Celebrities

വിവാഹമോചന ശേഷം ആദ്യപോസ്റ്റുമായി ജയം രവി; ക്യാപ്ഷനിൽ ചിറക് വിരിച്ച് പറക്കുന്ന പ്രാവും, ‘സ്വാതന്ത്ര്യം കിട്ടി’ | jayam ravi

ഒടുവിൽ സമാധാനത്തോടെ ജയം രവി സ്വന്തം ജീവിതം നയിക്കുന്നത് കാണാൻ കഴിയുന്നു, സ്വാതന്ത്ര്യം കിട്ടി

നടൻ ജയം രവി ഇൻസ്റ്റ​ഗ്രാമിൽ പങ്കിട്ട പോസ്റ്റാണ് ഇപ്പോൾ ചർച്ചയാകുന്നത്. ബോട്ടിലിരുന്ന് കടലും ആകാശവും ആസ്വദിച്ച് റിലാക്സ് ചെയ്യുന്ന ജയം രവിയുടെ ചിത്രങ്ങളാണ് പോസ്റ്റിൽ കാണാൻ സാധിക്കുന്നത്. മണിക്കൂറുകൾക്ക് മുമ്പാണ് നടൻ ഈ ചിത്രം സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. ലക്ഷ്യസ്ഥാനങ്ങൾ മാത്രമേ മാറുന്നുള്ളൂ… വിധിയല്ല എന്നായിരുന്നു ഫോട്ടോയ്ക്ക് നടൻ നൽകിയ ക്യാപ്ഷൻ.

സ്റ്റോറിയിലും ഇതേ ഫോട്ടോ പങ്കുവെച്ച് ചിറക് വിരിച്ച് പറക്കുന്ന പ്രാവിന്റെ ഇമോജിയും നടൻ നൽകിയിട്ടുണ്ട്. വിവാഹമോചനശേഷം ആദ്യമായാണ് ഇത്തരമൊരു പോസ്റ്റ് നടൻ പങ്കുവെക്കുന്നത്. ഒടുവിൽ സമാധാനത്തോടെ ജയം രവി സ്വന്തം ജീവിതം നയിക്കുന്നത് കാണാൻ കഴിയുന്നു, സ്വാതന്ത്ര്യം കിട്ടി… നടൻ ജീവിതം ആസ്വദിച്ച് തുടങ്ങി എന്നിങ്ങനെ നീളുന്നു കമന്റുകൾ. വിവാഹമോചനശേഷം ജയം രവി കൂടുതൽ ചെറുപ്പമായിയെന്നും കമന്റുകളുണ്ട്. ഡാർക്ക് ​ഗ്രേ ഷെയ്ഡിലുള്ള കോഡ് സെറ്റാണ് നടൻ ധരിച്ചിരിക്കുന്നത്.

സിനിമാപ്രേമികളെല്ലാം അമ്പരപ്പോടെയാണ് ജയം രവിയും ഭാര്യ ആർതിയും വേർപിരിഞ്ഞുവെന്ന വാർത്ത കേട്ടത്. തമിഴ് സിനിമയിലെ മാതൃക ദമ്പതികളുടെ പട്ടികയിലായിരുന്നു ഇരുവർക്കും സ്ഥാനം. അതുകൊണ്ട് തന്നെ നടന്റെ സോഷ്യൽമീഡിയ പേജിൽ വിവാഹമോചനം പ്രഖ്യാപിച്ചുള്ള കുറിപ്പ് പ്രത്യക്ഷപ്പെട്ടപ്പോൾ തുടക്കത്തിൽ ആരും തന്നെ വിശ്വസിച്ചിരുന്നില്ല. ആർതിയുമായുള്ള 15 വര്‍ഷത്തെ ദാമ്പത്യജീവിതം അവസാനിപ്പിച്ചുവെന്നും വളരെയധികം വേദനയോടെ എടുത്ത തീരുമാനമാണ് ഇതെന്നുമാണ് വിവാഹമോചനം അറിയിച്ച് പങ്കുവെച്ച കുറിപ്പിൽ ജയം രവി പറഞ്ഞത്.

എന്നാൽ ജയംരവി വിവാഹമോചന വാർത്ത പുറത്തുവിട്ടത് തന്റെ അറിവോ സമ്മതമോ ഇല്ലാതെയാണെന്നായിരുന്നു ഭാര്യ ആർതിയുടെ പ്രതികരണം. ഇരുവർക്കും ആരാവ്, അയാൻ എന്നിങ്ങനെ രണ്ട് ആൺകുട്ടികളാണുള്ളത്. ആർതിയുമായുള്ള ബന്ധം നടൻ വേർപ്പെടുത്തിയത് ഗായിക കെനിഷ ഫ്രാൻസിസുമായുള്ള പ്രണയം മൂലമാണെന്നും റിപ്പോർട്ടുകൾ വന്നിരുന്നു.

