ഗസ്സ: ഗസ്സയിൽ ഇസ്രായേൽ നടത്തുന്നത് വംശീയ ഉന്മൂലനംതന്നെയെന്ന് അടിവരയിട്ട് ഡോക്ടേഴ്സ് വിത്തൗട്ട് ബോർഡേഴ്സ് (മെഡിസിൻസ് സാൻസ് ഫ്രണ്ടിയേഴ്സ് -എം.എസ്.എഫ്) റിപ്പോർട്ട്. സംഘടനക്ക് വേണ്ടി ഗസ്സയിൽ പ്രവർത്തിച്ചിരുന്ന ആരോഗ്യ ജീവനക്കാരിൽനിന്ന് വിവരം ശേഖരിച്ചാണ് റിപ്പോർട്ട് തയാറാക്കിയത്.
ഇസ്രായേൽ സൈന്യം കൂട്ടനശീകരണവും മനുഷ്യത്വവിരുദ്ധ പ്രവർത്തനങ്ങളും നടത്തിയതിന് ആരോഗ്യ ജീവനക്കാർ സാക്ഷിയാണ്. വടക്കൻ ഗസ്സയിൽനിന്ന് ബോധപൂർവം ആളുകളെ പുറന്തള്ളി. തിരിച്ചുവരാൻ കഴിയാത്തവിധം അവിടെ നശിപ്പിച്ചുവെന്നും റിപ്പോർട്ടിൽ പറയുന്നു. യുദ്ധം ഇന്ന് അവസാനിച്ചാലും തലമുറകളോളം അവിടെ ജീവിക്കാൻ കഴിയാത്തവിധം അടിസ്ഥാന സൗകര്യങ്ങളും പ്രകൃതിയും നശിപ്പിച്ചിരിക്കുകയാണെന്ന് റിപ്പോർട്ടിൽ പറയുന്നു.
ഗസ്സ: വെടിനിർത്തൽ ചർച്ച പുരോഗമിക്കുന്നതിനിടെ ഗസ്സയിൽ ആക്രമണം കടുപ്പിച്ച് ഇസ്രായേൽ സൈന്യം. 24 മണിക്കൂറിനിടെ 77 ഫലസ്തീനികൾ കൊല്ലപ്പെടുകയും 174 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇതോടെ ഗസ്സ യുദ്ധത്തിൽ കൊല്ലപ്പെട്ട ഫലസ്തീനികൾ 45,206 ആയി. 1,07,512 പേർക്ക് പരിക്കേറ്റു. ചർച്ചയിൽ ഹമാസിനെ സമ്മർദത്തിലാക്കാനാണ് ആക്രമണം പതിവിലേറെ കടുപ്പിച്ചതെന്നാണ് വിലയിരുത്തൽ. ചർച്ചയിൽ പുരോഗതിയുണ്ടെന്നാണ് റിപ്പോർട്ട്.
അതേസമയം, അതിശൈത്യം ഗസ്സയുടെ ദുരിതം ഇരട്ടിപ്പിക്കുകയാണ്. വീട് തകർക്കപ്പെട്ട് ലക്ഷങ്ങളാണ് അതിദയനീയ സാഹചര്യത്തിൽ തമ്പുകളിൽ പട്ടിണിയിൽ കഴിയുന്നത്. കഴിഞ്ഞ ദിവസം ഖാൻ യൂനുസിലെ അൽ മവാസി ക്യാമ്പിലെ തമ്പിൽ നവജാത ശിശു കൊടുംതണുപ്പ് കാരണം മരിച്ചു. അതിനിടെ ഫലസ്തീനി അഭയാർഥികൾക്കായുള്ള യു.എൻ ഏജൻസിക്ക് നൽകിവരുന്ന ധനസഹായം നിർത്തുന്നതായി സ്വീഡൻ പ്രഖ്യാപിച്ചു.
content highlight :doctors-without-borders-report-about-genocide-in-gaza