Celebrities

ക്ഷമ നശിച്ച് ജനം, നടന്‍ അല്ലു അര്‍ജുന്റെ വീടിന് നേരെ ആക്രമണം

നടന്‍ അല്ലു അര്‍ജുന്റെ വീടിനു നേരെ ആക്രമണം. ഹൈദരാബാദിലെ ജൂബിലി ഹില്‍സിലെ വീട്ടിലേക്കാണ് അജ്ഞാതസംഘം അതിക്രമിച്ചു കയറി ആക്രമണം നടത്തിയത്. അതിക്രമിച്ചു കയറിയ ആളുകള്‍ കല്ലെറിയുകയും പൂച്ചെട്ടികള്‍ തകര്‍ക്കുകയും ചെയ്തു. പുഷ്പ –2 സിനിമയുടെ പ്രീമിയര്‍ ഷോക്കിടെ ഹൈദരാബാദ് സന്ധ്യ തിയേറ്ററില്‍ തിക്കിലും തിരക്കിലും പെട്ട് മരിച്ച രേവതിയുടെ കുടുംബത്തിന് നീതി ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. മതില്‍ ചാടിക്കടന്ന അക്രമികള്‍ മുറ്റത്തെ ചെടിച്ചെട്ടികള്‍ എറിഞ്ഞ് തകര്‍ക്കുകയായിരുന്നു. മതിലിനു മുകളില്‍ നിന്ന് ചീഞ്ഞ തക്കാളികളും കല്ലുകളും വീടിനുനേരെ വലിച്ചെറിഞ്ഞു.

അല്ലു അർജുൻ കേസില്‍ അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയതിനു ശേഷം വീടിന് പോലീസ് കനത്ത സൂരക്ഷ ഏര്‍പ്പെടുത്തിയിരുന്നു. എന്നാൽ അതിനെയും മറികടന്നാണ് ആക്രമണമുണ്ടായത്. ജോയിന്റ് ആക്ഷന്‍ കമ്മിറ്റി ഓഫ് ഓസ്മാനിയ യൂണിവേഴ്സിറ്റി സ്റ്റുഡന്റ്സ് എന്ന സംഘടനായാണ് ആക്രമണം നടത്തിയതെന്നാണ് പുറത്തുവരുന്ന വിവരം. സംഭവത്തില്‍ എട്ട് പേരെ പോലീസ് പിടികൂടി.

ഇന്നലെ വൈകിട്ട് അല്ലു അർജുൻ വീടിന് മുന്നില്‍ വെച്ച് മാധ്യമ പ്രവർത്തകരോട് സംസാരിച്ചിരുന്നു. യുവതി മരിച്ച സംഭവത്തില്‍ അറസ്റ്റിലായതും തുടര്‍ന്ന് നടന്ന സംഭവങ്ങളുമടക്കമുള്ള വിഷയങ്ങളില്‍ നടന്‍ തന്‍റെ നിലപാട് വ്യക്തമാക്കിയിരുന്നു. അതിന് ഏതാനും മണിക്കൂറുകൾക്ക് ശേഷമാണ് ഈ പ്രതിഷേധ പ്രകടനവും കയ്യേറ്റവും നടന്നിരിക്കുന്നത്.

ഡിസംബർ നാലാം തീയതി പുഷ്പ 2 സിനിമയുടെ പ്രദർശനത്തിനിടെ ഹൈദരാബാദിലെ സന്ധ്യ തിയേറ്ററിലുണ്ടായ തിക്കിലും തിരക്കിലുമാണ് രേവതി എന്ന യുവതി മരിച്ചത്. അന്നത്തെ പ്രദർശനത്തിനിടെ അല്ലു അർജുനും തിയേറ്ററിലെത്തിയിരുന്നു. ഇതേത്തുടർന്നാണ് വലിയ തിക്കും തിരക്കുമുണ്ടായത്. യുവതിയുടെ മകന് ​ഗുരുതരമായി പരിക്കേറ്റു. കുട്ടിയിപ്പോൾ കോമയിൽ ചികിത്സയിലാണ്.

തിയേറ്ററിലെ തിക്കിലും തിരക്കിലും യുവതി മരിച്ച സംഭവത്തിൽ അല്ലു അർജുനെതിരേ ദിവസങ്ങൾക്ക് മുമ്പാണ് പോലീസ് കേസെടുത്തത്. സംഭവം നടന്ന സന്ധ്യ തിയേറ്ററിലെ ജീവനക്കാരും കേസിലെ പ്രതികളാണ്. ഇതിൽ രണ്ട് ജീവനക്കാരെ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തു. ഇതിനുപിന്നാലെ അല്ലു അർജുനെ അറസ്റ്റ് ചെയ്തു. കീഴ്ക്കോടതി ജാമ്യം നിഷേധിച്ചതോടെ ഒരു രാത്രി ജയിലിൽ കഴിയേണ്ടിവന്ന അല്ലു അർജുൻ ഇടക്കാല ജാമ്യത്തിൽ പുറത്തിറങ്ങി. പോലീസ് അനുമതി നിഷേധിച്ചിട്ടും പ്രീമിയർ ഷോയിൽ അല്ലു അർജുൻ പങ്കെടുക്കുകയായിരുന്നുവെന്നാണ് തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി ആരോപിച്ചത്. തിയേറ്ററിലേക്ക് വന്നപ്പോഴും പുറത്തേക്ക് പോയപ്പോഴും തന്റെ കാറിന്റെ സൺറൂഫിലൂടെ അല്ലു അർജുൻ ആരാധകരെ അഭിവാദ്യം ചെയ്തിരുന്നുവെന്നും താരത്തെ ഒരു നോക്കുകാണാനായി ആരാധകർ തിക്കും തിരക്കും കൂട്ടിയതോടെ അപകടം സംഭവിക്കുകയായിരുന്നുവെന്നും രേവന്ത് റെഡ്ഡി പറഞ്ഞു. യുവതിയുടെ മരണശേഷവും തിയേറ്റർ വിടാതിരുന്ന അല്ലു അർജുനെ പോലീസ് നിർബന്ധിപ്പിച്ചാണ് പുറത്തിറക്കിയതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.