കഴുത്തിൽ ഒരു സ്വർണമാല, കയ്യിൽ ഒരു സ്വർണ്ണവില അതുമല്ലെങ്കിൽ ഒരു മോതിരം, ഇതൊക്കെ ഇന്ത്യൻ സ്ത്രീകളുടെ അടയാളങ്ങൾ തന്നെയാണ്. ലോകത്തിന്റെ മറ്റു പല ഭാഗങ്ങളിലും സ്വർണം എന്നത് നിക്ഷേപവും കരുതലും ആണെങ്കിൽ ഇന്ത്യക്കാർ അതിനോട് വൈകാരികമായ ഒരു അടുപ്പം തന്നെയുണ്ട്. സമ്പത്തിന്റെയും പാരമ്പര്യത്തിന്റെയും ഒക്കെ അടയാളം എന്നതിലുപരി എല്ലാ ആഘോഷങ്ങളിലും മുൻപന്തിയിൽ നിൽക്കുന്ന ഒന്നാണ് സ്വർണാഭരണങ്ങൾ സ്ത്രീകൾക്ക്.
നമ്മുടെ അമ്മമാരൊക്കെ കല്യാണത്തിന് പോയിക്കഴിഞ്ഞാൽ പെണ്ണിന്റെ കഴുത്തിൽ എത്ര മാലയുണ്ട്, കയ്യിൽ എത്ര വളയുണ്ട് എന്നതിന്റെയൊക്കെ കണക്കെടുത്തിട്ടെ തിരിച്ചുവരാറുള്ളൂ. ഓരോ ആളുകളുടെയും ആസ്തി അനുസരിച്ച് അല്പം സ്വർണം എങ്കിലും വിവാഹ ദിവസം അണിയണം എന്നത് വധുവും വരനും അവരുടെ കുടുംബക്കാരും എല്ലാം ആഗ്രഹിക്കുന്ന ഒന്നാണ്. ഇപ്പോൾ ചെറിയ ചെറിയ മാറ്റങ്ങൾ വരുന്നുണ്ടെങ്കിലും വലിയൊരു വിഭാഗം ഇപ്പോഴും സ്വർണ്ണം തന്നെയാണ് വിവാഹ ആഘോഷങ്ങളിൽ അണിയാറുള്ളത്.
കയ്യിലുള്ള മറ്റെന്ത് നഷ്ടപ്പെട്ടാലും സ്വർണ്ണം കാത്തുസൂക്ഷിക്കുന്നവരാണ് ഇന്ത്യയിലെ സ്ത്രീകൾ. അതുകൊണ്ടുതന്നെ ലോകത്തിലെ ആകെയുള്ള സ്വർണത്തിന്റെ 11% ഇന്ത്യൻ സ്ത്രീകളുടെ പക്കൽ ഉണ്ടെന്നാണ് ഏറ്റവും ഒടുവിൽ നടന്ന പഠനത്തിൽ കണ്ടെത്തിയിരിക്കുന്നത്. ഓക്സ്ഫഡ് ഗോൾഡ് ഗ്രൂപ്പാണ് ഇത് സംബന്ധിച്ച് പഠനം നടത്തിയത്.
തലമുറകൾ കൈമാറി വന്ന സ്വർണം, അതായത് പഴയ സ്വർണങ്ങൾ അടക്കം ഇപ്പോഴും ഇന്ത്യയിലെ സ്ത്രീകളുടെ കൈകളിൽ ഉണ്ട്.. ഇതും സ്വർണ്ണം സൂക്ഷിക്കുന്നതിൽ ലോകത്ത് ഒന്നാം സ്ഥാനം അവർക്ക് നേടിക്കൊടുക്കുന്നു. ഏകദേശം 24000 ടൺ സ്വർണ്ണമാണ് ഇന്ത്യൻ സ്ത്രീകൾ ആഭരണത്തിന്റെ രൂപത്തിൽ കയ്യിൽ സൂക്ഷിച്ചിരിക്കുന്നത്.
ഇനി ലോകത്തിലെ പ്രധാനപ്പെട്ട അഞ്ച് രാജ്യങ്ങളുടെ സ്വർണശേഖരം എത്രത്തോളമാണെന്ന് നോക്കാം. അമേരിക്ക 8000 ടൺ, ജർമനി 3300 ടൺ, ഇറ്റലി 2450 ടൺ, ഫ്രാൻസ് 2400 ടൺ, റഷ്യ 1900 ടൺ എന്നിങ്ങനെയുള്ള കണക്കുകളിലാണ് സ്വർണം ശേഖരിച്ചിരിക്കുന്നത്. അതായത് ഇന്ത്യൻ സ്ത്രീകളുടെ പക്കലുള്ള സ്വർണത്തിന്റെ കണക്ക് ഈ അഞ്ചു രാജ്യങ്ങളുടെ മൊത്തം സ്വർണശേഖരത്തേക്കാൾ മുകളിൽ നിൽക്കുന്നു എന്ന് ചുരുക്കം.
രാജ്യത്തിന്റെ ജിഡിപിയുടെ 40 ശതമാനം ഉൾക്കൊള്ളുന്ന ഈ സ്വർണശേഖരം സമ്പദ് വ്യവസ്ഥയെ കാര്യമായ രീതിയിൽ പിന്തുണയ്ക്കുകയും ചെയ്യുന്നുണ്ട്. ഇന്ത്യയ്ക്കുള്ളിലെ കാര്യമെടുത്താൽ ദക്ഷിണേന്ത്യയിലെ സ്ത്രീകളാണ് സ്വർണത്തിന്റെ ഉടമസ്ഥരിൽ ഏറിയ പങ്കും. ഇന്ത്യയുടെ ശേഖരത്തിലുള്ള ആകെ സ്വർണത്തിന്റെ 40 ശതമാനവും ദക്ഷിണേന്ത്യൻ സ്ത്രീകളുടെ കയ്യിലാണ്. ഇതിലാകട്ടെ 28 ശതമാനവും തമിഴ്നാട്ടിലെ സ്ത്രീകളാണ് സൂക്ഷിക്കുന്നത്.
ഇന്ത്യയിലെ ആദായ നികുതി നയങ്ങൾ അനുസരിച്ച് വിവാഹിതരായ സ്ത്രീകൾക്ക് 500 ഗ്രാം വരെ സ്വർണം കൈവശം വയ്ക്കാൻ അനുവാദമുണ്ട്. അവിവാഹിതരായ സ്ത്രീകൾക്കാകട്ടെ 250 ഗ്രാം സ്വർണം കൈവശം വയ്ക്കാം. എന്നാൽ പുരുഷനൻമാർക്കു 100 ഗ്രാം സ്വർണം മാത്രമേ ഉടമസ്ഥതയിൽ സൂക്ഷിക്കാൻ അനുവാദമുള്ളു. സമ്പത്തിന്റെ പ്രതീകം എന്നതിലുപരി സ്ത്രീകളുടെ ഭാവി സുരക്ഷിതമാക്കാനുള്ള ഉപാധി എന്ന നിലയിൽ സ്വർണത്തെ ഇന്ത്യൻ സംസ്കാരം നോക്കിക്കാണുന്നതിന്റെ ഉദാഹരണമാണിത്.
CONTENT HIGHLIGHT: gold and indian women