ഈ വര്‍ഷം ഏറ്റവും കൂടുതല്‍ ആളുകള്‍ കണ്ട ചിത്രങ്ങളുടെ പട്ടിക പുറത്തുവിട്ടിരിക്കുകയാണ് ഓൺലൈൻ ടിക്കറ്റ് ബുക്കിങ് പ്ലാറ്റ് ഫോം ആയ ബുക്ക് മൈ ഷോ. ഇവരുടെ കണക്കുകൾ പ്രകാരം അല്ലു അർജുൻ നായകനായ പുഷ്പ 2 വാണ് ഈ വർഷം ഏറ്റവുമധികം പ്രേക്ഷകർ കണ്ട ഇന്ത്യൻ ചിത്രം. ഏകദേശം 10.8 ലക്ഷം സോളോ വ്യൂവേഴ്‌സാണ് സിനിമയ്ക്ക് ലഭിച്ചത് എന്ന് ബുക്ക് മൈ ഷോയുടെ റിപ്പോർട്ടിൽ പറയുന്നു. സ്ത്രീ 2, സിങ്കം എഗെയ്ൻ, ഭൂൽ ഭുലയ്യ 3 തുടങ്ങിയ ബോളിവുഡ് സിനിമകളെയും കല്‍ക്കി 2898 എഡി, മഞ്ഞുമ്മല്‍ ബോയ്‌സ്, അമരന്‍ തുടങ്ങിയ തെന്നിന്ത്യൻ സിനിമകളെയും മറികടന്നാണ് പുഷ്പ ഈ നേട്ടം കൈവരിച്ചിരിക്കുന്നത്.
റിലീസായി രണ്ട് വാരം പൂർത്തിയാകുമ്പോഴും തീയേറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുകയാണ് ചിത്രം. ഇന്ത്യൻ സിനിമയിലെ സമീപകാല കളക്ഷൻ റെക്കോർഡുകൾ എല്ലാം പഴങ്കഥയാക്കി മുന്നേറുകയാണ് പുഷ്പ 2. മ്മിശ്ര പ്രതികരണമാണ് സിനിമക്ക് ലഭിക്കുന്നതെങ്കിലും മികച്ച കളക്ഷനാണ് സിനിമക്ക് ലഭിക്കുന്നത്. റിലീസ് ചെയ്ത് പതിനാല് ദിവസങ്ങൾ കഴിയുമ്പോൾ ബോക്സ് ഓഫീസിൽ നിന്ന് 1500 കോടിയാണ് സിനിമ നേടിയിരിക്കുന്നത്. ഒരു ഇന്ത്യൻ സിനിമ ഏറ്റവും വേഗത്തിൽ ഈ കളക്ഷനിൽ എത്തുന്നു എന്ന റെക്കോർഡ് സ്വന്തമാക്കിയ ആദ്യ സിനിമ കൂടിയാണ് പുഷ്പ 2. ഇതോടെ ഏറ്റവും കൂടുതൽ കളക്ഷൻ നേടുന്ന ഇന്ത്യൻ സിനിമകളുടെ പട്ടികയിൽ മൂന്നാം സ്ഥാനത്താണ് പുഷ്പ 2. ഹിന്ദി വേർഷനിൽ നിന്ന് മാത്രം ചിത്രം 600 കോടിയാണ് നേടിയിരിക്കുന്നത്. പുഷ്പയുടെ തെലുങ്ക് പതിപ്പിനേക്കാള്‍ കൂടുതല്‍ കളക്ഷന്‍ നേടുന്നത് ഹിന്ദി പതിപ്പാണ്. 293.3 കോടിയാണ് പുഷ്പയുടെ തെലുങ്ക് വേർഷന്റെ ആകെ കളക്ഷൻ. പുഷ്പ ആദ്യഭാഗം ആഗോളതലത്തില്‍ 350 കോടിയോളം രൂപയായിരുന്നു നേടിയിരുന്നത്. ഈ തുക രണ്ട് ദിവസം കൊണ്ട് പുഷ്പ 2 മറികടന്നിരുന്നു. ആദ്യദിനത്തില്‍ മാത്രം സിനിമ ആഗോളതലത്തില്‍ 294 കോടിയായിരുന്നു നേടിയത്. ഇതും റെക്കോര്‍ഡായിരുന്നു.