ഊമപ്പെണ്ണിന് ഉരിയാടാപയ്യന്‍ എന്ന ചിത്രത്തിലൂടെയായിരുന്നു നടൻ ജയസൂര്യയുടെ അരങ്ങേറ്റം. വിനയന്‍ സംവിധാനം ചെയ്ത ചിത്രത്തിന് മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചത്. കാവ്യ മാധവനും ജയസൂര്യയും ഊമകളായി അഭിനയിച്ച് അമ്പരപ്പിച്ച സിനിമയായിരുന്നു ഇത്. ചിത്രത്തിലെ ഗാനങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. 2002 ലെ ഏറ്റവും വലിയ പണം വാരി ചിത്രങ്ങളിലൊന്നായി മാറുകയും ചെയ്തു. ഇപ്പോഴിതാ, മിമിക്രി കലാകാരനായിരുന്ന ജയസൂര്യ ഏങ്ങനെയാണ് ഊമപ്പെണ്ണിന് ഉരിയാടാപയ്യന്‍ എന്ന ചിത്രത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതെന്ന് പറയുകയാണ് അദ്ദേഹത്തിന്റെ അടുത്ത് സുഹൃത്തും സംവിധായകനും പ്രമുഖ ഡബ്ബിങ് ആർട്ടിസ്റ്റുമായ ജിസ് ജോയ്.
മിമിക്രിയുമായി മുന്നോട്ട് പോകുന്നതിന് ഇടയിലാണ് ഞാനും ജയസൂര്യയും ചേർന്ന് എറണാകുളത്ത് നിന്നും എസിവി ചാനലില്‍ ലൈവ് പ്രോഗ്രാം തുടങ്ങുന്നത്. അന്ന് കേരളത്തില്‍ ഒരു ചാനലിലും ലൈവ് ഫോണിന്‍ പ്രോഗ്രാം ഇല്ല. അത്തരം പരിപാടിയില്‍ അവതാരകനായ കേരളത്തിലെ ആദ്യത്തെ ഒരാള്‍ ജയസൂര്യയാണ്. ഞാന്‍ അധികവും പരിപാടിയുടെ അണിയറയിലായിരുന്നു. ജയസൂര്യ ഇല്ലാത്ത എപ്പിസോഡുകളിലായിരുന്നു എനിക്ക് അവസരം.
ഞാനും ജയസൂര്യയും അന്നും പാട്ണേഴ്സാണ്. ജെ ആന്‍ ജെ മീഡിയ എന്നതായിരുന്നു ഞങ്ങളുടെ കമ്പനിയുടെ പേര്. എസിവിയിലെ പരിപാടി വളരെ മികച്ച രീതിയില്‍ മുന്നോട്ട് പോയി. ജയസൂര്യയുടെ അവതരണമായിരുന്നു വിജയ രഹസ്യം. അയല്‍പക്കത്തെ പയ്യന്‍ എന്ന രീതിയിലായിരുന്നു അവന്റെ സംസാരം. വിളിക്കുന്നവരെക്കൊണ്ട് പാട്ട് പാടിപ്പിക്കുകയും തമാശ പറയിപ്പിക്കുകയും ചെയ്യുന്നു. അവരുടെ അനുഭവങ്ങള്‍ മുതല്‍ വീട്ടില്‍ അന്ന് ഉണ്ടാക്കിയ ഭക്ഷണം എന്താണെന്ന് വരെ അവന്‍ ചോദിക്കുമായിരുന്നുവെന്നും ജിസ് ജോയി പറയുന്നു. സഫാരി ടിവിയിലെ ചരിത്രം എന്നിലൂടെ എന്ന പരിപാടിയില്‍ പങ്കെടുത്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഒന്നരവർഷം പരിപാടി നല്ല രീതിയില്‍ പോകുകയാണ്. ആളുകള്‍ ഏറ്റെടുത്തതോടെ ഉച്ചയ്ക്കും വൈകീട്ടുമായി രണ്ട് തവണ പരിപാടി വെച്ചു. ഇതിന് ഇടയിലാണ് സംവിധായകന്‍ വിനയന്‍ സാറിന്റെ മകന്‍ ജയസൂര്യയുടെ പരിപാടി ശ്രദ്ധിക്കുന്നത്. അദ്ദേഹമാണ് ജയസൂര്യയെ വിനയന്‍ സാറിന് പരിചയപ്പെടുത്തുന്നത്. ‘അച്ഛന്‍ ഒരു പുതുമുഖത്തെ അന്വേഷിക്കുന്നുണ്ടല്ലോ? ഇപ്പം ടിവി വെച്ച് നോക്കിയാല്‍ ഒരാളെ കാണാം’ എന്നായിരുന്നു അദ്ദേഹം പറഞ്ഞത്.
