കൊണാർക്കിലെ കല്ലുകളിൽ വിരിഞ്ഞ വിസ്മയം കണ്ട് രവീന്ദ്രനാഥ ടാഗോർ ഒരിക്കൽ പറഞ്ഞതാണ് ഇവിടുത്തെ കല്ലുകളുടെ ഭാഷ മനുഷ്യൻറെ ഭാഷ യെ നിർവീര്യമാക്കുന്നു എന്ന്. അത്രത്തോളം വിസ്മയിപ്പിക്കുന്ന കൊത്തുപണികൾ ഇവിടെ ഉണ്ട്.
കൊണാർക്കിലെ അതിമനോഹരമായ സൂര്യക്ഷേത്രം കലിംഗ വാസ്തുവിദ്യയുടെ ഒരു ഉത്തമോദാഹരണമാണ്. പതിമൂന്നാം നൂറ്റാണ്ടിൽ നരസിംഹദേവ രാജാവ് പണികഴിപ്പിച്ച ഈ ക്ഷേത്രം മുഴുവൻ ഒരു വലിയ രഥത്തിന്റെ ആകൃതിയിലാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത് തന്നെ. ഏഴ് കുതിരകളും ഇരുപത്തിനാല് ചക്രങ്ങളും, വഹിക്കുന്ന രൂപത്തിലുള്ള വലിയ നിർമ്മിതി തന്നെയാണ് ഇത്. ആയിരത്തി ഇരുനൂറോളം പേർ പന്ത്രണ്ടു വർഷത്തോളം സമയമെടുത്താണ് ഈ ക്ഷേത്രം നിർമിച്ചത് എന്നാണ് ഐതീഹ്യം..
നരസിംഹദേവൻ തന്റെ രാജ്യത്തിൻറെ പന്ത്രണ്ടു വർഷക്കാലത്തെ വരുമാനം ഇതിനായി ചെലവഴിച്ചുവെന്ന് പറയപ്പെടുന്നുണ്ട്..സൂര്യക്ഷേത്രത്തിന് മുകളിൽ ഒരു കാന്തികപ്രഭാവമുള്ള കല്ലുണ്ടായിരുന്നുവെന്ന് ആണ് പറയപ്പെടുത്തത്. അതിന്റെ കാന്തിക സ്വാധീനം കാരണം കൊണാർക്കിന്റെ തീരങ്ങളിലൂടെ ബംഗാൾ ഉൾക്കടലിൽ സഞ്ചരിക്കുന്ന കപ്പലുകൾ വഴി തെറ്റി പോയതായി,കൃത്യമായ ദിശ മനസ്സിലാക്കാൻ കഴിയാതെപോയതായി ചില രേഖകളിൽ കാണാം… പിന്നീട് ചില നാവികർ ഈ കല്ല് എടുത്തുമാറ്റി എന്ന് പറയപ്പെടുന്നു.. ഇപ്പോൾ അത്തരത്തിൽ കല്ല് അവിടെ കാണാൻ സാധിക്കുന്നില്ല..
ക്ഷേത്രത്തിന് മേലെ ഒഴിഞ്ഞ രൂപത്തിലാണ് കാണാൻ കഴിയുന്നത്.. വിദ്വാൻ ബിസു മഹാറാണ ആയിരുന്നു ഈ ക്ഷേത്രത്തിൻറെ പണികൾക്കെല്ലാം നേതൃത്വം വഹിച്ചതെന്ന് എന്ന് പറയപ്പെടുന്നു..അക്ബറിന്റെ കൊട്ടാരത്തിലെ പ്രശസ്ത ചരിത്രകാരനായ അബുൽ-ഫസലിന്റെ ഐനുൽ-അക്ബരിയിലും ഈ ക്ഷേത്രത്തിൻറെ അത്ഭുത നിർമ്മിതിയെക്കുറിച്ച് പ്രതിപാദിക്കുന്നുണ്ട്..ഈ ക്ഷേത്രത്തിനെ യൂറോപ്യൻ നാവികർ “ബ്ലാക്ക് പഗോഡ” എന്ന് വിളിച്ചിരുന്നു. ക്ഷേത്രത്തിലെ ചുമരുകളിൽ ദേവീ ദേവന്മാരുടെ രൂപങ്ങൾ, പുരാണ കഥാപാത്രങ്ങൾ,യക്ഷികൾ, നൃത്തം ചെയ്യുന്ന അപ്സരസുകൾ,വത്സ്യായന മഹർഷിയുടെ കാമസൂത്രത്തിൽ പ്രതിപാദിക്കുന്നവ എന്നിവയോക്കെ കാണാൻ കഴിയും…നമ്മുടെ പത്തു രൂപ നോട്ടിലുള്ള ചക്രം എടുത്തിരിക്കുന്നത് കൊണാർക്കിലെ ഈ ക്ഷേത്രത്തിൽനിന്നാണ്…