നവംബര്‍ മാസത്തെ ജനപ്രിയ ഇന്ത്യൻ നായികാ താരങ്ങളുടെ പട്ടിക പുറത്തിറക്കിയിരിക്കുകയാണ് ഓര്‍മാക്സ് മീഡിയ. ജനപ്രീതിയില്‍ മുന്നിലുള്ള നായികാ താരങ്ങളില്‍ ഒന്നാമതുള്ളത് തെന്നിന്ത്യൻ താരസുന്ദരി സാമന്തയാണ്. സെപ്റ്റംബറിലും ഒന്നാം സ്ഥാനത്ത് സാമന്ത തന്നെയായിരുന്നു. മുന്‍ ഭര്‍ത്താവ് നാഗ ചൈതന്യ പുനര്‍വിവാഹിതനായതിന് പിന്നാലെ പലരും സ്നേഹവും പരിതാപവുമായി എത്തിയിരുന്നു എങ്കിലും വിമർശനങ്ങളായിരുന്നു കൂടുതലും. തന്നെ സെക്കന്‍ഡ് ഹാന്‍ഡ് എന്ന് വിളിച്ചെന്നും അത് തന്നെ ഒരുപാട് വേദനിപ്പിച്ചെന്നും ഒരു അഭിമുഖത്തിൽ സാമന്ത തന്നെ തുറന്ന് പറഞ്ഞിരുന്നു. ഇപ്പോഴും മറ്റൊരു വിവാഹത്തെക്കുറിച്ച് ചിന്തിക്കാതെ സിനിമാ പ്രോജക്‌ടുകളും പ്രൊമോഷനുകളും ഒക്കെയായി ജീവിതം മുന്നോട്ടു കൊണ്ടുപോവുകയാണ് താരം. വിമർശനങ്ങളും പരിഹാസങ്ങളും ഒരു വശത്തുണ്ടെങ്കിലും സ്നേഹിക്കുന്നവരുടെ എണ്ണം ഒട്ടും കുറവല്ല എന്ന് ഒരിക്കൽ കൂടി ഓര്‍മാക്സ് മീഡിയ റിപ്പോർട്ടിലൂടെ തെളിയിച്ചിരിക്കുകയാണ് സാമന്ത.
ഓര്‍മാക്സ് മീഡിയ പട്ടികയിൽ രണ്ടാം സ്ഥാനത്തുള്ള ജനപ്രിയ ഇന്ത്യൻ നായികാ താരം ആലിയ ഭട്ട് ആണ്. ആലിയ ഭട്ടായിരുന്നു ഇന്ത്യൻ നായികാ താരങ്ങളില്‍ നേരത്തെ ഒന്നാമത് ഉണ്ടായിരുന്നത്. എന്നാല്‍ സമീപകാലത്ത് തെന്നിന്ത്യയില്‍ നിന്നുള്ള താരങ്ങള്‍ വലിയ മുന്നേറ്റം നടത്തുകയാണെന്നാണ് റിപ്പോര്‍ട്ടുകൾ വ്യക്തമാക്കുന്നത്. ആലിയ ഭട്ടിന്റേതായി ബോളിവുഡ് ചിത്രമായി ഒടുവില്‍ എത്തിയത് ജിഗ്രയാണ്. വിജയം നേടാൻ ചിത്രത്തിന് ആയില്ലെന്നാണ് കളക്ഷൻ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
ലിസ്റ്റിൽ മൂന്നാമതുള്ള താരം ലേഡി സൂപ്പർ സ്റ്റാർ നയൻതാരയാണ്. വിവാഹ ഡോക്യുമെന്ററി പുറത്തിറങ്ങിയതിന് പിന്നാലെ നടൻ ധനുഷുമായി ഉണ്ടായ തർക്കങ്ങളും വിഷയം കോടതി വരെ എത്തി നിൽക്കുന്ന സാഹചര്യത്തിലും നയൻതാര വിവാദങ്ങളിൽ നിറഞ്ഞു നിന്നിരുന്നു. കുടുംബ ജീവിതത്തിൽ പൂർണ സംതൃപ്തയായി മുന്നോട്ട് പോകുന്ന താരം, ഭർത്താവ് വിഘ്നേഷ് ശിവന്റെയും കുഞ്ഞുങ്ങളായ ഉയിർ, ഉലകം എന്നിവരുടെയും ഒപ്പുമുള്ള സന്തോഷ മുഹൂർത്തങ്ങളും വിശേഷങ്ങളും ആരാധകരുമായി ഇടക്കിടെ പങ്കുവെക്കാറുണ്ട്. സോഷ്യൽമീഡിയയിൽ സജീവ സാന്നിധ്യമാണ് നയൻതാര.
ഓര്‍മാക്സ് മീഡിയ പട്ടികയിൽ നാലാമതുള്ള താരത്തെ നോക്കുമ്പോൾ മലയാളികൾക്ക് സന്തോഷത്തിനുള്ള വകയുണ്ട്. ജനപ്രീതിയുടെ കാര്യത്തിൽ നാലാമതായി നിൽക്കുന്നത് സായ് പല്ലവിയാണ്. പ്രേമം എന്ന ഒറ്റ സിനിമയോടെ തന്നെ പ്രേക്ഷകരുടെ ഇഷ്ട ലിസ്റ്റിൽ ഇടം നേടിയ താരമാണ് സായ് പല്ലവി. ‘അമരൻ’ ആണ് സായ് പല്ലവിയുടേതായി അവസാനമായി ഹിറ്റടിച്ച ചിത്രം.
പട്ടികയിൽ നയൻതാരയ്‍ക്കും സായ് പല്ലവിക്കും പിന്നിലായാണ് ദീപിക പദുക്കോണ്‍ ഉള്ളതെന്നത് അട്ടിമറിയാണ്. ആറാം സ്ഥാനത്ത് തെന്നിന്ത്യയില്‍ നിന്നുള്ള താരം തൃഷയും ഏഴാമത് കാജല്‍ അഗര്‍വാളും ആണ്. തൊട്ടുപിന്നില്‍ രശ്‍മിക മന്ദാനയാണ്. ഒമ്പതാമത് ശ്രദ്ധാ കപൂറാണ് ഉള്ളത്. സ്‍ത്രീ 2 സിനിമയുടെ വിജയമാണ് ബോളിവുഡ് താരത്തിന് സഹായകരമായത്. എന്തായാലും ബോളിവുഡ് നായികമാരെ തെന്നിന്ത്യൻ താരങ്ങള്‍ പിന്നിലാക്കിയിട്ടുണ്ട്. വൻ വിജയമാണ് തെന്നിന്ത്യയില്‍ നിന്നുള്ള ചിത്രങ്ങള്‍ രാജ്യത്ത് നേടുന്നതെന്നും പ്രധാനമാണ്. പത്താമത് കത്രീ കൈഫാണ് ഇടം നേടിയിരിക്കുന്നത്.