മലയാളസിനിമയിലേക്ക് പുതിയ എൻട്രി നടത്തി അഭിമന്യു എസ്. തിലകൻ. നടൻ നടൻ തിലകന്റെ കൊച്ചുമകനും ഷമ്മി തിലകന്റെ മകനാണ് അഭിമന്യു. ഉണ്ണി മുകുന്ദനെ നായകനാക്കി ഹനീഫ് അദേനി സംവിധാനംചെയ്യുന്ന മാർക്കോ എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം അതിഗംഭീരമാക്കിയിരിക്കുകയാണ് താരം. റസൽ എന്ന കാഥാപാത്രമായാണ് അഭിമന്യു ചിത്രത്തിലെത്തുന്നത്.
തന്റെ ആറ്റിറ്റ്യൂഡും ലുക്കും നോട്ടവും കൊണ്ട് ആ കഥാപാത്രത്തെ അഭിമന്യു ഗംഭീരമാക്കി. ഇപ്പോഴിതാ തന്റെ ആദ്യ ചിത്രമായ മാർക്കോയിലെ കഥാപാത്രത്തെ പ്രേക്ഷകർ ഇരുകൈയ്യും നീട്ടി സ്വീകരിച്ചതിന്റെ സന്തോഷവും നന്ദിയും അറിയിച്ച് സോഷ്യൽ മീഡിയയിലെത്തിയിരിക്കുകയാണ് താരം.
‘മാർക്കോ എന്ന ചിത്രത്തിലൂടെ സിനിമാ ലോകത്തേക്ക് ചുവടുവച്ചത് മറക്കാനാവാത്ത ഒരു യാത്രയാണ്. റസൽ ടോണി ഐസക് എന്ന അക്രമാസക്തവും ക്രൂരവുമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് വെല്ലുവിളി നിറഞ്ഞതായിരുന്നു, എന്നാൽ നിങ്ങൾ എന്നോടും എന്റെ പ്രകടനത്തോടും കാണിച്ച സ്നേഹത്തിനും അഭിനന്ദനത്തിനും മറുപടികളില്ല. എല്ലാ പിന്തുണയ്ക്കും ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്ന് നന്ദി. ഇതൊരു തുടക്കം മാത്രമാണ്, ഞാൻ ഏറ്റെടുക്കുന്ന ഓരോ റോളിലും എന്റെ ഏറ്റവും മികച്ചത് നൽകുമെന്ന് ഞാൻ വാഗ്ദാനം ചെയ്യുന്നു. ആദ്യ ചിത്രമായതിനാൽ, ഇനിയും ഒരുപാട് കാര്യങ്ങൾ പഠിക്കാനുണ്ടെന്ന് എനിക്കറിയാം, അടുത്ത തവണ ഇതിലും മികച്ച രീതിയിൽ തിരിച്ചെത്തുമെന്ന് ഞാൻ വാഗ്ദാനം ചെയ്യുന്നു. നിങ്ങളുടെ സ്നേഹവും പ്രോത്സാഹനവുമാണ് എന്നെ മുന്നോട്ട് നയിക്കുന്നത്.
മാർക്കോ, തിയറ്ററുകളിൽ എത്തുമ്പോൾ വ്യക്തിപരമായി ഇതെനിക്കൊരു സ്പെഷൽ മൊമന്റ് ആണ്. എന്റെ അചഞ്ചലമായ ശക്തിയുടെ നെടുംതൂണായിരിക്കുന്ന എന്റെ കുടുംബത്തിനും എന്റെ മുത്തച്ഛനും പിതാവിനും എന്നും പിന്തുണച്ച അത്ഭുതകരമായ പ്രേക്ഷകർക്കും ഹൃദയംഗമമായ നന്ദി അറിയിക്കുന്നു. ഈ ഇൻഡസ്ട്രിയിലേക്കുള്ള എന്റെ ആദ്യ ചുവടുവയ്പ്പിൽ നിങ്ങളുടെ അനുഗ്രഹം വിനീതമായി തേടുന്നു. തുറന്ന ഹൃദയത്തോടെ എന്റെ പ്രകടനം കാണാനും മുൻഗാമികൾ സൃഷ്ടിച്ച അവിശ്വസനീയമായ പാരമ്പര്യവുമായി എന്നെ താരതമ്യം ചെയ്യരുതെന്നും വിനീതമായി നിങ്ങൾ പ്രേക്ഷകരോട് അഭ്യർഥിക്കുന്നു. ഒരു നവാഗതൻ എന്ന നിലയിൽ, എനിക്ക് അപൂർണതകളുണ്ടാകാം, പക്ഷേ നിങ്ങളെല്ലാവരും അഭിമാനും കൊള്ളുംവിധം അക്ഷീണം പ്രവർത്തിക്കുമെന്ന് ഞാൻ വാഗ്ദാനം ചെയ്യുന്നു. എന്നെ വിശ്വസിച്ച് ഇത്തരമൊരു മഹത്തായ പദ്ധതിയുടെ ഭാഗമാകാൻ ഈ അവസരം തന്നതിന് ഉണ്ണി മുകുന്ദനും ഷെരീഫ് മുഹമ്മദിനും ഹനീഫ് അദേനിക്കും മാർക്കോ ടീമിനും നന്ദി പറയുന്നു. നിങ്ങളുടെ നിരന്തരമായ പിന്തുണയ്ക്കും സ്നേഹത്തിനും ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്ന് നന്ദി.’ അഭിമന്യു പറഞ്ഞു.
നിരവധിപേരാണ് പോസ്റ്റിന് താഴെ അഭിമന്യുവിനെ അഭിനന്ദിച്ച് എത്തിയിരിക്കുന്നത്. ഞാൻ അന്ന് പറഞ്ഞിരുന്നു നിങ്ങൾക്കു വേണ്ടി ടിക്കറ്റ് എടുക്കാൻ ക്യു നിൽക്കേണ്ട ദിവസം അധികം ദൂരെ അല്ല എന്ന്. ഇജ്ജാതി ക്യാരക്ടർ, അച്ഛന്റെയും മുത്തച്ഛന്റെയും ഗാംഭീര്യം അഭിമന്യുവിന് ലഭിച്ചിട്ടുണ്ട്, അഭിമാനം തോന്നുന്നു. അങ്ങനെ പോകുന്നു ആരാധകരുടെ കമെന്റുകൾ.
STORY HIGHLIGHT: abhimanyu thilakan malayalam film marco