സ്ത്രീപക്ഷ രാഷ്ട്രീയം ഉയർത്തിപ്പിടിച്ചാണ് ഇത്തവണത്തെ ചലച്ചിത്ര മേള കൂടുതൽ ശ്രദ്ധേയമായതെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. 29-)മത് കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ സമാപന സമ്മേളനം തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.മികച്ച ദൃശ്യാനുഭവം നൽകിയ മേളയുടെ ഉദ്ഘാടന ചടങ്ങിൽ ആദരിക്കപ്പെട്ടത് ഹോങ്കോങ് സംവിധായിക ആൻ ഹുയിയും അഭിനേത്രി ശബാന ആസ്മിയുമാണ്. സ്പിരിറ്റ് ഓഫ് സിനിമ പുരസ്‌കാരം ലഭിച്ചത് സംവിധായിക പായൽ കപാഡിയക്കാണ്. ആകെ പ്രദർശിപ്പിച്ച 177 സിനിമകളിൽ 40 ൽ പരം ചിത്രങ്ങളും സ്ത്രീ സംവിധായകരുടേതാണ്. മേളയുടെ സിഗ്നേച്ചർ ഫിലിമിലൂടെ ആദരിക്കപ്പെട്ടത് നമ്മുടെ ആദ്യ നായിക പി കെ റോസിയാണ്.
സ്ത്രീപക്ഷ കാഴ്ച്ചപ്പാട് ഉയർത്തിപ്പിടിച്ച മേള ഒരുമയുടെയും ഐക്യത്തിന്റെയും വേദിയായി മാറിയത് ഏറെ സന്തോഷം നൽകുന്നു.ചലച്ചിത്ര പ്രവർത്തകരുടെ അഭൂതപൂർവമായ പങ്കാളിത്തവും നിർലോഭമായ സഹകരണവും മേളയെ വൻ വിജയമാക്കി തീർത്തു. ചലച്ചിത്ര പ്രവർത്തകരെ അഭിനന്ദിച്ച മുഖ്യമന്ത്രി പുരസ്കാരങ്ങൾ കൂടുതൽ മികച്ച ചിത്രങ്ങളുമായി വീണ്ടുമെത്താൻ അവർക്ക് പ്രചോദനമാവട്ടെയെന്നു ആശംസിച്ചു. അടിച്ചമർത്തപ്പെട്ടവരുടെയും ദുരിതമനുഭവിക്കുന്നവരുടെയും അവകാശങ്ങൾക്കൊപ്പമാണ് ഈ ചലച്ചിത്രമേള. മേളയിൽ പ്രദർശിപ്പിച്ച ചിത്രങ്ങളിൽ നിന്നുതന്നെ അത് വ്യക്തമാണ്.ഭരണ സംവിധാനത്തിന്റെ അടിച്ചമർത്തപ്പെടലുകൾക്ക് വിധേയരായവരുടെ ചിത്രങ്ങൾ മേളയിൽ പ്രദർശിപ്പിക്കപ്പെട്ടു. ജാഫർ പനാഹി തിരക്കഥയൊരുക്കിയ ദ വിറ്റ്നസ്സ് ആ നിരയിലുള്ളതാണ്. വനിതകളുടെ അവകാശപോരാട്ടങ്ങൾ പറഞ്ഞ ‘സീഡ്‌സ് ഓഫ് ദി സേക്രഡ് ഫിഗ്‘, ക്വീർ രാഷ്ട്രീയം പ്രമേയമായ ’യങ് ഹേർട്ട്സ്‘, ’എമിലിയ പരേസ്‘, പാരിസ്ഥിതിക വിഷയങ്ങൾ പറഞ്ഞ ’വില്ലേജ് റോക്ക് സ്റ്റാർസ് -2‘ എന്നീ ചിത്രങ്ങൾ മേളയിൽ ശ്രദ്ധേയമായി. മൂന്നാം ലോക രാജ്യങ്ങളിലെ സാമൂഹ്യ സാമ്പത്തിക സാംസ്‌കാരിക വയക്തിക വിഷയങ്ങളെ പ്രേക്ഷകരിലേക്കെത്തിക്കാൻ മേളയിലൂടെ സാധിച്ചതിൽ ചാരിതാർഥ്യമുണ്ട്. ഒട്ടു മിക്കചിത്രങ്ങളും നിറഞ്ഞ സദസ്സിൽ പ്രദർശിപ്പിക്കപ്പെട്ടത് ജനപങ്കാളിത്തത്തിന്റെ തെളിവാണ്. മുഖ്യമന്ത്രി പറഞ്ഞു. മനുഷ്യരുടെ ആന്തരിക സംഘർഷങ്ങളും മനുഷ്യർ തമ്മിലുള്ള രാഷ്ട്രീയ. സംഘർഷങ്ങളും പ്രമേയയ മേളയിലെ ചിത്രങ്ങൾ, വ്യക്തമായ രാഷ്ട്രീയ ബോധമുള്ള പുതു തലമുറയ്ക്ക് പ്രചോദനമാവുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
അതേസമയം ലോകരാഷ്ട്രങ്ങളിലെ മനുഷ്യാവസ്ഥകളും ജനങ്ങള്‍ കടന്നുപോവുന്ന സങ്കീര്‍ണമായ ജീവിത സാഹചര്യങ്ങളും അടുത്തറിയാനും അവരുമായി മാനസികമായി ഐക്യപ്പെടാനുമുള്ള വേദിയായി ഐ എഫ് എഫ് കെ മാറിയെന്ന് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ പറഞ്ഞു.തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടന്ന 29ാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ സമാപന സമ്മേളനത്തിൽ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. ഐ എഫ് എഫ് കെ യുടെ 29-ാമത് പതിപ്പിന് ഇന്നിവിടെ തിരശ്ശീല വീഴുകയാണ്. കഴിഞ്ഞ ഏഴു ദിവസങ്ങളിലായി ലോകം ഈ തലസ്ഥാന നഗരിയില്‍ ഒരുമിച്ചുകൂടിയിരിക്കുകയായിരുന്നു. ഇത്തവണ 68 രാജ്യങ്ങളില്‍ നിന്നുള്ള 177 സിനിമകളാണ് മേളയില്‍ പ്രദര്‍ശിപ്പിച്ചത്. എട്ടു ദിവസങ്ങളിലായി ആകെ 427 പ്രദര്‍ശനങ്ങള്‍ നടത്തി. ഉദ്ഘാടന, സമാപന ദിവസങ്ങള്‍ ഒഴികെയുള്ള, റിസര്‍വേഷന്‍ ഏര്‍പ്പെടുത്തിയ ദിനങ്ങളില്‍ 85,227 ബുക്കിംഗുകള്‍ നടന്നു. കഴിഞ്ഞ ഒരു വര്‍ഷക്കാലയളവിനുള്ളില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിര്‍മ്മിക്കപ്പെട്ട ഏറ്റവും മികച്ച സിനിമകളാണ് ചലച്ചിത്ര അക്കാദമി