കാലം മാറിയതോടെ കഞ്ഞിവെള്ളം കുടിക്കുന്നത് കുറച്ചിലായി കാണുന്ന ന്യൂ ജനറേഷനാണ് നമുക്ക് ചുറ്റും ഉള്ളത്. കഞ്ഞിയും കഞ്ഞിവെള്ളവുമൊക്കെ പണ്ടുതൊട്ടേ മലയാളികളുടെ ആഹാരക്രമത്തിന്റെ ഭാഗമായത് അതിന്റെ ആരോഗ്യഗുണങ്ങൾ കൊണ്ടാണ്. ക്ഷീണമകറ്റാൻ പലരും ചോദിക്കുന്നത് ഉപ്പിട്ട കഞ്ഞിവെള്ളമല്ലേ? ഒന്നാന്തരം ദാഹശമനിയാണ് കഞ്ഞിവെള്ളം. ആയുർവേദത്തിലെ പല മരുന്നുകളും ഒരല്പം കഞ്ഞിവെള്ളത്തിൽ ചാലിച്ച് കഴിക്കാൻ വൈദ്യന്മാർ നിർദ്ദേശിക്കാറുണ്ട്. അത്രയ്ക്കുണ്ട് കഞ്ഞിവെള്ളത്തിന്റെ ആരോഗ്യ ഗുണങ്ങൾ. ധാരാളം പോഷക ഗുണങ്ങൾ കഞ്ഞിവെള്ളത്തിൽ അടങ്ങിയിട്ടുണ്ട്. അതിൽ പ്രോട്ടീനുകളും കാർബോഹൈഡ്രേറ്റുകളും ഉൾപ്പെടും. ആരോഗ്യ ഗുണത്തെപ്പോലെ തന്നെ സൗന്ദര്യ സംരക്ഷണത്തിലും കഞ്ഞിവെള്ളം നല്ലതാണ്.
കഞ്ഞിവെള്ളം ഉപയോഗിച്ച് സ്ഥിരമായി മുഖം കഴുകിയാൽ കാലക്രമേണ തിളക്കമുള്ള ചർമ്മത്തിന്റെ ഉടമയാകും നിങ്ങൾ. മുഖത്തെ അടഞ്ഞ സുഷിരങ്ങൾ തുറക്കാൻ കഞ്ഞിവെള്ളം ഉത്തമമാണ്. മാത്രമല്ല, ചർമ്മത്തിന്റെ നിറവും തിളക്കവും വർദ്ധിപ്പിക്കാനും കഞ്ഞിവെള്ളത്തിന് കഴിയും. മുഖത്തെ പാടുകൾ മാറ്റാൻ കഞ്ഞിവെള്ളം ഉപയോഗിച്ച് മുഖം നന്നായി മസ്സാജ് ചെയ്യുക. അതായത് ചർമ്മത്തിലുണ്ടാകുന്ന എല്ലാ സൗന്ദര്യ പ്രശ്നങ്ങൾക്കും കഞ്ഞിവെള്ളം പരിഹാരമാണെന്ന് ചുരുക്കം.
കഞ്ഞിവെള്ളത്തിൽ വിറ്റാമിൻ ബി, വിറ്റാമിൻ ഇ എന്നിവ അടങ്ങിയിട്ടുണ്ട്. ചർമ്മത്തിൽ യുവത്വം നിലനിർത്തുന്നതിന് ഇത് സഹായിച്ചേക്കും. അമിതമായി വെയിൽ ഏൽക്കുന്നത് മൂലം ഉണ്ടാകുന്ന ടാൻ കുറയ്ക്കുന്നു. കൂടാതെ കണ്ണിനു ചുറ്റുമുള്ള കറുത്ത പാടുകൾ മങ്ങുന്നതിനും സഹായിക്കും. മുഖത്ത് മാത്രമല്ല കഴുത്തിനു ചുറ്റമുള്ള കറുത്ത പാടുകൾക്കും കഞ്ഞിവെള്ളം മികച്ച പ്രതിവിധിയാണ്. ഒരു ചെറിയ കോട്ടൺ പാഡ് കഞ്ഞിവെള്ളത്തിൽ മുക്കിയ ശേഷം കണ്ണിന് താഴെ വെക്കുക. ഏകദേശം പത്ത് മിനിട്ടിനു ശേഷം മുഖം തണുത്ത വെള്ളത്തിലോ ചെറു ചൂട് വെള്ളത്തിലോ കഴുകാം.
കഞ്ഞിവെള്ളം ഉപയോഗിച്ച് തലയോട്ടിയും തലമുടിയും മൃദുവായി മസ്സാജ് ചെയ്ത കൊടുക്കാം. അൽപനേരം ഇങ്ങനെ ചെയ്ത ശേഷം കഴുകി കളയുക. മുടി കൊഴിച്ചിൽ തടയാനും മുടി വളരാനും താരന്റെ ശല്യം അകറ്റാനും മുടിയുടെ അറ്റം പിളരുന്നത് ഒഴിവാക്കാനും ഇത് ഏറെ പ്രയോജനപ്രദമായ മാർഗ്ഗമാണ്. കട്ടിയുള്ള ഇടതൂർന്ന മുടിയുടെ വളർച്ചക്കും കഞ്ഞിവെള്ളം ഉപയോഗിക്കാവുന്നതാണ്. ഇതിനായി ഒരു കപ്പ് കഞ്ഞിവെള്ളത്തിൽ 20 ഗ്രാം ഉലുവ ഒരു രാത്ര കുതിർത്തു വയ്ക്കുക. പിറ്റേ ദിവസം ഇതേ വെള്ളം അരിച്ചെടുക്കാം. ശേഷം തലമുടി കഴുകുന്നതിനായോ അല്ലെങ്കിൽ നനഞ്ഞ മുടിയിൽ പുരട്ടുകയോ ചെയ്യാവുന്നതാണ്. പത്ത് മിനിറ്റിനു ശേഷം കഴുകി കളയാം. ഇത് മുടി കൊഴിച്ചിൽ തടയാൻ സഹായിച്ചേക്കും.
തൊലിപ്പുറത്തുണ്ടാകുന്ന എക്സിമ പോലുള്ള രോഗങ്ങൾ കഞ്ഞിവെള്ളം ഉപയോഗിച്ച് മാറ്റാൻ കഴിയുമെന്നാണ് പഠനങ്ങൾ തെളിയിക്കുന്നത്. ശരീരത്തിലെ ഇത്തരം പ്രശ്നബാധിത സ്ഥലങ്ങളിൽ തണുത്ത കഞ്ഞിവെള്ളം പുരട്ടി കൊടുക്കുക.