Entertainment

വീണ്ടും മാസ്മരിക നൃത്തച്ചുവടുകളുമായി രാംചരൺ; ഗെയിം ചേഞ്ചറിലെ ​ഗാനം പുറത്ത്

രാം ചരണിനെ നായകനാക്കി ശങ്കർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ഗെയിം ചേഞ്ചർ. പൊളിറ്റിക്കൽ ആക്ഷൻ ചിത്രമാണ് ഗെയിം ചേഞ്ചർ ഒരുക്കിയിരിക്കുന്നത്. 400 കോടി ബഡ്ജറ്റിൽ ഒരുക്കിയ സിനിമക്ക് മേൽ വലിയ പ്രതീക്ഷകളാണ് ഉള്ളത്. ഇപ്പോൾ ചിത്രത്തിലെ പുതിയ ​ഗാനം പുറത്തിറങ്ങിയിരിക്കുകയാണ്. ‘ധോപ്’ എന്ന് ആരംഭിക്കുന്ന ഗാനം സ്ഥിരം ഷങ്കർ സ്റ്റൈലിൽ വമ്പൻ സെറ്റുകളിലും ബഡ്ജറ്റിലുമാണ് ഒരുക്കിയിരിക്കുന്നത്. തമൻ എസ് സം​ഗീതം ഒരുക്കിയ ​ഗാനത്തിന് വരികൾ എഴുതിയിരിക്കുന്നത് സരസ്വതി പുത്ര രാമജോഗയ്യ ശാസ്ത്രിയാണ്. തമൻ എസ്, രോഷിണി ജെകെവി, പൃഥ്വി, ശ്രുതി രഞ്ജനി മൊതുമുടി എന്നിവർ ചേർന്നാണ് ആലാപനം. കിയാര അദ്വാനിയുടെയും രാം ചരണിന്റെയും മനോഹരമായ നൃത്തവും ലിറിക് വീഡിയോയിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. അസാമാന്യ മെയ്‌വഴക്കത്തോടെ ആടിത്തിമിർക്കുന്ന രാംചരണിനെയാണ് ഗാനത്തിൽ കാണാൻ കഴിയുക.

നേരത്തെ ചിത്രത്തിലെ രണ്ട് ഗാനങ്ങള്‍ പുറത്തിറങ്ങിയിരുന്നു. ഈ ഗാനങ്ങള്‍ ശ്രദ്ധ നേടിയിരുന്നു. എസ് തമന്‍ ആണ് ചിത്രത്തിന്‍റെ സംഗീതം. മുൻപ് പുറത്തുവന്ന ‘നാനാ ഹൈറാനാ’ എന്ന് തുടങ്ങുന്ന റൊമാന്റിക് ഗാനത്തിന് വലിയ ട്രോളുകളാണ് ലഭിച്ചത്. ലിറിക് വീഡിയോയിലെ ചിത്രങ്ങളെ ചൂണ്ടിക്കാണിച്ചാണ് സമൂഹ മാധ്യമങ്ങളിൽ ട്രോളുകൾ ഉയർന്നത്. നായകന്റെയും നായികയുടെയും ചിത്രങ്ങൾ ഫോട്ടോഷോപ്പ് ചെയ്തത് പോലെയാണ് വീഡിയോയിൽ ഉപയോഗിച്ചിരിക്കുന്നതെന്നായിരുന്നു ആക്ഷേപം. 400 കോടി ബഡ്ജറ്റിൽ ഒരുങ്ങുന്ന സിനിമക്ക് നല്ല രീതിയിൽ ഒരു ലിറിക് വീഡിയോ പോലും ചെയ്യാനാകില്ലേ എന്നാണ് പ്രേക്ഷകർ ചോദിച്ചത്. എന്നാൽ ആ ആക്ഷേപങ്ങളെല്ലാം ധോപ്പിലൂടെ മാറ്റാനാണ് ശ്രമം.

കിയാര അദ്വാനിയാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. എസ്ജെ സൂര്യ വില്ലനായി എത്തുന്നു. അഞ്ജലി, ജയറാം, സുനിൽ, ശ്രീകാന്ത്, സമുദ്രക്കനി, നാസർ തുടങ്ങിയ വലിയ താര നിര ഗെയിം ചേഞ്ചറിൽ അഭിനയിക്കുന്നുണ്ട്. മദൻ എന്ന ഐഎഎസ് ഓഫീസറുടെ വേഷത്തിലാണ് രാം ചരൺ ചിത്രത്തില്‍ എത്തുന്നത് എന്നാണ് വിവരം. ഷങ്കറിന്റെ ആദ്യ തെലുങ്ക് ചിത്രമാണ്. തമിഴ് സംവിധായകന്‍ കാർത്തിക് സുബ്ബരാജാണ് ചിത്രത്തിന്‍റെ രചന നിര്‍വഹിച്ചിരിക്കുന്നത്. ചിത്രത്തിന്‍റെ ടീസര്‍ ലോഞ്ച് ലഖ്നൗവിലാണ് നടന്നത്. ചിത്രം ഈ വർഷം ക്രിസ്മസ് റിലീസായി എത്തും എന്നാണ് അടുത്തിടെ നിർമാതാവായ ദിൽ രാജു അറിയിച്ചത്. എന്നാൽ ഇത് മാറ്റുകയായിരുന്നു. ജനുവരി 10ന് സംക്രാന്തി റിലീസായിട്ടാണ് ചിത്രം തിയേറ്ററിലെത്തുക. കേരളത്തിൽ ഗെയിം ചേഞ്ചര്‍ റിലീസിനെത്തിക്കുന്നത് ഇ ഫോർ എന്റർടൈൻമെന്റ് ആണ്.