1996 ൽ വന്ന ഇന്ത്യൻ എന്ന സിനിമയുടെ രണ്ടാം ഭാഗമായി കമൽ ഹാസനെ നായകനാക്കി ഷങ്കർ സംവിധാനം ചെയ്ത ചിത്രമാണ് ഇന്ത്യൻ 2. എന്നാൽ റിലീസിന് ശേഷം വലിയ വിമർശനങ്ങൾ ആണ് ചിത്രത്തിന് നേരിടേണ്ടി വന്നത്. തിരക്കഥയുടെയും സംവിധാനത്തിന്റെയും പേരിൽ മോശം പ്രതികരണങ്ങൾ ഏറ്റുവാങ്ങിയ സിനിമ ബോക്സ് ഓഫീസിലും പരാജയമായിരുന്നു. ഇന്ത്യൻ 2 അവസാനിച്ചപ്പോൾ തന്നെ ചിത്രത്തിന്റെ മൂന്നാം ഭാഗത്തിനെ പറ്റിയുള്ള സൂചനകൾ നൽകിയിരുന്നു. മൂന്നാം ഭാഗം തിയേറ്റർ റിലീസ് ഒഴിവാക്കി ഒടിടിയിലൂടെ പ്രേക്ഷകർക്ക് മുന്നിലെത്തുമെന്ന് അഭ്യൂഹങ്ങൾ ഉയർന്നിരുന്നു. ഇപ്പോഴിതാ സംവിധായകൻ ഷങ്കർ തന്നെ അതിന് ഉത്തരവുമായി എത്തിയിരിക്കുകയാണ്.
ഇന്ത്യൻ 3 തിയേറ്ററിൽ തന്നെ റിലീസ് ചെയ്യുമെന്നും മൂന്നാം ഭാഗം ഉറപ്പായും പ്രേക്ഷകർ സ്വീകരിക്കുമെന്നും ഒരു അഭിമുഖത്തിലൂടെ ഷങ്കർ പറഞ്ഞു. ഇന്ത്യൻ 2 വിന് ഇത്രയും നെഗറ്റീവ് റെസ്പോൺസ് താൻ പ്രതീക്ഷിച്ചിരുന്നില്ലെന്നും ചിത്രത്തിന്റെ മൂന്നാം ഭാഗത്തിലൂടെയും ഗെയിം ചേഞ്ചറിലൂടെയും മികച്ച അനുഭവം പ്രേക്ഷകർക്ക് നൽകാനാകുമെന്ന വിശ്വാസം തനിക്കുണ്ടെന്നും ഷങ്കർ പറഞ്ഞു.
രാംചരണിനെ നായകനാക്കി ഒരുങ്ങുന്ന ഗെയിം ചേഞ്ചർ ആണ് ഇനി പുറത്തിറങ്ങാനുള്ള ഷങ്കർ ചിത്രം. ‘ഗെയിം ചേഞ്ചറിൽ ഞാൻ പൂർണ്ണ സംതൃപ്തനാണ്. രാംചരണിന് ഇതൊരു ലൈഫ് ടൈം കഥാപാത്രമാണ്. ഉജ്ജ്വലമായ തിരക്കഥയിൽ നിറഞ്ഞ ഒരു റേസി സിനിമയായിരിക്കും ഗെയിം ചേഞ്ചർ.’ എന്നും ചിത്രത്തിനെ കുറിച്ച് ഷങ്കർ പറഞ്ഞു. കേരളത്തിൽ ചിത്രം റിലീസിനെത്തിക്കുന്നത് ഇ ഫോർ എന്റർടൈൻമെന്റ് ആണ്. രാം ചരണിൻ്റെ കരിയറിലെ ഏറ്റവും വലിയ ചിത്രമായാണ് ‘ഗെയിം ചേഞ്ചർ’ ഒരുക്കിയിരിക്കുന്നത്. ശ്രീ വെങ്കിടേശ്വര ക്രിയേഷൻസിൻ്റെയും സീ സ്റ്റുഡിയോസിൻ്റെയും ബാനറുകളിൽ ദിൽ രാജുവും സിരിഷും ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിൽ കിയാര അദ്വാനി, എസ്. ജെ. സൂര്യ, സമുദ്രക്കനി, അഞ്ജലി, നവീൻ ചന്ദ്ര, സുനിൽ, ശ്രീകാന്ത്, ജയറാം എന്നിവരും പ്രധാന വേഷമാണ് കൈകാര്യം ചെയ്യുന്നു.
STORY HIGHLIGHT: indian-3 will release in theatres only says shankar