പുഷ്പ 2 സിനിമ തിയേറ്ററുകളിൽ സൂപ്പർ ഹിറ്റായി മുന്നേറുകയാണ്. തിയേറ്ററിൽ റിലീസ് ചെയ്ത് 15 ദിവസം പിന്നിടുമ്പോൾ ഇന്ത്യയിലെ ഏറ്റവും വലിയ മൂന്നാമത്തെ ബോക്സോഫീസ് വിജയം നേടുന്ന ചിത്രമായി മാറി. സിനിമയിലെ ഗാനങ്ങളും വലിയ ജനപ്രീതി നേടിയിരുന്നു. ഇപ്പോൾ ഒരു അഭിമുഖത്തിൽ സിനിമയിലെ പീലിങ്സ് ഗാനത്തെക്കുറിച്ച് പറയുകയാണ് രശ്മിക മന്ദാന. ഇറങ്ങിയ സമയത്ത് തന്നെ കൊറിയോഗ്രാഫി സംബന്ധിച്ച് ചില വിമർശനങ്ങൾ സമൂഹ മാധ്യമങ്ങളിൽ ഉയർന്ന ഗാനമാണ് പീലിങ്സ്. അതുമായി ബന്ധപ്പെട്ട് തന്നെയാണ് രശ്മികയുടെ മറുപടി.
സിനിമയുടെ റിലീസിന് ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് പീലിങ്‌സ് ഷൂട്ട് ചെയ്തത്. അഞ്ച് ദിവസങ്ങൾ കൊണ്ട് അത് ചിത്രീകരിച്ചു. ഗാനത്തിന്റെ റിഹേഴ്‌സൽ കണ്ടപ്പോൾ താൻ ഞെട്ടിപ്പോയി എന്നാണ് താരം പറയുന്നത്. കൂടുതൽ സമയവും താൻ അല്ലു അർജുന് മേലെയാണ് ഡാൻസ് ചെയ്യുന്നത് എന്ന് രശ്‌മിക ഗലാട്ട പ്ലസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. പൊതുവെ എടുത്തുപൊക്കുന്നതിൽ താൻ ഒട്ടും കംഫോർട്ടബിളല്ല. എന്നാൽ ഈ ഗാനത്തിൽ എപ്പോഴും എന്നെ എടുത്ത് ഉയർത്തുകയാണ്. ഇത് എങ്ങനെ ചെയ്യും എന്ന സംശയമുണ്ടായിരുന്നു. എന്നാൽ സംവിധായകനെയും സഹതാരത്തെയും വിശ്വസിക്കാമെന്ന് തീരുമാനിച്ചു എന്നും നടി പറഞ്ഞു.
ഇപ്പോഴും സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ആണ് പീലിങ്സ് ഗാനം. വിവിധ ഭാഷകളിലായി ഇറങ്ങിയ ഗാനത്തിന്റെ ആദ്യ വരികൾ എല്ലാ ഭാഷകളിലും മലയാളത്തിലാണ്. മോഹിനിയാട്ടവും കഥകളിയും ഉൾപ്പെടുത്തി ഒരു മലയാളി ടച്ച് നൽകിയാണ് ഗാനം തുടങ്ങുന്നത്. സോഷ്യൽ മീഡിയ റീൽസുകളിൽ നിരവധി പേരാണ് ഗാനത്തിന് ചുവടുകൾ വച്ച് എത്തുന്നത്.
ഇ ഫോർ എൻറർടെയ്ൻമെൻറ്സാണ് പുഷ്പ 2 കേരളത്തിലെത്തിച്ചത്. അല്ലു അർജുനും രശ്മിക മന്ദാനയും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിൽ സുനിൽ, ഫഹദ് ഫാസിൽ, അനസൂയ ഭരദ്വാജ് തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. തെലുങ്ക്, തമിഴ്, മലയാളം, ഹിന്ദി, കന്നഡ, ബംഗാളി ഭാഷകളിലാണ് ചിത്രം പ്രദർശനത്തിനെത്തിയത്. മൈത്രി മൂവി മേക്കേഴ്‌സാണ് ചിത്രം നിർമിച്ചത്.