എന്നാൽ ജയം രവി അത്തരം ​ഗോസിപ്പുകളെയെല്ലാം തള്ളുകയാണ് ചെയ്തത്. താൻ ഇത്രയും വർഷക്കാലം ഭാര്യയുടേയും ഭാര്യ വീട്ടുകാരുടെയും നിയന്ത്രണത്തിലായിരുന്നുവെന്നാണ് വിവാഹമോചനത്തിന് പിന്നിലെ കാരണം വെളിപ്പെടുത്തവെ നടൻ പറഞ്ഞത്. സ്വന്തമായി അധ്വാനിച്ചുണ്ടാക്കുന്ന പണം പോലും ചിലവഴിക്കാൻ തനിക്ക് അനുവാദമില്ലായിരുന്നുവെന്നും ജയം രവി വെളിപ്പെടുത്തിയിരുന്നു. നടന്റെ സോഷ്യൽമീഡിയ പേജുകൾ പോലും ഭാര്യ ആർതി കയ്യടക്കിവെച്ചിരിക്കുകയായിരുന്നുവത്രെ.

2009ലാണ് നിര്‍മാതാവായ സുജാത വിജയകുമാറിന്റെ മകളായ ആരതിയും ജയം രവിയും വിവാഹിതരാകുന്നത്. തമിഴ് സിനിമയില്‍ മുന്‍നിര നടനായി ജയം രവി നിറഞ്ഞ് നില്‍ക്കുന്ന സമയത്തായിരുന്നു വിവാഹം. ആർതിയും സോഷ്യൽമീഡിയയിൽ സജീവമാണ്. ഫോട്ടോഷൂട്ടിലും തിളങ്ങാറുണ്ട്.

കഴിഞ്ഞ 13 വര്‍ഷമായി ആരതിക്കൊപ്പം ജോയിന്‍റ് അക്കൗണ്ടാണ് ഉപയോഗിക്കുന്നത്. ഞാന്‍ പണം പിന്‍വലിച്ചാല്‍ ഉടനെ മെസേജ് ഭാര്യയ്ക്ക് പോകും. അവള്‍ക്ക് എന്ത് വേണമെങ്കിലും വാങ്ങാം. ലക്ഷങ്ങള്‍ വിലയുള്ള ചെരുപ്പും ബാഗും അവര്‍ വാങ്ങാറുണ്ട്. ഞാന്‍ വിദേശത്ത് പോകുമ്പോള്‍ കാര്‍ഡ് ഉപയോഗിച്ചാല്‍ എന്തിനാണ് കാര്‍ഡ് ഉപയോഗിച്ചത് എന്താണ് കഴിക്കുന്നത് എന്നൊക്കെ ചോദിക്കും. എന്‍റെ അസിസ്റ്റന്‍റിനോട് ഞാന്‍ പണം ചെലവാക്കുന്നതിനെ കുറിച്ച് ചോദിക്കും.

ഒരു വലിയ സിനിമയില്‍ പ്രവര്‍ത്തിച്ചവര്‍ക്ക് ഞാന്‍ ട്രീറ്റ് കൊടുത്തു. ഇതിന് പിന്നാലെ എന്‍റെ അസിസ്‌റ്റന്‍റിനെ വിളിച്ച് എന്തിനാണ് പണം ചെലവഴിച്ചതെന്ന് വിളിച്ച് ചോദിച്ചു. ആരൊക്കെ വന്നു എന്നൊക്കെ ചോദിച്ചു. അത് വലിയ നാണക്കേടായിരുന്നു എനിക്ക്. എന്‍റെ ഇന്‍സ്‌റ്റഗ്രാം അക്കൗണ്ടിന്‍റെ പാസ്‌വേര്‍ഡ് എന്‍റെ കയ്യിലുണ്ടായിരുന്നില്ല. വാട്‌സ് ആപ്പ് ഉപയോഗിക്കുന്നതിന് പ്രശ്‌നമുണ്ടാക്കി. ആറ് വര്‍ഷമായി ഞാന്‍ അതും ഉപയോഗിച്ചിരുന്നില്ല.

ബ്രദര്‍ എന്ന സിനിമയുടെ ചിത്രീകരണ സമയത്ത് വീഡിയോ കോള്‍ ചെയ്‌തു. റൂമില്‍ ആരൊക്കെയുണ്ട് എന്ന് കാണിക്കാന്‍ പറഞ്ഞു. ചിലപ്പോഴൊക്കെ പ്രശ്‌നങ്ങള്‍ കാരണം ചിത്രീകരണം മുടങ്ങി. ആരതിയുടെ അമ്മയാണ് എന്‍റെ പല സിനിമകളും തിരഞ്ഞെടുക്കുന്നത്. ചിത്രങ്ങള്‍ പരാജയപ്പെട്ടാല്‍ എന്നെ കുറ്റപ്പെടുത്തും. പക്ഷെ എല്ലാം സാമ്പത്തിക ലാഭം നേടിയിട്ടുള്ള ചിത്രങ്ങളാണ്. എന്നാല്‍ എന്നോട് പറഞ്ഞത് അത് നഷ്‌ടമാണെന്നാണ്.

അങ്ങനെ വേറെ നിര്‍മാതാക്കളുടെ സിനിമ ചെയ്യാമെന്ന് കരുതി. എന്നാല്‍ അതിനും സമ്മതിക്കാതെയായി. ഇങ്ങനെ സമ്മര്‍ദ്ദം താങ്ങാനാവാതെ സൈക്കോളജിസ്‌റ്റിനെ വരെ കാണേണ്ടി വന്നു. അങ്ങനെയാണ് വീട് വിട്ടു പോയത് എന്നാണ് വിവാഹമോചനത്തിലേക്ക് നീങ്ങാനുള്ള കാരണം വെളിപ്പെടുത്തി ജയം രവി പറഞ്ഞത്.

content highlight: jayam-ravi-enjoying-holiday-after-separation