Movie News

പുഷ്പ 2 ഒടിടിയിലേക്ക് ? നിർമാതാക്കളുടെ പ്രതികരണം ഇങ്ങനെ

ഇന്ത്യൻ സിനിമയിലെ സമീപകാല കളക്ഷൻ റെക്കോർഡുകൾ എല്ലാം മറികടന്ന് അല്ലു അർജുന്റെ പുഷ്പ ടു കുതിക്കുകയാണ്. റിലീസ് ചെയ്ത് പതിനാല് ദിവസങ്ങൾ കഴിയുമ്പോൾ ബോക്സ് ഓഫീസിൽ നിന്ന് 1500 കോടിയാണ് സിനിമ നേടിയിരിക്കുന്നത്. ഒരു ഇന്ത്യൻ സിനിമ ഏറ്റവും വേഗത്തിൽ ഈ കളക്ഷനിൽ എത്തുന്ന ആദ്യ സിനിമ കൂടിയാണ് പുഷ്പ 2. ഇതോടെ ഏറ്റവും കൂടുതൽ കളക്ഷൻ നേടുന്ന ഇന്ത്യൻ സിനിമകളുടെ പട്ടികയിൽ മൂന്നാം സ്ഥാനത്താണ് പുഷ്പ 2.

ചിത്രം വമ്പൻ ഹിറ്റായി കുതിപ്പ് തുടരുന്നതിനിടയിലാണ് പുഷ്പ 2 ഒടിടി റിലീസിന് ഒരുങ്ങുന്നു എന്ന തരത്തിലുള്ള വാർത്തകൾ പ്രചരിക്കുന്നത്. ഡിസംബർ 5 നാണ് ചിത്രം തിയേറ്ററുകളിൽ എത്തിയത്. ജനുവരി 9 മുതൽ നെറ്റ്ഫ്ലിക്സിലൂടെ ചിത്രം സ്ട്രീമിങ് ആരംഭിക്കുമെന്നാണ് വാർത്തകൾ പ്രചരിക്കുന്നത് . ഇപ്പോൾ ഈ അഭ്യൂഹങ്ങൾക്ക് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് മൈത്രി മൂവി മേക്കേഴ്സ്. പുഷ്പ 2 ഒടിടിയിലേക്ക് വരുമെന്ന വാർത്ത തീർത്തും അസത്യമാണെന്ന് അവർ വ്യക്തമാക്കി. ‘പുഷ്പ: ദ റൂളിന്റെ ഒ.ടി.ടി റിലീസിനെ കുറിച്ച് ഒരുപാട് അഭ്യൂഹങ്ങള്‍ പരക്കുന്നുണ്ട്. ഈ അവധിക്കാലത്ത് പുഷ്പ 2 ബിഗ് സ്‌ക്രീനുകളില്‍ മാത്രം ആസ്വദിക്കൂ. 56 ദിവസം വരെ ഇത് ഒരു ഒടിടിയിലും ഉണ്ടാകില്ല’ എന്നാണ് മൈത്രി മൂവീ മേക്കേഴ്‌സ് എക്‌സില്‍ കുറിച്ചിരിക്കുന്നത്.

പുഷ്പ ആദ്യഭാഗം ആഗോളതലത്തില്‍ 350 കോടിയോളം രൂപയായിരുന്നു നേടിയിരുന്നത്. പുഷ്പ 2 ഹിന്ദി വേർഷനിൽ നിന്ന് മാത്രം ചിത്രം 600 കോടിയാണ് നേടിയിരിക്കുന്നത്. പുഷ്പയുടെ തെലുങ്ക് പതിപ്പിനേക്കാള്‍ കൂടുതല്‍ കളക്ഷന്‍ നേടുന്നത് ഹിന്ദി പതിപ്പാണ്. ഇതേ കളക്ഷൻ തുടർന്നാൽ വൈകാതെ തന്നെ പുഷ്പ 2, 2000 കോടി ക്ലബ്ബിൽ എത്തുമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ നിഗമനം. തെലുങ്ക്, തമിഴ്, മലയാളം, ഹിന്ദി, കന്നഡ, ബംഗാളി ഭാഷകളിലാണ് ചിത്രം പ്രദർശനത്തിനെത്തിയത്. ഇ ഫോർ എന്‍റർടെയ്ൻമെന്‍റ്സാണ് പുഷ്പ 2 കേരളത്തിലെത്തിച്ചത്. അല്ലു അര്‍ജുനും രശ്മിക മന്ദാനയും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ സുനില്‍, ഫഹദ് ഫാസിൽ, അനസൂയ ഭരദ്വാജ് തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.