ഊമപ്പെണ്ണിന് ഉരിയാടാപയ്യന്‍ എന്ന ചിത്രത്തിലേക്ക് വിനയന്‍ സാറിന് ഒരു പുതുമുഖത്തെ വേണമായിരുന്നു. ജയസൂര്യയെ കണ്ടപ്പോള്‍ വിനയന്‍ സാറിന് വളരെ അധികം ഇഷ്ടമായി. ഒന്നോ രണ്ടോ ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ആലപ്പുഴയിലെ രാക്ഷരാജാവ് ലൊക്കേഷനിലേക്ക് വിളിപ്പിച്ച് എന്റെ അടുത്ത പടത്തിലെ ഹീറോ താനാണെന്ന് പറയുന്നു. അവന് എന്ത് കിട്ടിയാലും എനിക്കും കിട്ടിയത് പോലെയാണ്. അത്രയേറെ ഒരുമിച്ച് നടക്കുന്ന ആളാണ്. ആ ദിവസങ്ങളിലുണ്ടായ സന്തോഷം പറഞ്ഞറയിക്കാനാകില്ലെന്നും ജിസ് ജോയി പറയുന്നു.
വിനയന്‍ സർ കത്തി നില്‍ക്കുന്ന സമയമാണ്. അദ്ദേഹമാണ് ജയസൂര്യയെ വിളിച്ചിരിക്കുന്നത്. ഊമ കഥാപാത്രമായതിനാല്‍ തന്നെ അവരുടെ ആംഗ്യഭാഷ പഠിക്കാനായി പോയി. ആ സിനിമയ്ക്ക് വേണ്ടി അവന്‍ ഒത്തിരിയധികം പരിശ്രമിച്ചിട്ടുണ്ട്. അങ്ങനെ മുന്നോട്ട് പോകുന്നതിന് ഇടയിലാണ് കാവ്യ മാധവനാണ് ചിത്രത്തിലെ നായികയെന്ന് അറിയുന്നത്. കാവ്യയെയൊക്കെ ഒന്ന് അടുത്ത് കാണാന്‍ ഒരുപാട് ആഗ്രഹിച്ചിരുന്നവരായിരുന്നു ഞങ്ങള്‍.
ഞങ്ങള്‍ ആംഗ്യഭാഷ പഠിക്കാന്‍ പോകുന്നുണ്ടെന്ന് അറിഞ്ഞപ്പോള്‍ കാവ്യയും കൂടെ വരാമെന്നായിരുന്നു. അങ്ങനെയാണ് ഞാനും ജയസൂര്യയും ആദ്യമായി കാവ്യ മാധവന്റെ വീട്ടിലേക്ക് ചെല്ലുന്നത്. ഒരു താരത്തിന്റെ വീടാണെന്നോ നിങ്ങള്‍ പുതിയ ആള്‍ക്കാരാണെന്നോ, എന്ന് തുടങ്ങിയ യാതൊരു പ്രശ്നവും ആ വീട്ടില്‍ ആർക്കും ഉണ്ടായിരുന്നില്ല.
