മലയാളികളുടെ ജനപ്രിയ നടിയാണ് കാവ്യ മാധവൻ. ഇന്നും പെൺ സൗന്ദര്യത്തെ കാവ്യയോടാണ് ഉപമിക്കാറുള്ളത്. ഒരുങ്ങി ഇറങ്ങുമ്പോൾ, നീയാര് കാവ്യാ മാധവനോ എന്ന ചോദ്യം കേൾക്കാത്ത പെൺകുട്ടികൾ കേരളത്തിൽ കാണില്ലെന്ന് തന്നെ പറയാം. കാവ്യ ഭംഗി എന്ന വിശേഷണം തന്നെ അങ്ങനെ വന്നതാണ്. മലയാളിത്തമുള്ള, മലയാളികളുടെ സ്വന്തം നടി എന്നാണ് കാവ്യ മാധവന്‍ എക്കാലവും വിശേഷിപ്പിക്കപ്പെട്ടിട്ടുള്ളത്. ആ ഒരു ടൈറ്റില്‍ ടാഗ് ഇന്നും തിരുത്താനോ തകര്‍ക്കാനോ മറ്റൊരു നടിയ്ക്കും സാധിച്ചിട്ടില്ല.
ദിലീപുമായുള്ള വിവാഹത്തിന് പിന്നാലെയും തുടർന്നുള്ള ആരോപണങ്ങളിലും വിവാദങ്ങളിൽ നിറഞ്ഞ് നിന്ന കാവ്യക്ക് നീണ്ട കാലത്തോളം വലിയ സൈബർ ആക്രമണമായിരുന്നു നേരിടേണ്ടി വന്നത്. പിന്നീട് അഭിനയത്തിൽ നിന്നെല്ലാം താരം പൂർണമായി വിട്ടു നിന്നു. സന്തുഷ്ട കുടുംബ ജീവിതം നയിക്കുന്ന താരത്തിന്റെ വിശേഷങ്ങൾ ആരാധകർ അറിയുന്നത് സോഷ്യൽമീഡിയ പേജുകളിലൂടെയും ദിലീപിന്റെ അഭിമുഖങ്ങളിലൂടെയുമാണ്. കഴിഞ്ഞ കുറച്ച് വർഷത്തിനിടെ കാവ്യയോളം സൈബർ ബുള്ളിയിങ് ഏറ്റുവാങ്ങിയ മറ്റൊരു നടിയുണ്ടാവില്ല. അതുകൊണ്ട് കൂടിയാവണം ലൈം ലൈറ്റിൽ നിന്ന് നടി മാറി നിന്നത്. ദിലീപിന്റെ അഭിമുഖങ്ങളിലൂടെയും ഫാൻ പേജുകളിൽ പ്രത്യക്ഷപ്പെടുന്ന പോസ്റ്റുകളിലൂടെയുമാണ് കാവ്യയുടെ വിവരങ്ങൾ പ്രേക്ഷകർ അറിഞ്ഞിരുന്നത്. ഇപ്പോൾ കേസുകളും വിവാദങ്ങളും കെട്ടടങ്ങിയപ്പോൾ കാവ്യയും ആക്ടീവായിരിക്കുകയാണ്.
സിനിമാ നടി എന്ന പേര് മാറ്റിവെച്ച് പൂർണമായും ഒരു സംരംഭകയായാണ് കാവ്യ ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറയുന്നത്. കാവ്യയുടെ ഓഫീഷ്യൽ ഇൻസ്റ്റഗ്രാം പേജ് കൂടുതലായും ഉപയോഗിക്കുന്നത് പോലും ലക്ഷ്യയെന്ന വസ്ത്ര ബ്രാന്റിന്റെ പ്രമോഷന് വേണ്ടി കൂടിയാണ്. ദിലീപുമായുള്ള വിവാഹത്തിന് മുമ്പാണ് കാവ്യ സംരംഭം ആരംഭിച്ചത്. കേസും വിവാദങ്ങളും വന്ന സമയത്ത് ബിസിനസ് മന്ദഗതിയിലായി. പിന്നീട് മകൾ മഹാലക്ഷ്മിയും പിറന്നു. കുഞ്ഞ് സ്കൂളിൽ പോകാൻ ആരംഭിച്ചതോടെയാണ് ലക്ഷ്യയിലേക്കും വീണ്ടും കാവ്യ ശ്രദ്ധകൊടുത്ത് തുടങ്ങിയത്. ബ്രാന്റ് പ്രമോഷനായി മോഡലായി സ്വയം ഇറങ്ങി കാവ്യ ഇപ്പോൾ സജീവമാണ്. ബ്രാന്റിന് വേണ്ടി മോഡലിങ് ആരംഭിച്ചതോടെ പഴയ ഫിറ്റ്നസും സൗന്ദര്യവും നടി തിരിച്ച് പിടിച്ചു. കാവ്യ മാധവന് പത്ത് വയസ്സ് കുറഞ്ഞത് പോലെയോ, കൂടിയത് പോലെയോ ഒന്നും ആരാധകര്‍ പറയുന്നില്ല. പക്ഷേ കാവ്യ ഇന്നും എന്നും ഒരുപോലെ തോന്നുന്നു, ഒരു മാറ്റവുമില്ല എന്നാണ് ആരാധകരുടെ പക്ഷം. പുതിയ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വന്നപ്പോഴും ഇത് തന്നെയാണ് ആരാധകർ പറയുന്നത്. കഴിഞ്ഞ ദിവസം പിങ്ക് സാരിയിൽ അതീവ സുന്ദരിയായ നിൽക്കുന്ന കാവ്യയുടെ ചിത്രങ്ങൾ പ്രത്യക്ഷപ്പെട്ടപ്പോൾ പ്രശംസിച്ചുള്ള കമന്റുകളായിരുന്നു ഏറെയും. പുതുമുഖ നടിമാരെ ജീവിക്കാൻ സമ്മതിക്കില്ല അല്ലേ? എന്നിങ്ങനെ അടക്കം രസകരമായ കമന്റുകളുണ്ടായിരുന്നു.