിക്കുന്നു എന്നതില്‍ സന്തോഷമുണ്ട്. ഒപ്പം അത് വലിയ ഉത്തരവാദിത്തം കൂടി നല്‍കുന്നുണ്ട്. ഗംഭീര സിനിമകളാണ് ഇവിടുത്തെ പ്രേക്ഷകര്‍ക്ക് വേണ്ടത് എന്ന ബോധ്യം ഉണ്ടായിരുന്നു. എത്രപേര്‍ മേളയില്‍ പങ്കെടുത്തു എന്നതിനുമപ്പുറം എത്ര പേര്‍ സിനിമകള്‍ കാണാന്‍ കയറുന്നു എന്നതാണ് ചോദ്യം. ആ ചോദ്യത്തിന്റെ ഉത്തരമാണ് നിറഞ്ഞ സദസ്സില്‍ പ്രദര്‍ശനം പുരോഗമിക്കുന്ന സിനിമകള്‍ എന്നും ജിയോ ബേബി ചൂണ്ടിക്കാട്ടി.

250 ഓളം ചിത്രങ്ങളില്‍ നിന്ന് 10 ചിത്രങ്ങള്‍ തിരഞ്ഞെടുക്കുക എന്നത് പ്രയാസമേറിയ പ്രക്രിയയായിരുന്നുവെന്ന് അന്താരാഷ്ട്ര മത്സര വിഭാഗം സെലക്ഷന്‍ കമ്മിറ്റി അംഗം ശ്രുതി ശരണ്യം പറയുന്നു. നിത്യേന എട്ടു മുതല്‍ 15 സിനിമ വരെ കണ്ടാണ് രണ്ടു മാസം കൊണ്ട് എല്ലാ ചിത്രങ്ങളും കണ്ടുതീര്‍ത്തത്. അഞ്ചു പേര്‍ അടങ്ങിയ കമ്മിറ്റിയില്‍ അവരവരുടെ ആശയങ്ങളും അഭിപ്രായങ്ങളും ഉണ്ടായിരുന്നു. അതുകൊണ്ടുതന്നെ പല കാഴ്ച്ചപ്പാടുകളിലൂടെ സഞ്ചരിച്ച് ഒരൊറ്റ ഉത്തരത്തില്‍ എത്തുക എന്നത് കഠിനവും അതേസമയം പുതിയ ചിന്തകള്‍ പകരുന്നതുമായിരുന്നു. മെമ്മറീസ് ഓഫ് എ ബേണിങ് ബോഡി, മാലു, എല്‍ബോ തുടങ്ങിയ ചിത്രങ്ങള്‍ ഉള്‍പ്പെടുത്താന്‍ സാധിച്ചത് വ്യക്തിപരമായി സന്തോഷം നല്‍കി. കഥാപാത്രങ്ങള്‍ക്ക് ഏറെ പ്രാധാന്യമുള്ളതും കഥാപാത്രങ്ങളാല്‍ മുന്നോട്ടുപോകുന്നതുമായ ഫെമിനിച്ചി ഫാത്തിമ പോലുള്ള സിനിമകള്‍
അന്താരാഷ്ട്ര മത്സര വിഭാഗത്തിന്റെ ഭാഗമായതില്‍ അഭിമാനമുണ്ട്. കുറഞ്ഞ ചെലവില്‍ സാധാരണക്കാരുമായി ഒത്തുചേര്‍ന്ന് നിര്‍മിച്ച ഫെമിനിച്ചി ഫാത്തിമയ്ക്ക് മികച്ച പ്രേക്ഷക പ്രതികരണം കിട്ടുകയും ചെയ്തു. ജയന്‍ ചെറിയാന്റെ റിഥം ഓഫ് ദമാം പ്രേക്ഷക ശ്രദ്ധ നേടിയെന്നും തികഞ്ഞ ഉള്‍കാഴ്ച്ചയുള്ള ഒരു ചലച്ചിത്ര പ്രവര്‍ത്തകനാണ് ജയന്‍ എന്നും ശ്രുതി ശരണ്യം പറഞ്ഞു.

സ്വാഭാവികമായി തെരഞ്ഞെടുക്കപ്പെട്ട വൈവിധ്യമാര്‍ന്ന ഒരു കൂട്ടം സിനിമകളാണ് ഇന്ത്യന്‍ സിനിമ നൗ വിഭാഗത്തിലുള്ളതെന്ന് സെലക്ഷന്‍ കമ്മിറ്റി അംഗം ആദിത്യ ശ്രീകൃഷ്ണ പറഞ്ഞു. ജാതിയെക്കുറിച്ച് സംസാരിക്കുന്ന സിനിമകളും അതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ആജൂര്‍ എന്ന ചിത്രത്തിലൂടെ ബജ്ജിഗ ഭാഷയെ ചലച്ചിത്രാസ്വാദകരിലേക്ക് എത്തിച്ചു. ആദിവാസി സ്ത്രീയുടെ കഥ പറയുന്ന ഹ്യൂമന്‍സ് ഇന്‍ ദ ലൂപ്പ് എന്ന ചിത്രവും എടുത്ത് പറയേണ്ടതാണ്. ആധുനികതയുടെയും പാരമ്പര്യത്തിന്റെയും വൈരുദ്ധ്യമാണ് ഇന്ത്യന്‍ സിനിമ നൗ വിഭാഗത്തില്‍ പ്രദശിപ്പിച്ച അങ്കമ്മാള്‍ എന്ന ചിത്രത്തില്‍ ചര്‍ച്ചചെയ്യപ്പെടുന്നതെന്നും ആദിത്യ ശ്രീകൃഷ്ണ പറഞ്ഞു.