കഴിഞ്ഞ വർഷം ജവാൻ എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിലൂടെയാണ് തമിഴ് സംവിധായകൻ അറ്റ്‌ലി ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചത്. വരുൺ ധവാൻ നായകനാകുന്ന ബേബി ജോണ്‍ ചിത്രത്തിന്‍റെ നിര്‍മ്മാതാവാണ് സംവിധായകന്‍ അറ്റ്‌ലി. ബേബി ജോണിന്റെ പ്രോമോഷൻ പരിപാടിയിൽ, സൽമാൻ ഖാനെ നായകനാക്കി താൻ ഒരുക്കുന്ന പുതിയ ചിത്രം രാജ്യത്തിന് തന്നെ അഭിമാനമാകുമെന്ന് അറ്റ്‌ലി പറഞ്ഞു.
എ6 എന്ന് താൽക്കാലികമായി പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ തിരക്കഥ പൂർത്തിയായി കൊണ്ടിരിക്കുകയാണെന്നും രാജ്യത്തിന് അഭിമാനം നൽകുന്ന ഒരു കാസ്റ്റിംഗ് സർപ്രൈസ് ഈ പ്രോജക്റ്റ് വാഗ്ദാനം ചെയ്യുന്നുണ്ടെന്നും അറ്റ്‌ലി പറഞ്ഞു. സിനിമയുടെ സ്‌ക്രിപ്റ്റ് ഏകദേശം പൂർത്തിയാക്കി. ഞങ്ങൾ ഇപ്പോൾ പ്രീ പ്രൊഡക്ഷൻ ഘട്ടത്തിലാണ്. ദൈവാനുഗ്രഹത്തോടെ ഉടൻ തന്നെ ഒരു ബാംഗ്-ഓൺ പ്രഖ്യാപനം നിങ്ങളുടെ അടുത്തെത്തും. കാസ്റ്റിംഗിനായി കാത്തിരിക്കുക. നിങ്ങളുടെ എല്ലാ അനുഗ്രഹങ്ങളും ആവശ്യമാണ് എന്നും അറ്റ്‌ലി മാധ്യമങ്ങളോട് പറഞ്ഞു.
‘ബേബി ജോണിൽ’ നായകനാവുന്ന വരുൺ ധവാനും ‘എ6’ എന്ന ചിത്രത്തിനെ കുറിച്ചുള്ള അറ്റ്ലിയുടെ കാഴ്ചപ്പാടിനെ പ്രശംസിച്ചു. ‘എനിക്ക് എ6 നെ കുറിച്ച് കുറച്ച് കാര്യങ്ങൾ അറിയാം. എ6ന് വേണ്ടി അദ്ദേഹം വിശ്രമമില്ലാതെ പ്രവർത്തിക്കുന്നു.’ എന്നായിരുന്നു വരുൺ ധവാൻ പറഞ്ഞത്.
സൽമാൻ ഖാനൊപ്പം തെന്നിന്ത്യൻ സൂപ്പർ താരങ്ങളും ഒന്നിക്കുന്ന മൾട്ടി സ്റ്റാർ ചിത്രമായിരിക്കും എ6 എന്ന് നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. രജനികാന്ത് , കമൽഹാസൻ തുടങ്ങിയ ഇതിഹാസ താരങ്ങളും ഈ പദ്ധതിയുടെ ഭാഗമായേക്കുമെന്ന് അഭ്യൂഹങ്ങളുണ്ട്.
അതേസമയം 2024 ഡിസംബർ 25 നാണ് ബേബി ജോൺ റിലീസ് ചെയ്യുന്നത്. തമിഴിൽ ദളപതി വിജയ്‌യെ നായകനാക്കി അറ്റ്‌ലി സംവിധാനം ചെയ്ത തെരിയുടെ ഹിന്ദി റീമേക്കാണ് ബേബി ജോൺ. മലയാളി താരം കീർത്തി സുരേഷ്, വാമിഖ ഗബ്ബി എന്നിവരാണ് ചിത്രത്തിൽ നായിക കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ചിത്രത്തിൽ സൽമാൻ അതിഥി വേഷത്തിൽ എത്തുന്നുണ്ട്. ജിയോ സ്റ്റുഡിയോ, സിനി 1 സ്റ്റുഡിയോ, ആപ്പിൾ പ്രൊഡക്ഷൻസിന് കീഴിൽ അറ്റ്ലി, മുറാദ് ഖേതാനി, ജ്യോതി ദേശ്പാണ്ഡെ എന്നിവരാണ് ചിത്രം നിർമിക്കുന്നത്. സുമിത് അറോറയാണ് ചിത്രത്തിന്റെ ഡയലോഗുകൾ എഴുതിയിരിക്കുന്നത്.