വളരെ അടുത്ത സുഹൃത്തുക്കളെപ്പോലെയായിരുന്നു കാവ്യയുടെ വീട്ടിലുണ്ടായിരുന്നവർ ഞങ്ങളോട് പെരുമാറിയത്. പിന്നീട് അത് സഹോദരങ്ങളെപ്പോലെയായി മാറി. ആ സമയത്ത് ഒരു മാഗസിന്‍ ‘കാവ്യാ മാധവന്‍ സ്പീക്കിങ്’ എന്ന ഒരു കോളം ചെയ്യുന്നുണ്ടായിരുന്നു. കുറേ ചോദ്യങ്ങള്‍ കാവ്യയോട് പ്രേക്ഷകർ ചോദിക്കും. അതിനൊക്കെ കാവ്യ മാധവന്‍ തമാശയിലുടെ മറുപടി കൊടുക്കണം.
ഒരു ദിവസം കാവ്യ മാധവന്‍ ജയസൂര്യയെ വിളിച്ച് ഒന്ന് വീട്ടിലേക്ക് വരാവോയെന്നും ഇങ്ങനെ ഒരു പരിപാടി ഞാന്‍ ഏറ്റെടുത്തിട്ടുണ്ടെന്നും പറഞ്ഞു. അങ്ങനെ ജയന്‍ എന്നേയും വിളിച്ച് കാവ്യാ മാധവന്റെ വീട്ടിലേക്ക് പോകും. അന്ന് തുടങ്ങി ഒത്തിരി നാള്‍ ‘കാവ്യാ മാധവന്‍ സ്പീക്കിങ്’ എന്ന പരിപാടിയില്‍ മറുപടി കൊടുത്തിരുന്ന ആള്‍ ഞാനും ജയസൂര്യയുമായിരുന്നുവെന്നും ജിസ് ജോയി കൂട്ടിച്ചേർക്കുന്നു.
“ജയസൂര്യയെയല്ല ദിലീപിനെയായിരുന്നു ചിത്രത്തില്‍ നായകനായി നിശ്ചയിച്ചിരുന്നത്. എന്നാല്‍ തന്റെ തിരക്ക് കാരണം അദ്ദേഹം ഈ സിനിമയില്‍ നിന്നും പിന്‍വാങ്ങുകയായിരുന്നു. ദിലീപിനെ നായകനാക്കി എട്ടോളം ചിത്രങ്ങള്‍ ചെയ്തുവരുന്നതിനിടയിലായിരുന്നു ഈ സിനിമയെക്കുറിച്ച് ചിന്തിക്കുന്നത്. അങ്ങനെയാണ് ദിലീപിനെ വെച്ച് ചെയ്താലോയെന്ന് ആലോചിച്ചത്. എന്നാല്‍ ദിലീപിന്റെ ഡേറ്റില്‍ ക്ലാഷ് വന്നതോടെയാണ് മറ്റൊരു താരത്തെക്കുറിച്ച് ആലോചിച്ചത്” – എന്ന് മുമ്പൊരിക്കൽ വിനയനും പ്രതികരിച്ചിട്ടുണ്ട്.
ദിലീപിന്റെ ഡേറ്റ് ലഭിക്കില്ലെന്ന് മനസ്സിലായതിന് പിന്നാലെയായാണ് മറ്റൊരു താരത്തെക്കുറിച്ച് ചിന്തിച്ചത്. അങ്ങനെയാണ് പുതുമുഖത്തെ വെച്ച് ചെയ്താലോ എന്ന് ആലോചിച്ചത്. തുടര്‍ന്ന് ജയസൂര്യയിലേക്ക് എത്തുകയായിരുന്നു. ചെറിയ വേഷങ്ങളിലൂടെ ശ്രദ്ധ നേടിയിരുന്നു ജയസൂര്യ. ചാനല്‍ പരിപാടിയിലൂടെയായിരുന്നു താരം തുടക്കം കുറിച്ചത്. അതിനിടയിലാണ് വിനയന്‍ കരിയര്‍ ബ്രേക്ക് ചിത്രം സമ്മാനിച്ചത്.
content highlight: oomapenninu uriyada payyan casting