വെട്രിമാരൻ സംവിധാനം ചെയ്ത പുതിയ ചിത്രമാണ് വിടുതലൈ 2. വിജയ് സേതുപതിയും മഞ്ജു വാര്യരും ഈ ചിത്രത്തിലൂടെ ഒന്നിക്കുന്നു. വെട്രിമാരന്‍ സംവിധാനം ചെയ്ത ചിത്രം 2023ല്‍ ഇറങ്ങിയ ചിത്രത്തിന്‍റെ രണ്ടാം ഭാഗമാണ് ഇത്. ചിത്രത്തിന് സമിശ്രമായ പ്രതികരണമാണ് ലഭിക്കുന്നത്. ചിത്രത്തിന്‍റെ ആദ്യദിനത്തിലെ കളക്ഷന്‍ റിപ്പോര്‍ട്ട് ഇപ്പോള്‍ പുറത്തുവന്നിട്ടുണ്ട്. തമിഴ്, തെലുങ്ക് ഭാഷകളില്‍ റിലീസ് ചെയ്ത സിനിമ ആദ്യദിനത്തിൽ ഏഴ് കോടിയിലധികം രൂപയാണ് ഇന്ത്യൻ ബോക്സ് ഓഫീസിൽ നിന്ന് സ്വന്തമാക്കിയിരിക്കുന്നത്. തമിഴ്‌നാട്ടിൽ നിന്ന് മാത്രം സിനിമ 6.6 കോടിയാണ് നേടിയത് എന്ന് സാക്നിക് റിപ്പോർട്ട് ചെയ്യുന്നു.
വിടുതലൈ ആദ്യഭാഗം തീര്‍ന്നയിടത്ത് നിന്നാണ് രണ്ടാം ഭാഗം ആരംഭിക്കുന്നത്. ആദ്യ ഭാഗത്തേതിന് സമാനമായി വയലൻസ് നിറഞ്ഞ പൊളിറ്റിക്കൽ ഡ്രാമയാണിത്. സമൂഹത്തിന്റെ അടിത്തട്ടില്‍ ജീവിക്കുന്ന മനുഷ്യര്‍ നേരിടുന്ന വിവേചനവും പൊലീസിന്റെ ക്രൂരതകളും പ്രമേയമാകുന്ന ചിത്രത്തിന്റെ ആദ്യ ഭാഗം വലിയ ശ്രദ്ധ നേടിയിരുന്നു. ചിത്രത്തിൽ കോൺസ്റ്റബിൾ കുമരേശൻ എന്ന കഥാപാത്രമായി സൂരിയെത്തുമ്പോൾ വാത്തിയാർ എന്ന മക്കൾ പടയുടെ തലവനായിട്ടാണ് വിജയ് സേതുപതിയെത്തുന്നത്. വിജയ് സേതുപതി അവതരിപ്പിച്ച പീപ്പിൾസ് മൂവ്‌മെന്‍റ് എന്ന സംഘടനയുടെ നേതാവായ വാദ്യാര്‍ തന്‍റെ കഥ പോലീസുകാരോട് പറയാൻ തുടങ്ങുന്നു, ഈ കഥ കേള്‍ക്കുന്നത് സൂരി അവതരിപ്പിച്ച കോൺസ്റ്റബിൾ കുമരേശനാണ്. ബി ജയമോഹന്റെ തുണൈവന്‍ എന്ന കഥയെ ആസ്പദമാക്കിയാണ് വിടുതലൈ ഒരുക്കിയിരിക്കുന്നത്.
2024 ല്‍ തമിഴില്‍ വന്‍ വിജയമായ മഹാരാജയ്ക്ക് ശേഷം തീയറ്ററില്‍ എത്തുന്ന വിജയ് സേതുപതി എന്ന ചിത്രം എന്ന നിലയില്‍ ഏറെ പ്രതീക്ഷയാണ് വിടുതലൈ 2വിന് ഉണ്ടായിരുന്നത്.
ഇവർക്ക് പുറമെ അനുരാഗ് കശ്യപ്, കിഷോർ, ഗൗതം വാസുദേവ് മേനോൻ, രാജീവ് മേനോൻ, ചേതൻ എന്നിവരാണ് പ്രധാന വേഷങ്ങളിലെത്തുന്നത്. ആർ എസ് ഇൻഫോടെയ്ൻമെന്റിന്റെ ബാനറിൽ എൽറെഡ് കുമാറാണ് വിടുതലൈ രണ്ടാം ഭാഗത്തിന്റെ നിർമ്മാണം നിർവഹിക്കുന്നത്. ഇളയരാജയാണ് സംഗീതം നൽകിയിരിക്കുന്നത്. ആർ വേൽരാജാണ് ഛായാഗ്രഹണം. ആർ രാമർ എഡിറ്റിംഗും ജാക്കി കലാസംവിധാനവും നിർവ്വഹിക്കുന്നു.