Movie News

റെക്കോർഡുകൾ തകർക്കാൻ മോഹൻലാൽ ! ‘ബറോസ്’ അഡ്വാൻസ് ബുക്കിങ് നാളെ മുതൽ

മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം ബറോസ് റിലീസിന് ഒരുങ്ങുകയാണ്. വലിയ ബഡ്ജറ്റിൽ 3D യിൽ ഒരുങ്ങുന്ന സിനിമയിലെ ​ഗാനങ്ങൾക്കും മലയാളം, ഹിന്ദി ട്രെയ്‌ലറുകൾക്കും മികച്ച പ്രതികരണമാണ് ലഭിച്ചത്. ഫാന്‍റസി പിരീഡ് ഴോണറിലാണ് ചിത്രം ഒരുങ്ങുന്നത്. ഡിസംബർ 25 ന് ക്രിസ്തുമസ് റിലീസായിട്ടാണ് ബറോസ് തിയേറ്ററിലെത്തുന്നത്. ‘മൈ ഡിയര്‍ കുട്ടിച്ചാത്തന്‍’ സംവിധാനം ചെയ്ത ജിജോയുടെ കഥയെ ആസ്പദമാക്കി മോഹന്‍ലാല്‍ ഒരുക്കുന്ന ചിത്രമാണ് ബറോസ്. മോഹന്‍ലാല്‍ തന്നെയാണ് സിനിമയിലെ പ്രധാന കഥാപാത്രമായ ബറോസിനെ അവതരിപ്പിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിന്‍റെ അഡ്വാന്‍സ് ബുക്കിങിനെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിട്ടിരിക്കുകയാണ് നിര്‍മാതാക്കള്‍.

നാളെ രാവിലെ 10 മണി മുതൽ സിനിമയുടെ ബുക്കിംഗ് ആരംഭിക്കുമെന്നാണ് നിർമാതാക്കളായ ആശിർവാദ് സിനിമാസ് പുറത്തുവിടുന്ന വിവരം. പ്രേക്ഷകർ വലിയ പ്രതീക്ഷകളോടെ കാത്തിരിക്കുന്ന സിനിമയായതിനാൽ അഡ്വാൻസ് ബുക്കിങ്ങിൽ തന്നെ സിനിമക്ക് വലിയ മുന്നേറ്റമുണ്ടാക്കാൻ സാധിക്കുമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ നിഗമനം. ക്രിസ്തുമസ് സമയമായതിനാൽ കുടുംബ പ്രേക്ഷകരും കുട്ടികളും തന്നെയാണ് സിനിമയുടെ ലക്ഷ്യം. നിധി കാക്കുന്ന ഒരു ഭൂതവും ഒരു കൊച്ചു കുട്ടിയും അവരുടെ അത്ഭുത ലോകവുമെല്ലാമുള്ള സിനിമ കുട്ടികൾക്കും കുടുംബങ്ങൾക്കും ഒരു ക്രിസ്തുമസ് വിരുന്നായിരിക്കുമെന്ന് പ്രതീക്ഷിക്കാം. എല്ലാത്തരം പ്രേക്ഷകര്‍ക്കും ഒരുപോലെ ആസ്വദിക്കാന്‍ കഴിയുന്ന സിനിമയായിരിക്കും ബറോസ് എന്ന് നേരത്തെ അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞിരുന്നു. 2024 ലെ ഏറ്റവും കൂടുതൽ കളക്ഷൻ നേടാൻ പോകുന്ന സിനിമകളുടെ പട്ടികയിൽ ബറോസിന് മുന്നിലെത്താൻ സാധിക്കുമോയെന്ന് കാത്തിരുന്നു കാണേണ്ടിവരും. രണ്ടു മണിക്കൂർ 34 മിനിറ്റാണ് സിനിമയുടെ ദൈർഘ്യം എന്നാണ് സൂചന.

നിലവിൽ മമ്മൂട്ടി ചിത്രമായ ടർബോയാണ് ആദ്യ ദിന കളക്ഷനിൽ ഒന്നാം സ്ഥാനത്ത്. 6.15 ആണ് ടർബോയുടെ കളക്ഷൻ. മോഹൻലാൽ ചിത്രമായ മലൈക്കോട്ടൈ വാലിബൻ രണ്ടാം സ്ഥാനത്തുണ്ട്. 5.85 ആണ് വാലിബന്റെ നേട്ടം. ഈ രണ്ടു സിനിമകളെയും ബറോസിന് മറികടക്കാനാകുമോ എന്നാണ് എല്ലാവരും പ്രതീക്ഷകളോടെ ഉറ്റുനോക്കുന്നത്. സിനിമയുടെ സെൻസറിങ് പൂർത്തിയായതായുള്ള റിപ്പോർട്ടുകളാണ് ഇപ്പോൾ വരുന്നത്. ചിത്രത്തിന് യു സർട്ടിഫിക്കറ്റ് ലഭിച്ചതായി ഒടിടി പ്ലേ റിപ്പോർട്ട് ചെയ്യുന്നു. സന്തോഷ് ശിവന്‍ ക്യാമറയും സന്തോഷ് രാമന്‍ പ്രൊഡക്ഷന്‍ ഡിസൈനും നിര്‍വഹിക്കുന്നു. സംവിധായകന്‍ ടി കെ രാജീവ് കുമാറാണ് ക്രിയേറ്റീവ് ഹെഡ്. ആന്റണി പെരുമ്പാവൂരാണ് ചിത്രത്തിന്റെ നിര്‍മാണം.