Entertainment

കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ നവാഗത സംവിധായകനുള്ള രജത ചകോരം ഹൈപ്പര്‍ബോറിയന്‍സ് സംവിധാനം ചെയ്ത ക്രിസ്റ്റോബല്‍ ലിയോണിനും ജോക്വിന്‍ കോസിനും

29 -ാമത് രാജ്യാന്തര ചലച്ചിത്രമേളയിലെ മികച്ച നവാഗത സംവിധാനത്തിനുള്ള രജത ചകോരം ചിലിയെന്‍ ചിത്രം ദ ഹൈപ്പര്‍ബോറിയന്‍സ് സംവിധാനം ചെയ്ത ക്രിസ്റ്റോബല്‍ ലിയോണിനും ജോക്വിന്‍ കോസിനും. നിശാഗന്ധിയില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സിനിമയുടെ കലാ സംവിധായിക നതാലിയ ഗെയ്സിന് പുരസ്‌ക്കാരം സമ്മാനിച്ചു. മൂന്ന് ലക്ഷം രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌ക്കാരം.

നടിയും മനഃശാസ്ത്രജ്ഞയുമായ അന്റോണിയ ഗീസെന്‍ തന്റെ മുന്നിലെത്തിയ ഒരു രോഗിയുടെ മനസിനുള്ളില്‍ കേള്‍ക്കുന്ന ശബ്ദങ്ങളെ അടിസ്ഥാനമാക്കി ഒരു തിരക്കഥയെഴുതാന്‍ തീരുമാനിക്കുന്നു. അതിന് ചലച്ചിത്ര സംവിധായകരായ ലിയോണിന്റെയും കോസിനയുടെയും സഹായം തേടുന്നു. യഥാര്‍ത്ഥ ലോകവും രോഗിയുടെ ഭാവനയിലെ ലോകവും ഇടവിട്ട് വന്നുപോകുന്ന ചിത്രീകരണമാണ് സിനിമയിലുടനീളം.
സങ്കീര്‍ണമായ ഈ സിനിമാഖ്യാനത്തെ പ്രേക്ഷകര്‍ക്ക് വേറിട്ട അനുഭവം സമ്മാനിച്ചുകൊണ്ട് തിയേറ്റര്‍, ആനിമേഷന്‍, സയന്‍സ് ഫിക്ഷന്‍ എന്നിവയുടെ ഘടകങ്ങള്‍ സമന്വയിപ്പിച്ചാണ് ഒരുക്കിയിരിക്കുന്നത്.

സിനിമയ്ക്ക് ആധാരമായ കഥാപാത്രങ്ങളെ അടിസ്ഥാനമാക്കി ഒരു കലാപ്രദര്‍ശനമാണ് ആദ്യം സംവിധായകര്‍ പദ്ധതി ഇട്ടിരുന്നത് പിന്നീട് ആ ആശയം ഒരു സിനിമയായി പരിണമിക്കുകയായിരുന്നെന്നു. പ്രധാന കഥാപാത്രങ്ങളിലൊന്ന് അവതരിപ്പിച്ച ഫ്രാന്‍സിസ്‌കോ വിസെറലിന് സിനിമയില്‍ ലോഹം കൊണ്ടു തീര്‍ത്ത മുഖമാണ്. കലാസംവിധായിക നതാലിയ ഗെയ്സിന്റെ പങ്ക് എടുത്തുപറയേണ്ടതാണ്.