Education

യുജിസി നെറ്റ്; 2025 ജനുവരി 3 മുതൽ 85 വിഷയങ്ങളിൽ പരീക്ഷനടക്കും |ugc-net-exam

ജനുവരി 3 മുതൽ 16 വരെയാണ് പരീക്ഷ. രാവിലെ 9 മുതൽ 12 വരെയും വൈകുന്നേരം 3 മുതൽ 6 വരെയും രണ്ട് സെഷനുകളിലായാണ് പരീക്ഷ.

ദില്ലി: 2024 ഡിസംബറിലെ യുജിസി നെറ്റ് പരീക്ഷാ തിയ്യതി പുതുക്കി നിശ്ചയിച്ചു. 2025 ജനുവരി 3 മുതൽ 16 വരെ വിവിധ വിഷയങ്ങളിൽ പരീക്ഷ നടക്കും. നേരത്തെ ജനുവരി 1 മുതൽ 19 വരെ നടത്താനാണ് ആലോചിച്ചിരുന്നത്. രാവിലെ 9 മുതൽ 12 വരെയും വൈകുന്നേരം 3 മുതൽ 6 വരെയും രണ്ട് സെഷനുകളിലായാണ് പരീക്ഷ നടത്തുക. കമ്പ്യൂട്ടർ അധിഷ്ഠിത ടെസ്റ്റാണ് (സിബിടി) നടത്തുക.

നാഷണൽ ടെസ്റ്റിംഗ് ഏജൻസിയാണ് (എൻടിഎ) അസിസ്റ്റന്‍റ് പ്രൊഫസർ നിയമനം, പിഎച്ച്ഡി പ്രവേശനം, ജൂനിയർ റിസർച്ച് ഫെല്ലോഷിപ്പ് എന്നിവയ്ക്കായി പരീക്ഷ നടത്തുക. 85 വിഷയങ്ങളിലായാണ് പരീക്ഷ നടക്കുക. പരീക്ഷയ്ക്ക് ഒരാഴ്ച മുൻപ് ഏതാണ് പരീക്ഷാ കേന്ദ്രമെന്ന് എൻടിഎ വെബ്സൈറ്റിൽ നിന്ന് അറിയാൻ കഴിയും.

ജനുവരി 3 ന് രാവിലെ 9 മുതൽ ഉച്ചയ്ക്ക് 12 വരെ പബ്ലിക് അഡ്മിനിസ്ട്രേഷൻ, വിദ്യാഭ്യാസം എന്നീ വിഷയങ്ങളിലായിരിക്കും പരീക്ഷ. വൈകിട്ട് 3 മുതൽ 6 വരെ ഇക്കണോമിക്സുമായി ബന്ധപ്പെട്ട വിഷയങ്ങളിലാണ് പരീക്ഷ. ജനുവരി 6ന് രാവിലെ 9 മുതൽ ഉച്ചയ്ക്ക് 12 വരെ കമ്പ്യൂട്ടർ സയൻസ്, പൊളിറ്റിക്കൽ സയൻസ്, പേർഷ്യൻ, റഷ്യൻ, ബംഗാളി, ചൈനീസ്, രാജസ്ഥാനി, അറബ് സംസ്കാരവും ഇസ്ലാമിക പഠനവും എന്നീ വിഷയങ്ങളിൽ പരീക്ഷ നടക്കും. വൈകിട്ട് 3 മുതൽ 6 വരെ താരതമ്യ സാഹിത്യത്തിൽ പരീക്ഷ നടക്കും.

ജനുവരി 7ന് രാവിലെ 9 മുതൽ ഉച്ചയ്ക്ക് 12 വരെ കൊമേഴ്സിലും വൈകിട്ട് 3 മുതൽ 6 വരെ ഇംഗ്ലീഷ്, യോഗ വിഷയങ്ങളിലായിരിക്കും പരീക്ഷ. ജനുവരി 8ന് രാവിലെ 9 മുതൽ ഉച്ചയ്ക്ക് 12 വരെ ഹിന്ദി, മണിപ്പൂരി, കന്നഡ വിഷയങ്ങളിലും ഉച്ചയ്ക്ക് ശേഷം ആസമീസ്, സന്താലി, സോഷ്യൽ വർക്ക്, ഹോം സയൻസ്, സംഗീതം എന്നീ വിഷയങ്ങളിലുമാണ് പരീക്ഷ.

ജനുവരി 9ന് രാവിലെ പഞ്ചാബി, തമിഴ്, ഭൂമിശാസ്ത്രം, മറാത്തി, ഒറിയ എന്നീ വിഷയങ്ങളിലും വൈകിട്ട് അറബി, ഗുജറാത്തി, തെലുങ്ക്, ഫിസിക്കൽ എഡ്യൂക്കേഷൻ, സംസ്കൃതം തുടങ്ങിയ വിഷയങ്ങളിലും പരീക്ഷ നടത്തും. ജനുവരി 10 രാവിലെ 9 മുതൽ ഉച്ചയ്ക്ക് 12 വരെ ചരിത്രം, പാലി വിഷയങ്ങളിലും വൈകീട്ട് മനഃശാസ്ത്രം, നരവംശശാസ്ത്രം കമ്മ്യൂണിറ്റി ഹെൽത്ത്, ഫോറൻസിക് സയൻസ്, ടൂറിസം അഡ്മിനിസ്ട്രേഷൻ തുടങ്ങിയ വിഷയങ്ങളിലും പരീക്ഷ നടക്കും.

ജനുവരി 15ന് രാവിലെ സംസ്കൃതം, ജേർണലിസം, ജാപ്പനീസ്, പെർഫോമിംഗ് ആർട്ട്, ഇലക്ട്രോണിക് സയൻസ്, നിയമം തുടങ്ങിയ വിഷയങ്ങളിലും വൈകുന്നേരം മലയാളം, ഉർദു, ക്രിമിനോളജി, കൊങ്കണി, പരിസ്ഥിതി ശാസ്ത്രം എന്നീ വിഷയങ്ങളിലുമാണ് പരീക്ഷ.

ജനുവരി 16ന് രാവിലെ സോഷ്യോളജി, ജർമ്മൻ, സിന്ധി, ഫ്രഞ്ച് എന്നിവയിലും വൈകുന്നേരം ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ്, പൊളിറ്റിക്സ്, സ്പാനിഷ്, മതങ്ങളുടെ താരതമ്യ പഠനം, ഫിലോസഫി, കശ്മീരി തുടങ്ങിയ വിഷയങ്ങളിലും പരീക്ഷ നടക്കും.

കോൺടെന്റ് ഹൈലൈറ് :ugc-net-december-2024-exam-revised-schedule-announced

Latest News