Movie News

‘മാർക്കോ’യിൽ നരനായാട്ട്; ചിത്രത്തിലുള്ളത് സിനിമാലോകം ഞെട്ടുന്ന കൊടൂര വയലൻസ് രം​ഗങ്ങൾ

വൻ ബോക്സ് ഓഫീസ് കളക്ഷൻ നേടി മികച്ച പ്രതികരണങ്ങളോടെ ഉണ്ണി മുകുന്ദൻ ചിത്രം ‘മാർക്കോ’ കുതിക്കുകയാണ്. ചിത്രം കണ്ടിറിങ്ങിയ പ്രേക്ഷകർക്ക് ഒന്നടങ്കം പറയാനുള്ളത് നല്ല അഭിപ്രായങ്ങൾ മാത്രമാണ്. രണ്ട് മണിക്കൂർ 25 മിനിറ്റ് നീളുന്ന ചിത്രത്തിൽ ഇന്ത്യൻ സിനിമയെ തന്നെ ഞെട്ടിക്കുന്ന വയലൻസ് രംഗങ്ങളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഉണ്ണി മുകുന്ദന്റെ സ്റ്റൈലിഷ് സ്വാഗും ത്രസിപ്പിക്കുന്ന ബിജിഎമ്മും സിനിമയുടെ പ്രധാന ആകർഷണമാണ്. തുടക്കം മുതൽ അവസാനം വരെ അത്യുഗ്രൻ ആക്ഷൻ രംഗങ്ങളാണ് നിറഞ്ഞുനിൽക്കുന്നത്. സാങ്കേതികപരമായും ചിത്രം മികച്ചു നിൽക്കുന്നു. ഉണ്ണി മുകുന്ദന്റെ കരിയർ ബെസ്റ്റ് പ്രകടനം എന്ന് വിളിക്കാൻ ഇന്ന് ‘മാർക്കോ’ കൂടാതെ മറ്റൊരു ചിത്രം നിലവിൽ ഇല്ല.

വയലൻസ് രം​ഗങ്ങൾകൊണ്ട് ഏറെ നാളായി ചർച്ചകളിൽ നിറഞ്ഞു നിന്ന ഒരു ചിത്രം ‘കിൽ’ ആയിരുന്നു. എന്നാൽ ‘കിൽ’ ‘മാർക്കോ’യ്ക്ക് മുമ്പിൽ ഒന്നുമല്ല എന്നാണ് ചിത്രം കണ്ടിറങ്ങിയ പ്രേക്ഷകർ പറയുന്നത്. വയലൻസിന്റെ അതിപ്രസരമാണ് ചിത്രത്തിൽ ഉടനീളമുള്ളത്. വടിവാൾ, വാക്കത്തി മുതൽ ചെയിൻ സോ മെഷീൻ വരെ എല്ലാം പ്രേക്ഷകർക്ക് പ്രയോ​ഗിച്ച് കാണിച്ച് തരുന്നുണ്ട്. മനുഷ്യനെന്നോ മൃഗമെന്നോ വ്യത്യാസമില്ലാതെ ഞെരിച്ചും, കടിച്ചുമുറിച്ചും, ഖണ്ഡിച്ചും ലാഘവത്തോടെ വലിച്ചെറിയുന്ന നായക-പ്രതിനായകന്മാരുടെ വില്ലനിസം കണ്ടിരിക്കേണ്ടി വരും പ്രേക്ഷകർക്ക്. സസ്പെൻസ്, ത്രിൽ, ആക്ഷൻ, മാസ് ചേരുവകകൾ ​ഗംഭീരമായി കടന്നുവരുമ്പോഴും ചില രം​ഗങ്ങളിൽ മുഖം പൊത്തി കണ്ണിറുക്കി അടക്കാതിരിക്കാൻ കഴിയില്ല. സിനിമയോട് മികച്ച അഭിപ്രായമുള്ള ചിലരെങ്കിലും ഇത്രയും വയലൻസ് ഉൾക്കൊള്ളിക്കണമായിരുന്നോ എന്ന ചോദ്യവും അവശേഷിപ്പിക്കുന്നു.

ക്യൂബ്സ് എന്‍റർടെയ്ൻമെന്‍റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമിച്ച് ഹനീഫ് അദേനി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം ഉണ്ണി മുകുന്ദന്റെ കരിയറിലെ ഏറ്റവും വലിയ സിനിമയാണ്. പരുക്കൻ ഗെറ്റപ്പിൽ എല്ലാം തികഞ്ഞൊരു ഗ്യാങ്സ്റ്റർ ലുക്കിലാണ് ഉണ്ണി മുകുന്ദൻ ചിത്രത്തിലെത്തുന്നത്. അഞ്ചു ഭാഷകളിൽ ഇറങ്ങിയ ചിത്രം ആദ്യ ദിവസം തന്നെ പലയിടങ്ങളിലും ഹൗസ്ഫുൾ ആയിരുന്നു. ലോകമെമ്പാടുമുള്ള തിയറ്ററുകളിൽ നിന്നാണ് 10 കോടിയാണ് ചിത്രം ആദ്യ ദിനം തന്നെ തൂത്തുവാരിയത്.