മേളയിലത്തെിച്ചത്. മുന്‍നിര ചലച്ചിത്രമേളകളില്‍ പ്രേക്ഷകപ്രീതി നേടിയ ചിത്രങ്ങളടങ്ങിയ ഫെസ്റ്റിവല്‍ ഫേവറിറ്റ്‌സ്, പെദ്രോ അല്‍മോദോവര്‍, വാള്‍ട്ടര്‍ സാലസ്, മിഗ്വല്‍ ഗോമസ്, മുഹമ്മദ് റസൂലാഫ് തുടങ്ങിയ സമകാലിക ലോകചലച്ചിത്രാചാര്യരുടെ ഏറ്റവും പുതിയ ചിത്രങ്ങള്‍, ക്‌ളാസിക്കുകളുടെ റെസ്റ്റോറേഷന്‍ ചെയ്ത് പുതുക്കിയ പതിപ്പുകള്‍, കണ്‍ട്രി ഫോക്കസ് വിഭാഗത്തിലെ അര്‍മീനിയന്‍ ചിത്രങ്ങള്‍, ദക്ഷിണ കൊറിയന്‍ സംവിധായകന്‍ ഹോങ് സാങ് സൂ, സിനിമയില്‍ 50 വര്‍ഷം പൂര്‍ത്തിയാക്കിയ നടി ശബാന ആസ്മി, ഛായാഗ്രാഹകന്‍ മധു അമ്പാട്ട് എന്നിവരുടെ റെട്രോസ്‌പെക്റ്റീവ്, ‘ദ ഫിമേല്‍ ഗേയ്‌സ്’, ലാറ്റിനമേരിക്കന്‍ സിനിമ, കലൈഡോസ്‌കോപ്പ്, മിഡ്‌നൈറ്റ് സിനിമ, അനിമേഷന്‍ ചിത്രങ്ങള്‍ തുടങ്ങിയ വൈവിധ്യമാര്‍ന്ന പാക്കേജുകള്‍ക്കു പുറമെ അന്താരാഷ്ട്ര മല്‍സരവിഭാഗവും ലോകസിനിമ ഇന്ത്യന്‍ സിനിമ, മലയാള സിനിമാ വിഭാഗങ്ങളും മികച്ച ദൃശ്യാനുഭവങ്ങള്‍ പകര്‍ന്നു നല്‍കിയെന്ന് ഡെലിഗേറ്റുകളുടെ പ്രതികരണങ്ങളില്‍നിന്ന് അറിയാന്‍ കഴിഞ്ഞു.
പ്രേക്ഷകപങ്കാളിത്തംകൊണ്ടും പ്രദര്‍ശിപ്പിച്ച സിനിമകളുടെ മികവു കൊണ്ടും എല്ലാം തികഞ്ഞ മേളയായിരുന്നു ഇത്. 15 തിയേറ്ററുകളിലായി നടന്ന മേളയില്‍ 13,000ത്തോളം ഡെലിഗേറ്റുകള്‍ പങ്കെടുത്തു. മേളയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട സിനിമകളുടെ പിന്നണിപ്രവര്‍ത്തകര്‍, മാധ്യമപ്രവര്‍ത്തകര്‍, അനുബന്ധപരിപാടികളിലെ അതിഥികള്‍, ഒഫീഷ്യല്‍സ്, സ്‌പോണ്‍സര്‍മാര്‍ എന്നിവരുള്‍പ്പെടെ 15,000ത്തില്‍പ്പരം പേരുടെ സജീവമായ പങ്കാളിത്തം മേളയില്‍ ഉണ്ടായി. വിദേശത്തുനിന്നുള്ളവര്‍ ഉള്‍പ്പെടെ 238 ചലച്ചിത്രപ്രവര്‍ത്തകര്‍ അതിഥികളായി പങ്കെടുത്തു. ഇങ്ങനെ എല്ലാ അര്‍ത്ഥത്തിലും 29ാമത് രാജ്യാന്തര ചലച്ചിത്രമേള വന്‍ വിജയമായി എന്നറിയുന്നതില്‍ സന്തോഷം.
