Celebrities

‘ചിലയിടത്ത് ഇമോഷണലായി സംസാരിച്ചു, അത് ദിയയുടെ സ്വഭാവ രീതി ‘: വിവാദത്തിൽ പ്രതികരിച്ച് കൃഷ്ണകുമാർ | krishna-kumar

കൃഷ്ണകുമാറിന്റെ രണ്ടാമത്തെ മകളാണ് ദിയ കൃഷ്ണ

നടനും ബിജെപി പ്രവർത്തകനുമായ കൃഷ്ണകുമാർ എല്ലാവർക്കും സുപരിചിതനാണ്. കൃഷ്ണകുമാർ മാത്രമല്ല അദ്ദേഹത്തിൻറെ കുടുംബവും വളരെ സുപരിചിതരാണ്. കുടുംബത്തിലെ എല്ലാവർക്കും യൂട്യൂബ് ചാനൽ ഉണ്ടെന്നതാണ് ഒരു പ്രത്യേകത. എല്ലാവരും സോഷ്യൽ മീഡിയയിൽ വളരെ ആക്ടീവ് ആണ്. കൊറോണ കാലത്താണ് കുടുംബം ഒന്നാകെ യൂട്യൂബിലേക്ക് പ്രവേശിച്ചത്. പെട്ടെന്ന് തന്നെ എല്ലാവരും റീച്ച് ആവുകയും ചെയ്തു.

കൃഷ്ണകുമാറിന്റെ രണ്ടാമത്തെ മകളാണ് ദിയ കൃഷ്ണ. ദിയയ്ക്ക് പ്രത്യേകം ഫാൻ ബേസ് തന്നെയുണ്ട്. കോളേജ് വിദ്യാഭ്യാസത്തിനു ശേഷം ദിയ ഇപ്പോൾ തിരുവനന്തപുരത്ത് ഓൺലൈൻ ഫാൻസി ആഭരണങ്ങളുടെ വിൽപ്പന നടത്തുകയാണ്. ‘Oh by ozy’ എന്നാണ് സംരംഭത്തിന്റെ പേര്. ഇതിനുപുറമേ യൂട്യൂബ് ചാനലിൽ നിന്നും താര പുത്രി വരുമാനമുണ്ടാക്കുന്നുണ്ട്. നാലു മക്കളിൽ വേറിട്ട സ്വഭാവം കാണിക്കുന്നത് ദിയ ആണെന്നും വീട്ടുകാരിൽ നിന്ന് അകന്നുനിൽക്കുകയാണെന്നും എപ്പോഴും താരത്തിന് വിമർശനം കേൾക്കേണ്ടി വരാറുണ്ട്. സെപ്റ്റംബറിൽ ദിയ വിവാഹിതയായി. അശ്വിൻ ഗണേഷാണ് വരൻ.

ഒരു മാസം മുമ്പ് തിരുവനന്തപുരത്ത് ആഡംബരമായ രീതിയിലാണ് വിവാഹം നടന്നത്. രണ്ട് വർഷത്തോളം നീണ്ട പ്രണയത്തിനുശേഷമാണ് ദിയയും അശ്വിനും വിവാ​ഹിതരായത്. അശ്വിൻ ജന്മം കൊണ്ട് തമിഴ് ബ്രാഹ്മിണനാണെങ്കിലും കുടുംബസമേതം സെറ്റിലായിരിക്കുന്നത് തിരുവനന്തപുരത്താണ്. പത്ത് ലക്ഷത്തിന് മുകളിൽ സബ്സ്ക്രൈബേഴ്സുള്ള ഒരു യുട്യൂബ് ചാനലും ദിയയ്​ക്കുണ്ട്.

സംരംഭക കൂടിയായ ദിയ സ്വന്തം യുട്യൂബ് ചാനലിൽ പങ്കുവെക്കുന്ന വീഡിയോകളെല്ലാം വൈറലാകാറുണ്ട്. വിവാഹശേഷം കുടുംബസമേതം ബാലിയിലേക്ക് ഹണിമൂൺ പോയ വിശേഷങ്ങൾ വ്ലോ​ഗായി ദിയ പങ്കിട്ടപ്പോൾ ശ്രദ്ധിക്കപ്പെട്ടിരുന്നു. കല്യാണത്തിനുശേഷം വീടിന് സമീപത്ത് തന്നെയുള്ള ഫ്ലാറ്റിലേക്ക് ദിയ ഭർത്താവിനൊപ്പം താമസം ആരംഭിച്ചു. ദിയയ്ക്ക് ഭർത്താവ് മാത്രമല്ല സുഹൃത്ത് കൂടിയാണ് അശ്വിൻ. അതുകൊണ്ട് തന്നെ ഏറ്റവും കൂടുതൽ സമയം അശ്വിനൊപ്പം ചിലവഴിക്കാനാണ് ദിയയ്ക്കും ഇഷ്ടം.

