Entertainment

കാത്തിരിപ്പിന് അവസാനം, ‘ഒറ്റക്കൊമ്പൻ’ ചിത്രീകരണം തുടങ്ങുന്നു ; സുരേഷ് ​ഗോപിയുടെ നായിക തെന്നിന്ത്യൻ സൂപ്പർ താരം

സുരേഷ് ​ഗോപി നായകനായി എത്തുന്ന ‘ഒറ്റക്കൊമ്പൻ’ സിനിമ പ്രഖ്യാപിച്ചിട്ട് നാളുകൾ ഏറെയായി. എന്നാൽ പൃഥ്വിരാജ് ചിത്രമായ കടുവയുമായി സാമ്യമുണ്ടെന്നുള്ള ആരോപണത്തെ തുടർന്നുണ്ടായ നിയമപ്രശ്നങ്ങളും മറ്റുമായി സിനിമ നീണ്ടു പോകുക ആയിരുന്നു. ഭാഷാഭേദമെന്യെ സിനിമാസ്വാദകരിൽ കാത്തിരിപ്പ് ഉയർത്തുന്ന ചില സനിമകളുണ്ട്. നായകൻ- നായിക കോമ്പോ, സംവിധായകൻ- നായകൻ കോമ്പോ ഒക്കെ ആകാം അതിന് കാരണം. പ്രത്യേകിച്ച് പ്രഖ്യാപിച്ച് കഴിഞ്ഞ സിനിമ കൂടിയാണെങ്കിൽ ആവേശം വാനോളം ആയിരിക്കും. അത്തരത്തിലൊരു സിനിമയാണ് മലയാളത്തിൽ ഒറ്റക്കൊമ്പൻ. ഈ പേര് കേൾക്കുമ്പോൾ തന്നെ മലയാള സിനിമാസ്വാ​ദകരിൽ ആവേശം ഇരട്ടിയാണ്. ആ ചോദ്യങ്ങൾക്കെല്ലാം സമാപനമാകാൻ പോകുന്നുവെന്ന വിവരമാണ് ഇപ്പോൾ പുറത്തുവരുന്നത്. ചിത്രത്തിലെ നായിക ആരാണെന്ന് അടക്കം പ്രഖ്യാപിച്ച് കഴിഞ്ഞു.

ഒറ്റക്കൊമ്പനിൽ സുരേഷ് ഗോപിയുടെ നായികയായി തെന്നിന്ത്യൻ താരം അനുഷ്ക ഷെട്ടി എത്തും. റിപ്പോർട്ടുകൾ പ്രകാരം ആറ് കോടി രൂപയാണ് ഒരു സിനിമയ്ക്ക് വേണ്ടി അനുഷ്ക വാങ്ങിക്കുന്നത്. ബാഹുബലി എന്ന ബ്രഹ്മാണ്ഡ ചിത്രത്തിന് ശേഷമാണ് താരം പ്രതിഫലം ഉയർത്തിയതെന്നും റിപ്പോർട്ടുകളുണ്ട്. അനുഷ്ക അഭിനയിക്കുന്ന രണ്ടാമത്തെ മലയാള ചിത്രമാണ് ഒറ്റക്കൊമ്പൻ.

ഡിസംബർ 26 ന് തിരുവനന്തപുരത്ത് ചിത്രീകരണം ആരംഭിക്കുന്ന ഒറ്റക്കൊമ്പൻ്റെ സംവിധായകൻ നവാഗതനായ മാത്യുസ് തോമസ് ആണ്. പാല ഇടമറ്റം കുരുവിനാക്കുന്നേൽ ജോസ് എന്ന കുറുവാച്ചൻ്റെ ജീവിത കഥയാണ് ഒറ്റ ക്കൊമ്പൻ പറയുന്നത്. തിരുവനന്തപുരത്ത് 10 ദിവസത്തെ ഷൂട്ടിങ്ങാണ് ഉള്ളത്. സെൻട്രൽ ജയിലും വെള്ളായണി കാർഷിക കോളേജും ആണ് ലൊക്കേഷൻ. ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന ഒറ്റക്കൊമ്പൻ്റെ മറ്റൊരു ലൊക്കേഷൻ ഈരാറ്റുപേട്ടയാണ്. സുരേഷ് ഗോപിയുടെ 250-ാം മത്തെ ചിത്രമായ ഒറ്റക്കൊമ്പൻ്റെ രചന നിർവഹിച്ചിരിക്കുന്നത് ഷിബിൻ ഫ്രാൻസിസ് ആണ്.