മേളയുടെ ഭാഗമായി ഇന്‍ കോണ്‍വെര്‍സേഷന്‍, ഓപണ്‍ ഫോറം, മീറ്റ് ദ ഡയറക്ടര്‍, എക്‌സിബിഷന്‍, ഹോമേജ്, അരവിന്ദന്‍ സ്മാരക പ്രഭാഷണം, കേരള ഫിലിം മാര്‍ക്കറ്റ്, പാനല്‍ ഡിസ്‌കഷന്‍ തുടങ്ങിയ അനുബന്ധപരിപാടികള്‍ കൂടി സംഘടിപ്പിച്ചിരുന്നു. മാനവീയം വീഥിയില്‍ ആറു ദിവസങ്ങളില്‍ സംഗീത പരിപാടികള്‍ സംഘടിപ്പിച്ചു. മണ്‍മറഞ്ഞ ചലച്ചിത്രപ്രതിഭകള്‍ക്ക് സ്മരണാഞ്ജലിയര്‍പ്പിക്കുന്ന ഹോമേജ് ചടങ്ങില്‍ ഈയിടെ വിട്ടുപിരിഞ്ഞ കുമാര്‍ ഷഹാനി, മോഹന്‍, ഹരികുമാര്‍, കവിയൂര്‍ പൊന്നമ്മ, ചെലവൂര്‍ വേണു, നെയ്യാറ്റിന്‍കര കോമളം തുടങ്ങിയവര്‍ക്ക് മേള ശ്രദ്ധാഞ്ജലിയര്‍പ്പിച്ചു. ഈ ചലച്ചിത്രപ്രതിഭകളുടെ സംഭാവനകള്‍ അടയാളപ്പെടുത്തിക്കൊണ്ട് കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി പ്രസിദ്ധീകരിച്ച ആറു പുസ്തകങ്ങള്‍ ചടങ്ങില്‍ പ്രകാശനം ചെയ്തു.
മേളയുടെ ഭാഗമായി, അനശ്വര ചലച്ചിത്രപ്രതിഭകളായ ജെ.സി.ഡാനിയേല്‍, പി.കെ.റോസി, സത്യന്‍, പ്രേംനസീര്‍, നെയ്യാറ്റിന്‍കര കോമളം എന്നിവരുടെ സ്മൃതിമണ്ഡപങ്ങളിലും മലയാള സിനിമയിലെ ഒരു കാലഘട്ടത്തിലെ അനശ്വരപ്രതിഭകളുടെ സ്മരണകളുറങ്ങുന്ന മെറിലാന്റ് സ്റ്റുഡിയോയിലും ആദരമര്‍പ്പിച്ച് ഒരു സ്മൃതിദീപപ്രയാണംനടത്തുകയുണ്ടായി. ഡിസംബര്‍ 12ന് രാവിലെ നെയ്യാറ്റിന്‍കരയില്‍ നിന്ന് ആരംഭിച്ച് വൈകീട്ട് ഏഴുമണിക്ക് മാനവീയം വീഥിയിലാണ് പ്രയാണം അവസാനിച്ചത്.
മലയാള സിനിമയുടെ ശൈശവദശ മുതല്‍ എണ്‍പതുകളുടെ തുടക്കംവരെ തിരശ്ശീലയില്‍ തിളങ്ങിയ 21 മുതിര്‍ന്ന നടിമാരെ ആദരിക്കുന്ന ‘മറക്കില്‌ളൊരിക്കലും’ എന്ന ചടങ്ങും മേളയുടെ ഭാഗമായി സംഘടിപ്പിച്ചിരുന്നു. കെ.ആര്‍. വിജയ, ടി.ആര്‍. ഓമന, വിധുബാല, ഭവാനി (ലിസ), ശോഭ(ചെമ്പരത്തി), ഹേമ ചൗധരി, കനകദുര്‍ഗ, റീന, ശാന്തികൃഷ്ണ, ശ്രീലത നമ്പൂതിരി, സുരേഖ, ജലജ, മേനക, അനുപമ മോഹന്‍, ശാന്തകുമാരി , മല്ലിക സുകുമാരന്‍, സച്ചു (സരസ്വതി), ഉഷാ കുമാരി, വിനോദിനി, രാജശ്രീ (ഗ്രേസി), വഞ്ചിയൂര്‍ രാധ എന്നീ 21 പേരെയാണ് ആദരിച്ചത്. ചലച്ചിത്രകലയിലെ സ്ത്രീസാന്നിധ്യത്തിന് ഈ വര്‍ഷത്തെ മേള നല്‍കിയ പ്രാമുഖ്യത്തിന്റെ അടയാളം കൂടിയായിരുന്നു ഇത്.