അടുത്തിടെയാണ് ഇൻഫ്ലുവൻസർ ദിയ കൃഷ്ണയുടെ ബിസിനസ് വിവാദത്തിലായത്. ആഭരണങ്ങൾ വാങ്ങിയവരുടെ പരാതി ദിയ കേൾക്കുന്നില്ലെന്ന ആരോപണം വലിയ ചർച്ചയായി. വിമർശനം കടുത്തതോടെ ദിയ പ്രതികരിച്ചു. കാര്യങ്ങൾ വിശദീകരിക്കവെ ഇൻഫ്ലുവൻസർ കരയുകയും ചെയ്തു. കുറച്ച് നാളുകൾക്ക് ശേഷം ഈ വിവാ​​​ദം കെട്ടടങ്ങി. ഇപ്പോഴിതാ അന്നത്തെ പ്രശ്നത്തെക്കുറിച്ച് സംസാരിക്കുകയാണ് ദിയയുടെ പിതാവ് നടനും രാഷ്ട്രീയ പ്രവർത്തകനുമായ കൃഷ്ണ കുമാർ.

വിവാ​ദത്തിനിടെ താൻ ഇടപെടാതിരുന്നതിന് കാരണമുണ്ടെന്ന് കൃഷ്ണ കുമാർ ദിയയുടെ യൂട്യൂബ് ചാനലിൽ പറഞ്ഞു. ഏത് കച്ചവടം ന‌ട‌ത്തുമ്പോഴും പ്രശ്നങ്ങൾ ധാരാളം വരും. നമ്മൾ ബിസിനസ് പാരമ്പര്യമുള്ള കുടുംബത്തിൽ നിന്നല്ല. ഈയ‌ടുത്ത കാലത്ത് നിന്റെയൊരു പ്രശ്നം ഞാൻ കണ്ടു. അത് വളർച്ചയുടെ ഭാ​ഗമായി കാണുക. ചിലയിടത്ത് ഇമോഷണലായി നീ സംസാരിച്ചു. നിന്റെ പ്രായത്തിൽ നിന്റെ സ്വഭാവ രീതി വെച്ച് അങ്ങനെ പ്രതികരിക്കാൻ തോന്നി. അതിലും തെറ്റില്ല.

പലപ്പോഴും അമ്മയും പറഞ്ഞിട്ടും ഈ പ്രശ്നത്തിൽ ഞാൻ ഇടപെടാതിരുന്നത് നിങ്ങൾ തന്നെ ആ പ്രശ്നത്തെ അഭിമുഖീകരിച്ച് പരിഹാരം കണ്ടെത്താനാണ്. എന്തും കടന്ന് പോകും. അവരോട് പോലും മനസിനകത്ത് ശത്രുത വേണ്ട. പലതും ഒരു വളർച്ചയുണ്ടാകുമ്പോൾ അതിന്റെ ഭാ​ഗമായി സംഭവിക്കുന്നതാണ്. അതിനെ ആ രീതിയിൽ കണ്ടാൽ മതി. കൊടുങ്കാറ്റിനകത്ത് കൂടെ കടന്ന് പോയാൽ ചെറിയ ചെറിയ കാറ്റുകൾ ഏൽക്കില്ല. ഈ നടന്നതെല്ലാം നല്ലതിനാണെന്ന് വിചാരിക്കുക.

ഒരിക്കലും ഒരാളോടും ദേഷ്യവും വൈരാ​ഗ്യവും വേണ്ട. നമ്മുടെ വളർച്ചയിലേക്ക് ശ്രദ്ധ നൽകുക. ഉത്സവത്തിന് പോകുന്ന ആനയായി നമ്മൾ നമ്മളെ സ്വയം വിചാരിക്കുക. ആന വിരിഞ്ഞ് നടന്ന് പോകും. സൈഡിൽ നിന്ന് പട്ടികൾ കുരയ്ക്കും. പക്ഷെ ആരും ശ്രദ്ധിക്കില്ല. ആന ശ്രദ്ധിക്കാതെ നടന്ന് പോകും. ആനയുടെ ഉന്നം ഉത്സവത്തിനെത്തി ഉത്സവം മേളമാക്കുക എന്നതാണെന്നും കൃഷ്ണ കുമാർ പറഞ്ഞു.

കസ്റ്റമേർസിന്റെ പരാതികളെക്കുറിച്ച് ദിയ കൃഷ്ണയും സംസാരിച്ചു. ശരിക്കും പ്രശ്നമുള്ള കസ്റ്റമേർസിനോട് അശ്വിൻ സംസാരിച്ചു. യഥാർത്ഥ പ്രശ്നം പറഞ്ഞവർ ഇതിനിടയിൽ ഉണ്ടായിരുന്നു. പരിഹരിക്കാൻ പറ്റുന്ന പ്രശ്നങ്ങൾ ഓരോന്നായി പരിഹരിച്ചു. അങ്ങനെയാണ് ഈ പ്രശ്നം പെട്ടെന്ന് ഡൗൺ ആയത്. കുറേ പേരുടെ പരാതി തീർത്ത് കൊടുത്തു. അതായിരുന്നു ചെയ്യേണ്ടത്. വെറുതെ പറയുന്നവരെ സഹായിക്കാൻ പറ്റില്ലായിരുന്നെന്നും ദിയ കൃഷ്ണ പറഞ്ഞു.

content highlight: krishna-kumar-give-valuable-advice-to-diya