Beauty Tips

ചുണ്ടിന് മുകളില്‍ അധിക രോമവളര്‍ച്ചയോ ? വീട്ടിലുണ്ട് പരിഹാരം !

മേൽചുണ്ടിന് മുകളിലായി രോമം കിളിർക്കുന്നത് പുരുഷന്മാരുടെ ജീവിത യാത്രയിൽ സാധാരണയായി സംഭവിക്കുന്ന കാര്യങ്ങളിൽ ഒന്നു മാത്രമാണ്. എന്നാൽ സ്ത്രീകളിൽ ഇതുണ്ടാകുന്നതിന് അവരിലും അതുപോലെ കാണുന്നവരിലും ഒരുപോലെ അസ്വസ്ഥത ഉളവാക്കുന്ന ഒന്നായിരിക്കും. ഒരു സ്ത്രീയുടെ ആകർഷകമായ മുഖത്തിൻ്റെ മുഴുവൻ മനോഹാരിതയും കവർന്നെടുക്കാൻ ഈയൊരു ചെറിയ കാര്യം മാത്രം മതി. ഇത്തരം അവസ്ഥകൾ ഭൂരിഭാഗം സ്ത്രീകളേയും വിഷമത്തിലേക്കും മാനസിക സമ്മർദ്ദത്തിലേക്കും തള്ളിവിടുന്നുണ്ട്.

എന്തുകൊണ്ടാണ് ചില സ്ത്രീകൾക്ക് മാത്രം ഇത്തരം പ്രശ്നങ്ങൾ ഉണ്ടാവുന്നത് എന്നറിയാമോ. ഇത്തരത്തിൽ ചുണ്ടിനു മുകളിലായി രോമ വളർച്ചയുടെ പ്രശ്നങ്ങൾ നേരിടുന്ന വിഭാഗത്തിൽ പെട്ടവരാണ് നിങ്ങളെങ്കിൽ ഇതിന് പരിഹാരമായി നിങ്ങളുടെ വീട്ടിൽ തന്നെ കണ്ടെത്താൻ കഴിയുന്ന പ്രകൃതിദത്തമായ ചികിത്സാരീതികളെ പറ്റി അറിയാനായി തുടർന്ന് വായിക്കുക.

ഒരു ടേബിള്‍ സ്പൂണ്‍ മഞ്ഞളും ഒരു ടേബിള്‍ സ്പൂണ്‍ പാലും നന്നായി മിക്സ് ചെയ്യുക. ശേഷം ഈ പേസ്റ്റ് മുകളിലെ ചുണ്ടില്‍ പുരട്ടി 30 മിനിറ്റ് കാത്തിരിക്കുക. ഇത് ഉണങ്ങി കഴിഞ്ഞാല്‍ വെള്ളം ഉപയോഗിച്ച് പതുക്കെ തടവിയ ശേഷം കഴുകി കളയുക. ഈ മിശ്രിതം ആഴ്ചയില്‍ രണ്ടോ മൂന്നോ തവണ പുരട്ടിയാൽ ചുണ്ടിന് മുകളിലെ രോമങ്ങൾ നന്നായി കുറയുന്നത് കാണാൻ സാധിക്കും.

രോമകൂപങ്ങൾ നീക്കം ചെയ്യാൻ വളരെ ഉപകാരപ്പെടുന്ന ഒന്നാണ് ചെറുപയർ പൊടി. ഇതിനായി ഒരു ടേബിള്‍ സ്പൂണ്‍ പാലും ഒരു ടേബിള്‍ സ്പൂണ്‍ ചെറുപയര്‍ പൊടിയും കാല്‍ ടേബിള്‍ സ്പൂണ്‍ മഞ്ഞള്‍പൊടിയും ചേര്‍ത്ത് നന്നായി ഇളക്കി പേസ്റ്റാക്കി മാറ്റം. ശേഷം ഈ പേസ്റ്റ് നിങ്ങളുടെ ചുണ്ടുകള്‍ക്ക് മുകളില്‍ പുരട്ടി 15 മുതൽ 20 മിനുട്ട് വരെ വയ്ക്കാം. അത് ഏകദേശം ഉണങ്ങിയ ശേഷം ചെറു ചൂടുവെള്ളം ഉപയോഗിച്ച് തുടച്ച് മാറ്റാം.

ആസിഡുകളാൽ സമ്പന്നമാണ് നാരങ്ങ. ഇത് ചുണ്ടിന്റെ മുകള്‍ ഭാഗത്തെ രോമം ബ്ലീച്ച് ചെയ്യുകയും കനം കുറഞ്ഞതാക്കുകയും ചെയ്യും. അതുപോലെ ചര്‍മത്തില്‍ നിന്ന് രോമം പുറം തള്ളാന്‍ പഞ്ചസാര സഹായിക്കും. ഇത് രോമകൂപങ്ങളെ അയവുള്ളതാക്കുന്നതിനാല്‍ രോമം കളയുന്നത് എളുപ്പമാക്കാൻ പ്രവർത്തിക്കും. ഒരു ടേബിൾ സ്പൂൺ പഞ്ചസാരയിൽ നാരങ്ങാ നീര് പിഴിഞ്ഞ് നന്നായി യോജിപ്പിക്കുക. പേസ്റ്റ് രൂപമായതിന് ശേഷം അത് ചുണ്ടിന്റെ മുകൾ ഭാഗങ്ങളിലായി പുരട്ടാം. ഒരു 15 മിനുട്ട് നേരമെങ്കിലും തേച്ച് പിടിപ്പിക്കണം. ശേഷം കഴുകിക്കളയാം.

മുഖത്തെ രോമവളർച്ചയ്ക്കായി മുകളിൽ‌ നൽകിയിരിക്കുന്ന പരിഹാരങ്ങൾ‌ പിന്തുടരുക. ഏതാനും ആഴ്‌ചകൾ‌ക്കുള്ളിൽ‌ തന്നെ നിങ്ങളുടെ രോമങ്ങളുടെ കനം കുറയുന്നതായും അവ മങ്ങിവരുന്നതായും തിരിച്ചറിയാനാവും.

നിങ്ങളുടെ ചുണ്ടിനു മുകളിലെ രോമങ്ങൾ ഷേവ് ചെയ്യുന്ന രീതി ഒരിക്കലും തിരഞ്ഞെടുക്കരുത്. മുഖം ഷേവ് ചെയ്യുമ്പോൾ ചർമ്മത്തിൽ നിന്ന് മുഖത്തെ രോമം മാത്രമേ നീക്കം ചെയ്യപ്പെടുന്നുള്ളൂ. വേരുകളിൽ നിന്ന് രോമങ്ങൾ വീണ്ടും വളരാൻ തുടങ്ങുമ്പോൾ, അത് കൂടുതൽ ദൃഢമുള്ളതായി മാറുന്നു.