ലോകചലച്ചിത്രാചാര്യര്‍ക്ക് ആദരവര്‍പ്പിച്ച ‘സിനിമാ ആല്‍ക്കെമി: എ ഡിജിറ്റല്‍ ആര്‍ട്ട് ട്രിബ്യൂട്ട്’ എന്ന എക്‌സിബിഷന്‍ വളരെ ശ്രദ്ധേയമായി. സംവിധായകന്‍ ടി.കെ രാജീവ് കുമാര്‍ ക്യുറേറ്റ് ചെയ്ത പ്രദര്‍ശനത്തില്‍ കലാസംവിധായകനും ചലച്ചിത്രകാരനുമായ റാസി മുഹമ്മദിന്റെ 50 ഡിജിറ്റല്‍ പെയിന്റിംഗുകള്‍ ഉണ്ടായിരുന്നു. 50 ചലച്ചിത്രപ്രതിഭകള്‍ അണിനിരന്ന ഈ പ്രദര്‍ശനം ഡിജിറ്റല്‍ ചിത്രകലയും ചലച്ചിത്രകലയും സമന്വയിക്കുന്ന അപൂര്‍വ ദൃശ്യവിരുന്നായി.
29ാമത് ഐ.എഫ്.എഫ്.കെ വന്‍വിജയമാക്കിയ എല്ലാ പ്രതിനിധികള്‍ക്കും ചലച്ചിത്രപ്രവര്‍ത്തകര്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും സാംസ്‌കാരിക വകുപ്പിന്റെ നന്ദി അറിയിക്കുന്നതായും മന്ത്രി പറഞ്ഞു
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി തലസ്ഥാന നഗരി കാലദേശങ്ങൾ കടന്നുള്ള അഭ്രപാളിയിലെ അത്ഭുതങ്ങൾ കാണുകയായിരുന്നെന്ന് റവന്യു വകുപ്പ് മന്ത്രി കെ രാജൻ പറഞ്ഞു. സിനിമയുടെ പിന്നിൽ പ്രവർത്തിക്കുന്നത് മാത്രമല്ല സിനിമ കാണുന്നതും രാഷ്ട്രീയ സാംസ്കാരിക പ്രവർത്തനമാണ്.മേളയിൽ പങ്കെടുത്തവർ,മേളയിലെ രക്തദാന പരിപാടിയുടെ ഭാഗമായത് ചലച്ചിത്ര പ്രവർത്തനം മാനവികതയുടെ കരുത്താണെന്ന് ബോധ്യപ്പെടുത്തിയെന്നും മന്ത്രി പറഞ്ഞു.
സംവിധായിക പായൽ കപാഡിയയ്ക്ക് ‘സ്പിരിറ്റ് ഓഫ് സിനിമ അവാർഡ്’, മുഖ്യമന്ത്രി സമ്മാനിച്ചു. മികച്ച ചിത്രത്തിനുള്ള സുവർണ ചകോരം ബ്രസീലിയൻ ചിത്രം ‘മാലു’വിനാണ്. 20 ലക്ഷം രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്ന പുരസ്കാരം സംവിധായകൻ പെഡ്രോ ഫ്രെയ്റിക്ക് മുഖ്യമന്ത്രി സമ്മാനിച്ചു. മികച്ച സംവിധായകനുള്ള രജത ചകോരം ഇറാനിയൻ ചിത്രം ‘മീ മറിയം ദ ചിൽഡ്രൻ ആൻഡ് 26 അദേഴ്സി’ന്റെ സംവിധായകൻ ഫർഷാദ് ഹഷമിക്കാണ്. നാല് ലക്ഷം രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് അവാർഡ്. മികച്ച നവാഗത സംവിധായകനുള്ള രജത ചകോരം ‘ദ ഹൈപ്പർബോറിയൻസി’ന്റെ സംവിധായകരായ ക്രിസ്റ്റബൽ ലിയോണും ജോക്വിൻ കൊസീനയും സ്വന്തമാക്കി. 3 ലക്ഷം രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്ന പുരസ്കാരം ചിത്രത്തിന്റെ കലാസംവിധായിക നതാലിയ ഗെയ്സ് ഏറ്റുവാങ്ങി.
content highlight : IFFK Feminist Politics Elevated Fair